13 വര്‍ഷത്തെ കളിയാക്കലുകള്‍ക്കും അപമാനിക്കലിനും ഡബിള്‍ ഡോസില്‍ മറുപടി നല്‍കിയിരിക്കുകയാണ് സൂര്യ. ഹിറ്റുണ്ടോ എന്ന ചോദ്യത്തിന് അടുപ്പിച്ച് മൂന്ന് ഹിറ്റുകളുമായി പീക്ക് ഫോമിലേക്ക് സൂര്യ തിരിച്ചെത്തി. ഒരേ വര്‍ഷം മൂന്ന് വ്യത്യസ്ത ഴോണറുകളില്‍ സിനിമ ചെയ്ത് അവ മൂന്നും ഹിറ്റാക്കുകയും ചെയ്ത് ഹേറ്റേഴ്‌സിന്റെ വായ അടപ്പിക്കാന്‍ താരത്തിന് സാധിച്ചു.

ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ സീന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 220 കോടിക്കടുത്ത് നേടിയിരിക്കുകയാണ്. ഒരു വര്‍ഷം തുടര്‍ച്ചയായി മൂന്ന് 200 കോടി നേടുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ താരമെന്ന നേട്ടവും ‘ദി വണ്‍’ തന്റെ പേരിലാക്കി. കറുപ്പിന് ശേഷം കരിയറിലെ രണ്ടാമത്തെ 300 കോടിയും സീനിലൂടെ പിറവിയെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.

സൂര്യക്കൊപ്പം സീനില്‍ കൈയടി നേടിയത് മലയാളികളായ നസ്‌ലെനും നസ്രിയയുമാണ്. ഈശ്വരന്‍ എന്ന സൈക്കോ വില്ലനായി നസ്‌ലെന്‍ ആദ്യാവസാനം കട്ടക്ക് സ്‌കോര്‍ ചെയ്തപ്പോള്‍ മായ എന്ന നായികയായി നസ്രിയയും തിളങ്ങി. നസ്‌ലെനും നസ്രിയക്കും പുറമെ ലാലും സീനിന്റെ ഭാഗമാണ്. സീനിന്റെ വിജയത്തിന് പിന്നാലെ ഈ വര്‍ഷം ഹിറ്റായ സൂര്യയുടെ മറ്റ് സിനിമകളിലെ മലയാളി സാന്നിധ്യവും ചര്‍ച്ചയായിരിക്കുകയാണ്.

താരത്തിന്റെ മാസീവ് കംബാക്കിന് വഴിവെച്ച കറുപ്പില്‍ മലയാളി ആര്‍ട്ടിസ്റ്റുകളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. ഇന്ദ്രന്‍സ്, അനഘ രവി, സ്വാസിക, ശിവദ, ഉണ്ണിമായ പ്രസാദ്, അജു വര്‍ഗീസ് തുടങ്ങിയവര്‍ കറുപ്പിന്റെ ഭാഗമായിരുന്നു. ഇതില്‍ സൂര്യയെപ്പോലും സൈഡാക്കിയ പെര്‍ഫോമന്‍സായിരുന്നു ഇന്ദ്രന്‍സിന്റേത്. ഇന്റര്‍വെല്ലിന് മുമ്പുള്ള സീനില്‍ ഇന്ദ്രന്‍സിന്റെ പ്രകടനത്തിന് മുന്നില്‍ സൂര്യ നിഷ്പ്രഭമായെന്ന് തമിഴ് പേജുകള്‍ വരെ അഭിപ്രായപ്പെട്ടിരുന്നു.

രണ്ടാമത്തെ ഹിറ്റായ വിശ്വനാഥ് ആന്‍ഡ് സണ്‍സിലും മലയാളി സാന്നിധ്യമുണ്ടായിരുന്നു. നായികയായ മാഡി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളികളുടെ സ്വന്തം മമിതയായിരുന്നു. നായകനൊപ്പം കട്ടക്ക് സ്‌കോര്‍ ചെയ്ത കഥാപാത്രമായിരുന്നു മാഡി. ഒന്ന് പാളിയിരുന്നെങ്കില്‍ അങ്ങേയറ്റം ട്രോള്‍ മെറ്റീരിയലാകാന്‍ സാധ്യതയുള്ള കഥാപാത്രം മമിത കൈയടക്കത്തോടെ അവതരിപ്പിച്ചു. സൂര്യക്കൊപ്പമുള്ള മമിതയുടെ കെമിസ്ട്രിയും അപാരമായിരുന്നു.

ഏറ്റവുമൊടുവില്‍ സീനിലേക്ക് എത്തിയപ്പോള്‍ ക്യാമറക്ക് മുന്നിലും പിന്നിലും മലയാളികള്‍ നിറഞ്ഞു നില്‍ക്കുകയാണ്. സംവിധായകന്‍, ക്യാമറമാന്‍, എഡിറ്റര്‍, കോസ്റ്റിയൂം ഡിസൈനര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍, സംഗീത സംവിധായകന്‍ തുടങ്ങി സകലരും മലയാളികളാണ്. ഇതോടെ സൂര്യയുടെ ലക്കി ചാം മലയാളികളാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Malayali artists presence in Suriya’s last three films