2004ൽ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെയാണ് മണിക്കുട്ടൻ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. ഛോട്ടാ മുംബൈ, മായാവി, തട്ടത്തിൻ മറയത്ത്, മാമാങ്കം തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2021ൽ ബിഗ് ബോസ് റിയാലിറ്റി ഷോ മണിക്കുട്ടന്റെ കരിയറില് വലിയ ഇംപാക്ടുണ്ടാക്കിയിരുന്നു. ആ സീസണിലെ വിജയി മണിക്കുട്ടനായിരുന്നു. റെജിൻ എസ്. ബാബു സംവിധാനം ചെയ്യുന്ന ബൗമയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം.
സംവിധായകനും നടനും നിർമ്മാതാവുമായ ദിലീഷ് പോത്തന്റെ കൂടെ അഭിനയിക്കാൻ താനൊരുപാട് ആഗ്രഹിച്ചിരുന്നുവെന്നും ആ ആഗ്രഹം ബൗമയിലൂടെയാണ് നടന്നതെന്നും ആ ഒരു അനുഭവത്തെ കുറിച്ചും റിപ്പോർട്ടർ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ദിലീഷേട്ടന്റെ കൂടെ അഭിനയിക്കണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു. ദിലീഷേട്ടൻ സിനിമ ചെയ്യുന്ന സമയത്ത് ഞാൻ ഫോൺ ചെയ്യാറുണ്ട്. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ വളരെ സ്നേഹത്തോടെ ‘ഈ പടത്തിൽ ഇല്ലടാ’ എന്ന് അദ്ദേഹം പറയും. പക്ഷേ ഈ സിനിമയിൽ വന്ന സമയത്ത് എനിക്ക് ദിലീഷേട്ടന്റെ കൂടെ അഭിനയിക്കലോ എന്നായിരുന്നു. അങ്ങനെ ലൊക്കേഷനിൽ വെച്ചാണ് നമ്മൾ നേരിട്ട് സംസാരിക്കുകയൊക്കെ ചെയ്യുന്നത്. യൂണിഫോമിട്ടാണ് ഞാൻ ചെന്നത്, ചെന്നപ്പോൾ പുള്ളിക്ക് ഭയങ്കര സ്നേഹം.

മണിക്കുട്ടൻ.Photo: Facebook.com
ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സ്നേഹമായിരുന്നു. പിന്നീട് ലൊക്കേഷനിൽ വെച്ച് ഒരു ദിവസം ഇങ്ങനെ സംസാരിച്ചപ്പോൾ മനസിലായി പുള്ളിയുടെ ഒരു ഫ്രണ്ടുണ്ട്, ഷാഹുൽ എന്നാണ് പേര്. പുള്ളിയും പോലീസ് ഓഫീസറാണ്. അപ്പോൾ എന്റെയടുത്ത് സംസാരിക്കുമ്പോൾ ആ ഫ്രണ്ടിനോടുള്ള ഒരു ഫീൽ ഉണ്ടായിരുന്നു പോലും,’ താരം തമാശരൂപേണ പറഞ്ഞു.
മലയാള സിനിമയിൽ തുടക്കകാലത്ത് ആളുകൾ തന്നെ ട്രോളിയിട്ടുണ്ടെന്നും വീട്ടുകാർക്ക് അത് വിഷമം ഉണ്ടാക്കിയപ്പോഴും താനത് പോസിറ്റീവായിട്ടാണ് കണ്ടതെന്നും പ്രേക്ഷകർക്ക് അഭിനന്ദിക്കാനുള്ളത് പോലെ ഇഷ്ടപ്പെട്ടില്ലെങ്കിൽ ട്രോളാനുമുള്ള അർഹതയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
‘മലയാള സിനിമയിൽ ആദ്യകാല ട്രോളുകൾ കിട്ടിയ നടന്മാരിൽ ഒരാളാണ് ഞാൻ. കാരണം 2010ലോ 12ലോ ഒക്കെ ട്രോൾ തുടങ്ങുന്ന സമയത്ത് സിനിമ ആകട്ടെ ഞാൻ ചെയ്ത ചാനൽ പ്രോഗ്രാമോ ആങ്കറിങോ ആവട്ടെ അതിലൊക്കെ എന്നെ ട്രോളിയിട്ടുണ്ട്. വീട്ടുകാർക്കായിരുന്നു വിഷമം. ഞാൻ അവരുടെയടുത്ത് പറയും, നമ്മൾ ഒരു കാര്യം നല്ലത് ചെയ്തു. കായംകുളം കൊച്ചുണ്ണിയാവട്ടെ ഛോട്ടാ മുംബൈയാവട്ടെ ബോയ്ഫ്രണ്ടാവട്ടെ ആ സിനിമകൾ ചെയ്തപ്പോൾ എല്ലാവരും അപ്രീഷിയേറ്റ് ചെയ്തു.
ഒരു സംഭവം അവർക്ക് ഇഷ്ടപ്പെട്ടില്ല. അവർക്ക് ട്രോൾ ചെയ്യണമെന്ന് തോന്നിയതുകൊണ്ട് ട്രോളി. ഇത് രണ്ടും സ്വീകരിക്കാനുള്ള മനസ് നമുക്ക് വേണം. അപ്പോൾ അങ്ങനെയുള്ളതെല്ലാം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഈ സോഷ്യൽ മീഡിയ വരുന്നതിനു മുമ്പുള്ള സിനിമ ആയാലും സോഷ്യൽ മീഡിയ വന്നതിനുശേഷവും ഈ സിനിമയുടെ മാറ്റങ്ങളുടെ ഭാഗമാവാൻ എനിക്ക് സാധിച്ചു. ആ എക്സ്പീരിയൻസ് തന്നെയാണ് എന്റെ ഏറ്റവും വലിയ അസെറ്റ്,’ നടൻ പറഞ്ഞു.
Content Highlight: Manikuttan said he was among the first actors to be trolled in Mollywood and that he was affectionately told he wasn’t in the film.
