തിയേറ്ററുകളില്‍ ഗംഭീര മുന്നേറ്റം നടത്തുകയാണ് തമിഴ് ചിത്രം സീന്‍. രോമാഞ്ചം, ആവേശം എന്നീ സെന്‍സേഷണല്‍ ഹിറ്റുകള്‍ക്ക് ശേഷം ജിത്തു മാധവന് സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 200 കോടിയും കടന്ന് സൂപ്പര്‍ഹിറ്റായി മാറി. സൂര്യയെ ഇതുവരെ കാണാത്ത രീതിയിലാണ് ജിത്തു മാധവന് സീനില്‍ അവതരിപ്പിച്ചത്.
സീരിയസായ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ കഥയെ കോമഡിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ചിത്രമാണ് സീന്‍. ടൈറ്റില്‍ ടീസര്‍ പുറത്തുവന്നതു മുതല്‍ ഇന്ന് വരെ ചിത്രത്തിന്റെ കഥയെക്കുറിച്ച് ഒരു സൂചനയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ റിലീസിന് മുമ്പ് ചിത്രത്തിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പങ്കുവെച്ചിരുന്നു.

റിലീസിന് മുന്നേ കഥ ലീക്കായതിനാല്‍ എഡിറ്റിങ് പാറ്റേണില്‍ മാറ്റം വരുത്തേണ്ടി വന്നെന്ന് സംവിധായകന് ജിത്തു മാധവന് കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇത്തരം ഇന്‍സൈഡ് റിപ്പോര്‍ട്ടുകള്‍ പങ്കുവെക്കുന്ന ഐ.ഡികള്‍ ചര്‍ച്ചയായിരിക്കുകയാണ്. സീനിന് മുമ്പ് ഇതേ അവസ്ഥ നേരിടേണ്ടി വന്ന ഐ ആം ഗെയിമും ചര്‍ച്ചയായി.
ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലും ഹൈപ്പിലും ഒരുങ്ങിയ ചിത്രമായിരുന്നു ഐ ആം ഗെയിം. 180 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടിനിടയില്‍ ചിത്രത്തിന്റെ കഥ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ലീക്ക് ചെയ്തിരുന്നു. അപകടത്തില്‍ കൈ മാറ്റിവെക്കപ്പെടേണ്ടി വന്ന നായകന് പിന്നീട് നേരിടേണ്ടി വരുന്ന വിചിത്രമായ അനുഭവങ്ങളാണ് ചിത്രത്തിന്റെ കഥയെന്നായിരുന്നു പോസ്റ്റുകള്‍.

മലയാളത്തില്‍ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത ഫാന്റസി സബ്ജക്ടായിരുന്നു ഐ ആം ഗെയിമിന്റേത്. എന്നാല്‍ റിലീസിന് മുന്നേ കഥ ലീക്കായത് പലരുടെയും ആസ്വാദനത്തെ ബാധിച്ചു. അണിയറപ്രവര്‍ത്തകര്‍ വളരെ സര്‍പ്രൈസായി അവതരിപ്പിക്കാന്‍ ശ്രമിച്ച സീനിന് തണുപ്പന്‍ പ്രതികരണമായിരുന്നു ലഭിച്ചത്. രണ്ടാം പകുതിയിലെ ക്ലീഷേ റിവഞ്ച് സ്റ്റോറിയും ചിത്രത്തെ പിന്നോട്ട് വലിച്ചു.
സീനിന്റെ കാര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ ഇപ്പോഴും ശ്രദ്ധാലുക്കളാണ്. റിലീസിന് മുമ്പ് പ്ലോട്ട് ലീക്കായിട്ടും ഇതുവരെ കഥയെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ സ്പോയിലറായി ഒന്നും പറഞ്ഞിട്ടില്ല. സിനിമാപേജുകള്‍ അധികം ഫോളോ ചെയ്യാത്തവര്‍ക്ക് സീനിലെ പ്ലോട്ട് ട്വിസ്റ്റ് ഞെട്ടിക്കുന്ന ഒന്നായിരുന്നു. എന്നാല്‍ പ്ലോട്ട് ആദ്യമേ അറിയാവുന്നവര്‍ക്ക് വലിയ ആകാംക്ഷ ഈ സീനില്‍ ലഭിച്ചിരുന്നില്ല.

അണിയറപ്രവര്‍ത്തകര്‍ വളരെ രഹസ്യമായി വെക്കുന്ന പ്ലോട്ടിനെ ഡോളറിനും റീച്ചിനും വേണ്ടി സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.
Content Highlight: Social media posts against the pages that leaking the plot of I’m Game and Scene
