ടെല്‍അവീവ്: ഇറാനെതിരായ പുതിയ സൈനിക നീക്കത്തിന് തയാറെടുക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രഈലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കെ, ഇറാനെതിരെ അടിയന്തരമല്ലാത്ത സൈനിക നടപടികള്‍ക്ക് മുതിരരുതെന്ന് യാഷര്‍ പാര്‍ട്ടി നേതാവ് ഗാഡി ഐസന്‍കോട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നീക്കം.

ഇസ്രഈല്‍ സുരക്ഷാ മന്ത്രിസഭാ യോഗത്തിലാണ് സൈന്യത്തിന് നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇവ യുദ്ധത്തിന് കാരണമായേക്കാവുന്ന സൈനിക നടപടികളിലേക്ക് നയിക്കാമെന്ന് ഇസ്രഈല്‍ പൊതുമാധ്യമമായ കെ.എ.എന്‍ റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ്, ഒക്ടോബര്‍ അഞ്ചിനായിരുന്നു സുരക്ഷാ മന്ത്രിസഭയുടെ അവസാന യോഗം.

ഇറാനെതിരെ വീണ്ടുമൊരു ആക്രമണത്തിന് തയ്യാറെടുക്കാന്‍ നെതന്യാഹുവിന്റെ സുരക്ഷാ മന്ത്രിസഭ സൈന്യത്തിന് നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ പരസ്യ ഏറ്റുമുട്ടല്‍.

ബുധനാഴ്ച നെതന്യാഹുവിന് അയച്ച ഔദ്യോഗിക കത്തിലും എക്‌സില്‍ പങ്കുവെച്ച കുറിപ്പിലുമാണ് ഐസന്‍കോട്ട് തന്റെ നിലപാട് വ്യക്തമാക്കിയത്. ഒക്ടോബര്‍ 27-ന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള കാവല്‍ സര്‍ക്കാരിന് പാര്‍ലമെന്റായ നെസെറ്റില്‍ ഭൂരിപക്ഷമില്ലെന്ന് ഐസന്‍കോട്ട് ചൂണ്ടിക്കാട്ടി. 120 അംഗ സഭയില്‍ 46 അംഗങ്ങളുടെ പിന്തുണ മാത്രമാണ് നിലവില്‍ നെതന്യാഹുവിനുള്ളതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

നേരിട്ടുള്ളതും അടിയന്തരവുമായ ഭീഷണിയില്ലാത്ത സാഹചര്യത്തില്‍ സുരക്ഷാ സേനയെ വിന്യസിക്കുന്നത് ഇസ്രഈലിന്റെ ജനാധിപത്യത്തെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസത്തെയും തകര്‍ക്കും. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ കാത്തിരിക്കാവുന്ന അപകടകരമായ സൈനിക നീക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ട്രീയ താത്പര്യങ്ങള്‍ സുരക്ഷാ തീരുമാനങ്ങളെ സ്വാധീനിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണെന്നും, സൈനിക മേധാവികളെ ഭരണഘടനാപരമായ പ്രതിസന്ധിയിലാക്കരുതെന്നും കത്തില്‍ പറയുന്നു.

ഇറാനെതിരെ സൈനിക നടപടി വേണമെന്ന നെതന്യാഹുവിന്റെ ആവശ്യത്തോട് ഇസ്രഈല്‍ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ വിയോജിപ്പ് രേഖപ്പെടുത്തിയതായി ഇസ്രഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട തനിക്ക് കൃത്യമായ സുരക്ഷാ വിശദീകരണങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രി വിസമ്മതിക്കുകയാണെന്ന് ആരോപിച്ച് ഐസന്‍കോട്ട് അറ്റോര്‍ണി ജനറല്‍ ഗാലി ബഹരവ്-മിയാരയ്ക്കും കത്തയച്ചു.

നെസെറ്റിന്റെ വിദേശകാര്യ-പ്രതിരോധ സമിതി യോഗം വിളിച്ചുചേര്‍ക്കുന്നത് നെതന്യാഹു മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നും ഐസന്‍കോട്ട് കുറ്റപ്പെടുത്തി. എന്നാല്‍ ഐസന്‍കോട്ടിന്റെ കത്തിനെ ‘നിരുത്തരവാദപരമായ നീക്കം’ എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശേഷിപ്പിച്ചത്.

സര്‍ക്കാര്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും പൂര്‍ണമായും രാജ്യസുരക്ഷ മുന്‍നിര്‍ത്തിയും സുരക്ഷാ ഏജന്‍സികളുമായി ആലോചിച്ചുമാണെന്ന് ഓഫീസ് വ്യക്തമാക്കി.

 

Content Highlight: War again? Netanyahu orders new military action against Iran