ദൽഹി: പാകിസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ലാഹോറിനെയും മറികടന്ന് ലോകത്തിലെ ഏറ്റവും വായുമലിന നഗരമായി മാറി ന്യൂദൽഹി. വിഷവസ്തുക്കളുടെ സാന്ദ്രതയെ അടിസ്ഥാനമാക്കി വായുവിന്റെ ഗുണനിലവാരം അളക്കുന്ന സ്വിസ് ഗ്രൂപ്പായ എ.ക്യൂ.ഐയുടെ (എയർ ക്വാളിറ്റി ഇൻഡക്സ്) കണക്കനുസരിച്ച് ദൽഹിയിലെ വായു നിലവാര സൂചിക 334ൽ എത്തിനിൽക്കുകയാണ്.
രണ്ട് കോടി ജനങ്ങളുള്ള നഗരത്തിൽ പുകമഞ്ഞ് മൂടിയതോടെ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലെത്തിയെന്നും കാഴ്ചയെ മറയ്ക്കുന്നുവെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. എ.ക്യൂ.ഐയുടെ കണക്കുപ്രകാരം വായുമലിനീകരണത്തിന്റെ ഗുണനിലവാര സൂചിക 50 വരെയാണെങ്കിൽ ആരോഗ്യപരമായ അപകടസാധ്യതയില്ല.
എന്നാൽ നിലവിലെ ദൽഹിയുടെ അവസ്ഥ അപകടകരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. ഐ.ഐ.ടി ദൽഹിയിലാണ് ഏറ്റവും മോശം വായു നിലവാരം രേഖപ്പെടുത്തിയിട്ടുള്ളത്. 488 ആണ് ഐ.ഐ.ടി ദൽഹിയിലെ വായുനിലവാരം. ചാന്ദ്നി ചൗക്കിൽ 479, ദൽഹി സർവകലാശാലയുടെ നോർത്ത് ക്യാമ്പസിൽ 478 ഉം ആണ് വായുനിലവാരമെന്ന് ദി ടെലിഗ്രാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ജഹാംഗീർപുരി, വസീർപൂർ, ആനന്ദ് വിഹാർ, രോഹിണി, ഐ.ജി.ഐ വിമാനത്താവളം, തിക്രി കലാൻ എന്നിവയാണ് ഗുരുതര വിഭാഗത്തിലുള്ള മറ്റ് പ്രദേശങ്ങളെന്നും ടെലിഗ്രാഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.
മലിനീകരണ തോത് കൂടുമെന്ന സാധ്യതയുടെ പശ്ചാത്തലത്തിൽ നാഷണൽ ക്യാപിറ്റൽ റീജിയണിൽ ‘ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനി’ന്റെ മൂന്നാം ഘട്ടം നടപ്പിലാക്കാൻ ‘കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ്’ നവംബർ 6ന് ഉത്തരവിറക്കിയിരുന്നു.
മൂന്നാം ഘട്ടത്തിൽ, എൻ.സി.ആറിൽ വായുമലിനീകരണത്തിന്റെ തോത് കൂടാതിരിക്കാൻ നിർമാണ പ്രവർത്തനങ്ങൾ, ഖനന പ്രവർത്തനങ്ങൾ എന്നിവയുടെ നിയന്ത്രണം, ചില വിഭാഗത്തിലുള്ള വാഹനങ്ങളുടെ നിയന്ത്രണം എന്നിവ ഉൾപ്പെടുന്നു.
content highlight: Delhi has surpassed Lahore to become the city with the worst air pollution in the world
