2026ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് സ്വന്തമാക്കിയത് ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍ ആയിരുന്നു. കഴിഞ്ഞ സീസണില്‍ ബയേണ്‍ മ്യൂണിക്കിനും ഇംഗ്ലണ്ടിനും വേണ്ടി നടത്തിയ മിന്നും പ്രകടനമാണ് കെയ്‌നിനെ ഈ സുവര്‍ണ നേട്ടത്തിന് അര്‍ഹനാക്കിയത്.

ക്ലബ്ബിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും 73 ഗോളുകളാണ് കെയ്ന്‍ കഴിഞ്ഞ സീസണില്‍ അടിച്ചുകൂട്ടിയത്. ബയേണ്‍ മ്യൂണിക്കിന് വേണ്ടി 61 ഗോളുകള്‍ നേടി കെയ്ന്‍ തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ടിന് വേണ്ടി 12 ഗോളുകളും സ്വന്തമാക്കി. ആറ് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് താരം തിളങ്ങിയത്. ലോകകപ്പ് ചരിത്രത്തിലെ തന്റെ ഗോള്‍ നേട്ടം 14 ആക്കി ഉയര്‍ത്താനും കെയ്‌നിന് സാധിച്ചിരുന്നു.

ഇതിന് പിന്നാലെ ദേശീയ ടീമിന് വേണ്ടി പുതിയൊരു റെക്കോഡും താരം സൃഷ്ടിച്ചിരിക്കുകയാണ്. യുവേഫ നേഷന്‍സ് ലീഗില്‍ വ്യാഴാഴ്ച ക്രൊയേഷ്യയ്‌ക്കെതിരെ ബൂട്ടുകെട്ടിയതോടെ ഇംഗ്ലണ്ടിന് വേണ്ടി ചരിത്രത്തില്‍ ഏറ്റവുമധികം തവണ കളത്തിലിറങ്ങളിയ താരമായി കെയന്‍ മാറിയിരിക്കുകയാണ്.

2015 മാര്‍ച്ചില്‍ ത്രീ ലയണ്‍സിന് വേണ്ടി ആദ്യമായി കളത്തിലിറങ്ങിയ കെയ്‌നിന്റെ 126ാം മത്സരമായിരുന്നു വ്യാഴാഴ്ച നടന്നത്. മുന്‍ ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടന്റെ പേരിലുള്ള റെക്കോഡാണ് താരം മറികടന്നത്.

മത്സരം തുടങ്ങുന്നതിന് മുമ്പ് ഇംഗ്ലണ്ട് ക്യാപ്റ്റനെ ആദരിക്കാന്‍ പീറ്റര്‍ ഷില്‍ട്ടണ്‍ തന്നെ പിച്ചിലെത്തി. ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ച്, പ്രിന്‍സ് വില്ല്യം എന്നിവരും ഹാരിയെ അനുമോദിച്ചു.

ആരാധകര്‍ സ്വന്തം ക്യാപ്റ്റനുള്ള ആദരസൂചകമായി വെംബ്ലി സ്റ്റേഡിയത്തിന്റെ ഉയരത്തില്‍ ടിഫോ തയ്യാറാക്കിയിട്ടുണ്ടായിരുന്നു.

മത്സരത്തിന്റെ 64ാം മിനിട്ടിലെ പെനാല്‍ട്ടിയിലൂടെ ടീമിന്റെ വിജയഗോള്‍ നേടാനും കെയ്‌ന് സാധിച്ചു. 2-1 നാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ടിന് വേണ്ടിയുള്ള താരത്തിന്റെ 92ാം ഗോള്‍ ആണിത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ 100 ഗോള്‍ എന്ന നേട്ടം കൈവരിക്കാന്‍ വെറും എട്ട് ഗോള്‍ മാത്രമാണ് ഈ 33കാരന് ഇനി വേണ്ടത്.

Photo-x.com/Harry Kane

‘അത് (100 അന്താരാഷ്ട്ര ഗോളുകള്‍) സാധ്യമായ കാര്യമാണ്. വിജയത്തിലേക്ക് നയിച്ച മറ്റൊരു പ്രധാനപ്പെട്ട ഗോള്‍ നേടാന്‍ സാധിച്ചു,’ മത്സരശേഷം കെയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളെന്ന നേട്ടം 2023ല്‍ തന്നെ കെയ്ന്‍ സ്വന്തമാക്കിയിരുന്നു. 53 ഗോള്‍ നേടിയ വെയ്ന്‍ റൂണിയുടെ പേരിലുള്ള റെക്കോഡ് ആണ് അദ്ദേഹം മറികടന്നത്.

24ാം മിനിട്ടില്‍ മോര്‍ഗന്‍ റോജേഴ്‌സിലൂടെ ഇംഗ്ലണ്ട് ആണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. 59ാം മിനിട്ടില്‍ പീറ്റര്‍ സുസിച്ചിലൂടെ ക്രൊയേഷ്യ സമനില ഗോള്‍ നേടി.

Photo-x.com/England

 

എന്നാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ പ്രതിരോധതാരം ഖ്വാന്‍സയെ ബോക്‌സിനുള്ളില്‍ ക്രൊയേഷ്യന്‍ താരം സ്‌മോള്‍ചിക് ഫൗള്‍ ചെയ്തതിന് ഇംഗ്ലണ്ടിന് പെനാല്‍ട്ടി ലഭിച്ചു. കിക്കെടുത്ത് ക്യാപ്റ്റന്‍ കെയ്‌ന് പിഴച്ചില്ല.

നവംബര്‍ പതിനാറിന് ലോകചാമ്പ്യന്‍മാരായ സ്‌പെയിനെതിരെ മാഡ്രിഡിലെ മെട്രോപൊളിറ്റാനോ സ്‌റ്റേഡിയത്തിലാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.

Content  Highlight: Harry Kane Follows Ballon d’Or Triumph With Exceptional England Milestone