മലയാള സിനിമ ഇതുവരെയും എക്സ്പീരിയൻസ് ചെയ്യാത്ത ഒരു ദൃശ്യാനുഭവമാണ് റെജിൻ. എസ്. ബാബുവിന്റെ ഭൗമ പ്രേക്ഷർക്ക് തരുന്നത്. അതേസമയം കഥാപരിസരങ്ങളും ചില സന്ദർഭങ്ങളും മറ്റ് ഹൊറർ- മിസ്റ്ററി സിനിമകളിലേത് പോലെ ആവർത്തിക്കുന്നുണ്ടെങ്കിലും കഥയുടെ മുന്നോട്ട് പോക്കിൽ പ്രവചനാതീതമായ് മാറുന്നുണ്ട് ഭൗമ. ഇനിയെന്ത് സംഭവിക്കുമെന്ന് ചിന്തിക്കാനുള്ള ഒരു ഇടവേള പോലും സിനിമ പലപ്പോഴും പ്രേക്ഷകർക്ക് നൽകുന്നില്ല എന്നതും അഭിനന്ദാർഹമായ കാര്യമാണ്. ചിത്രത്തിന്റെ ഴോണറിനോട് നൂറ് ശതമാനം നീതി പുലർത്താൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.

പീരുമേടിലെ ഒരു ഹൈറേഞ്ചിലെ റോസ് വില്ല എന്ന ബംഗ്ലാവിൽ നിന്ന് ആരംഭിക്കുന്ന കഥ പല കാലങ്ങളിലൂടെയും പല സ്ഥലങ്ങളിലൂടെയുമാണ് സിനിമയുടെ അവസാനം വരെ സഞ്ചരിക്കുന്നത്. നഗരത്തിലെ ഒരു റെസ്റ്റോറന്റിൽ പാട്ട് പാടുന്ന ക്ലബ് ഗായികയാണ് സെലിൻ. ഫുഡ് ഡെലിവറി ബോയായ് വർക്ക് ചെയ്യുന്ന അവളുടെ പങ്കാളി ജേക്കബ്. ലിവിങ് ടുഗതറായി നഗരത്തിൽ തന്നെ ജീവിക്കുന്ന അവരുടെ ജീവിതത്തിലേക്ക് അവർ ഒട്ടും തന്നെ പ്രതീക്ഷിക്കാത്ത ഒരു വിവരവുമായി ഒരു അഭിഭാഷകൻ എത്തുന്നു. ആ വിവരത്തെ കേന്ദ്രീകരിച്ചാണ് പിന്നെ സിനിമയുടെ പോക്ക്. അതിനൊപ്പം തന്നെ ഒരു ഫ്ലാഷ്ബാക്കും അതിന്റെ കൂടെ ഒരുപാട് നിഗൂഢതകളും ഭീതിയും കടന്ന് വരുന്നു. സമാന്തരമായി അന്വേഷണങ്ങൾ നടത്തുന്ന പോലീസുകാരും അതിന് സെലിനുമായും ആ ഫ്ലാഷ്ബാക്കുമായുള്ള ബന്ധവും സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്.

ഭൗമ.Photo:Screen Grab/Instagram.com

ബ്ലാക്ക് മാജിക്, കാനിബലിസം എന്നീ വിഷയങ്ങളിലൂടെ മുന്നോട്ട് പോകുന്ന കഥയുടെ ആദ്യ പകുതിയിൽ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്താൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. വിഷയത്തിൽ നിന്ന് തെന്നിമാറാതെ അതോടൊപ്പം ഒട്ടും ലാഗില്ലാതെ അതിഗംഭീരമായാണ് പല രംഗങ്ങളും അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ കഥയുടെ ത്രില്ലർ സ്വഭാവം സിനിമ വെളിപ്പെടുത്തുന്നുണ്ട്, അത് ഉടനീളം നിലനിർത്താനും സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ടാം പകുതി തൊട്ട് നിഗൂഢമായ രഹസ്യങ്ങൾ വെളിവാക്കപ്പെടുന്നതിനോടൊപ്പം  മറ്റൊരു തലത്തിലേക്ക്
കഥ മാറുകയും ചെയ്യുന്നു.

പെൻഡുലം എന്ന സയൻസ് ഫിക്ഷന് ശേഷം റെജിൻ. എസ്. ബാബു സംവിധാനം ചെയ്ത ചിത്രത്തിൽ രേവതി ശർമ്മ(സെലിൻ/സൺസെറ്റ്), വിനീത്(സാമുവൽ), ദിലീഷ് പോത്തൻ(പോലീസ് ഉദ്യോഗസ്ഥൻ), സാഗർ സൂര്യ(ജേക്കബ്) എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസ്സാം കടിയാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഭാവന റിലീസാണ് സിനിമ തിയേറ്ററുകളിലേക്കെത്തിച്ചിരിക്കുന്നത്. ഭ്രമയുഗത്തിന് സംഗീതം ഒരുക്കിയ ക്രിസ്റ്റോ സേവ്യറിന്റെ സംഗീതമാണ് എടുത്ത് പറയേണ്ട ചിത്രത്തിലെ  മറ്റൊരു ഘടകം.

ഭൗമ.Photo:Screen Grab/Youtube.com

ഭയാജനകമായതും നിഗൂഢതയുമുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ക്രിസ്റ്റോയുടെ സംഗീതത്തിന് സാധിച്ചിട്ടുണ്ട്. ചിത്രത്തോട് ഇഴകി ചേരുന്നതാണ് കഥാസന്ദർഭങ്ങളും, പശ്ചാത്തല സംഗീതവും, കഥാപരിസരവും. കഥ നടക്കുന്നത് ഒരു കാലഘട്ടത്തിലല്ലാത്തുകൊണ്ട് തന്നെ അത് കൃത്യമായി ഒട്ടും കൺഫ്യൂഷനില്ലാതെ മനസിലാക്കാൻ പ്രേക്ഷകന് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ എഡിറ്ററായ സൂരജ്. എസ് കയ്യടി അർഹിക്കുന്നുണ്ട്. ശരൺ വേലായുധന്റെ ഛായാഗ്രഹണവും അഭിനന്ദിക്കപ്പെടേണ്ടതാണ്, അത്ര ഗംഭീരമായാണ് എസ്റ്റേറ്റിലെ ബംഗ്ലാവും അവിടെ നടക്കുന്ന നിഗൂഢമായ സംഭവങ്ങളും ഒപ്പം നഗരത്തിലെ സംഭവങ്ങളും സൂരജ് ഒപ്പിയെടുത്തിരിക്കുന്നത്. ചിത്രത്തിലൂടെ വേറൊരു യൂണിവേഴ്‌സിൽ എത്തിപ്പെട്ട അനുഭവമാണ് പ്രേക്ഷകർക്ക് ലഭിച്ചതെന്ന് നിസംശയം പറയാം. ഒപ്പം തന്നെ ഏറെ പ്രശംസയർഹിക്കുന്നതാണ് എം.ആര്‍ രാജാകൃഷ്ണന്റെ ശബ്ദമിശ്രണവും ജയദേവന്‍ ചക്കാടത്തിന്റെ സൗണ്ട് ഡിസൈനും.

അതിഥി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, കാവ്യ എസ് ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ, ലെന തുടങ്ങിയവർ എപ്പോഴത്തെയും പോലെ തന്നെ മികച്ച പെർഫോമൻസ് കാഴ്ചവെച്ചിട്ടുണ്ട്. രേവതി ശർമയും തന്റെ കഥാപാത്രം മികച്ചതാക്കിയിട്ടുണ്ട്. മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഒരു മിസ്റ്ററി- ഹൊറർ ത്രില്ലർ പരീക്ഷണ ചിത്രം തന്നെയാണ് ഭൗമ.

Content Highlight: Review of Bouma