അമൽ നീരദ് രചനയും സംവിധാനവും നിർവഹിച്ച് നവംബർ 19ന് തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് ബാച്ചിലർ പാർട്ടി ഡ്യൂ. 2012ൽ പുറത്തിറങ്ങിയ ബാച്ചിലർ പാർട്ടിയുടെ സ്പിരിച്വൽ സീക്വലായ് ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലെൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ, ജ്യോതിർമയി, നദിയ മൊയ്തു, ചന്തു സലിംകുമാർ, ഹൻസിക കൃഷ്ണ, ലാൽ, പാരിസ് ലക്ഷ്മി തുടങ്ങി വൻ താര നിര തന്നെ അഭിനയിക്കുന്നുണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടൈൻമെന്റ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ക്രിസ്റ്റോ സേവ്യറാണ് സംഗീതം ഒരുക്കുന്നത്. അപ്പു പ്രഭാകർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ചും സംവിധായകനെക്കുറിച്ചും ഈ സിനിമയുടെ ഭാഗമാവാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും പറയുകയാണ് നടി രജിഷ വിജയൻ. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പങ്കു വെച്ചത്.
‘ഇതൊരു പ്രോപ്പർ സീക്വലല്ല. സിനിമയുടെ വണ്ണുമായിട്ടുള്ളൊരു കോമ്പറ്റീഷനോ വണ്ണിനെ അതേപടി തിരിച്ച് ചെയ്യുന്നതോ അല്ല. ഇത് അതിന്റെ ഒരു സ്പിരിച്വൽ സീക്വലാണ്. തീർച്ചയായും നമുക്ക് ഓജിയായിട്ടിരിക്കുന്ന മണി ചേട്ടനെയും റഹ്മാനിക്കയെയും ഇന്ദ്രൻസ് ചേട്ടനെയൊന്നും നമുക്ക് മാച്ചപ് ചെയ്യാൻ പറ്റില്ല. മാച്ചപ് ചെയ്യുന്നതിനെക്കുറിച്ച് നമ്മൾ ചിന്തിക്കുന്നേയില്ല എന്നുള്ളതാണ്. കാരണം ഇത് മൊത്തത്തിലൊരു പുതിയ കഥയും പുതിയ പശ്ചാത്തലവും പുതിയൊരു അഞ്ചു ബാച്ചിലേഴ്സിന്റെ കഥ പോലെയുമാണ്. പിന്നെ അമലേട്ടന്റെ പടമാണിത്,’ താരം പറഞ്ഞു.

രജിഷ വിജയൻ. Photo: Screen Grab/ Youtube.com
അമൽ നീരദ് എന്നൊരു സംവിധായകന്റെ കൂടെ വർക്ക് ചെയ്യാൻ പറ്റുക എന്നുള്ളതിൽ താൻ ഭയങ്കര ഇൻട്രസ്റ്റഡയിരുന്നുവെന്നും അങ്ങനെ താൻ ഒരു പത്ത് വർഷമായി ആഗ്രഹിച്ചിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു. സംവിധായകൻ വിളിച്ചപ്പോൾ ഒന്നും ആലോചിക്കാതെ തന്നെ യെസ് പറഞ്ഞുവെന്നും താരം കൂട്ടിച്ചേർത്തു.
‘അമലേട്ടൻ വിളിച്ചപ്പോൾ ഞാനൊന്നും ചിന്തിക്കാതെയാണ് യെസ് പറഞ്ഞത്. ഒന്നാമത് അമലേട്ടൻ വിളിക്കണേയെന്ന് പ്രാർത്ഥിച്ചിരിക്കുകയായിരുന്നു. വർഷങ്ങളായിട്ട് അമലേട്ടനെയും അമ്പൂക്കനെയും അറിയാം. ഇവരൊന്നും വിളിക്കുന്നില്ലല്ലോ എന്നുള്ള വിഷമത്തിലായിരുന്നു ഞാനിരുന്നത്. അമലേട്ടന്റെ കോൾ കണ്ടപ്പോൾ തന്നെ ഇത് സിനിമയുമായി ബന്ധപ്പെട്ടുള്ള കോൾ ആവണേയെന്ന് വിചാരിച്ചിട്ടാണ് എടുത്തത്,’ നടി പറഞ്ഞു.
Content Highlight: Rajisha Vijayan said she had readily agreed, having been eagerly awaiting Amalettan’s call.
