ടെല്‍അവീവ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗസ സമാധാന പദ്ധതി അടിയന്തരമായി നടപ്പിലാക്കണമെന്ന് ബോര്‍ഡ് ഓഫ് പീസ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഗസയിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്സിന് നേരെ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് നടപടി.
പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനും മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനും പദ്ധതി പൂര്‍ണമായി നടപ്പിലാക്കല്‍ അത്യാവശ്യമാണെന്ന് സമിതി വ്യക്തമാക്കി. പടിഞ്ഞാറന്‍ ഖാന് യൂനിസിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്സിലെ അല്‍-യാസിന് കെട്ടിടത്തിന് നേരെയാണ് ഇസ്രഈല്‍ വ്യോമാക്രമണമുണ്ടായത്.
ആക്രമണത്തില്‍ ആരോഗ്യപ്രവര്‍ത്തകരും രോഗികളും ഉള്‍പ്പെടെ ആറ് പേര് കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തീവ്രപരിചരണ വിഭാഗത്തിനും ശസ്ത്രക്രിയാ വാര്‍ഡുകള്‍ക്കും വലിയ തോതില്‍ നാശനഷ്ടം സംഭവിച്ചതായി ആശുപത്രി ഡയറക്ടര്‍ അറിയിച്ചു. ഇതൊരു ‘വധശിക്ഷാ ഓപ്പറേഷന്’ ആണെന്നാണ് ഇസ്രഈല്‍ ആര്‍മി റേഡിയോ ഇതിനെ വിശേഷിപ്പിച്ചത്.
ഹമാസിന്റെ മുതിര്‍ന്ന നേതാവിനെയും മറ്റ് സായുധരെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന് തെളിവുകളൊന്നുമില്ല.
ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ച സമിതി, സമാധാന ചട്ടക്കൂട് യാതൊരു തടസ്സവുമില്ലാതെ നടപ്പിലാക്കാന്‍ തങ്ങള്‍ക്ക് കൂടുതല്‍ അധികാരവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ആശുപത്രികള്‍ക്ക് നേരെ ഇസ്രഈല്‍ മനപൂര്‍വ്വം ആക്രമണം നടത്തുന്നുവെന്ന് ഹമാസും, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഹമാസ് ആശുപത്രികള്‍ ഉപയോഗിക്കുന്നുവെന്ന് ഇസ്രഈലും പരസ്പരം ആരോപിക്കുമ്പോള്‍ വില നല്‍കേണ്ടി വരുന്നത് ഗസയിലെ നിരപരാധികളായ ജനങ്ങളാണെന്ന് ബോര്‍ഡ് ഓഫ് പീസ് പ്രസ്താവനയില്‍ പറയുന്നു.
സാധാരണക്കാരെ സംരക്ഷിക്കുക, വെടിനിര്‍ത്തല്‍ തുടരുക, ഗാസയെ നിരായുധീകരിക്കുക തുടങ്ങിയ കരാറുകള്‍ പാലിക്കാന്‍ ഇസ്രഈലും ഹമാസും തയ്യാറാകണമെന്നും ഗസയിലെ ജനങ്ങള്‍ക്ക് സുരക്ഷിതമായി ജീവിക്കാനും, സൈനിക ഇടപെടലുകളില്ലാത്ത ആശുപത്രികളില്‍ അവശ്യ ചികിത്സ ലഭ്യമാക്കാനും പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ടെ ഇത് തടസങ്ങളില്ലാതെ നടപ്പാക്കാന്‍ എല്ലാ വിഭാഗങ്ങളും സഹകരിക്കണമെന്നും ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.
ആക്രമണത്തില്‍ ഐക്യരാഷ്ട്രസഭ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. തുടരുന്ന ആക്രമണങ്ങള്‍ മേഖലയിലെ വെടിനിര്‍ത്തല്‍ കരാറിനെ അപകടത്തിലാക്കുന്നുവെന്നും, ശൈത്യകാലം അടുക്കുന്ന സാഹചര്യത്തില്‍ ഗസയിലേക്ക് ആവശ്യമായ മാനുഷിക സഹായങ്ങള്‍ തടസമില്ലാതെ എത്തിക്കാന്‍ അനുവദിക്കണമെന്നും യു.എന്‍ പ്രത്യേക കോര്‍ഡിനേറ്റര്‍ റമീസ് അലക്ബറോവ് ആവശ്യപ്പെട്ടു.
Content Highlight: Hospital Attack in Gaza: Innocents Pay the Price; Board of Peace Calls for Immediate Implementation of a Peace Plan
