ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ ഇളക്കിമറിച്ച സാന്‍ഡ്‌പേപ്പര്‍ ഗേറ്റിനെക്കുറിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ കായികലോകത്തെ ചൂടുള്ള ചര്‍ച്ച. 2018ല്‍ കേപ്ടൗണില്‍ നടന്ന ടെസ്റ്റിനിടെ പന്തില്‍ സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ചിരുന്നു എന്ന് കാര്യം ഓസ്‌ട്രേലിയയുടെ മുഴുവന്‍ ടീമിനും അറിയാമായിരുന്നുവെന്നാണ് ഖവാജ വെളിപ്പെടുത്തിയത്.

ഖവാജയുടെ വെളിപ്പെടുത്തലുകളെ ക്രിക്കറ്റ് ലോകം സ്വീകരിച്ചത് പല രീതിയിലായിരുന്നു. നവംബര്‍ പത്തിന് പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആത്മകഥയായ ‘സബ്ര്!’ ന്റെ പ്രകാശനത്തിന് മുന്നോടിയായി നൈന്‍ ന്യൂസ്‌പേപ്പേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഖവാജയുടെ വെളിപ്പെടുത്തല്‍.

ഖവാജയ്ക്ക് പിന്തുണ നല്‍കിക്കൊണ്ട് അന്ന് വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാര്‍ണര്‍ രംഗത്ത് വന്നിരുന്നു. സംഭവത്തില്‍ വിലക്ക് ലഭിച്ച മൂന്ന് പേരിലൊരാളാണ് വാര്‍ണര്‍.

എന്നാല്‍ മറ്റുതാരങ്ങള്‍ ഇതിനെ അത്ര സന്തോഷത്തോടെയല്ല സ്വീകരിച്ചത്. ഇത് അനാവശ്യമായ വെളിപ്പെടുത്തലുകളാണെന്നും പുസ്തകത്തിന്റെ പരസ്യത്തിനായി ചെയ്യുന്നതാണെന്നുമായിരുന്നു പലരും അഭിപ്രായപ്പെട്ടത്.

ഇപ്പോള്‍ ഖവാജയുടെ ആരോപണം 100 ശതമനം തെറ്റും ശുദ്ധ അസംബന്ധവുമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായ് സിഡ്‌നിയിലെ ക്രിക്കറ്റ് സെന്‍ട്രലില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കമ്മിന്‍സ്.

68 മിനിട്ട് നീണ്ടുനിന്ന ചോദ്യോത്തരവേളയില്‍ പന്തില്‍ നിയമവിരുദ്ധമായി കൃത്രിമം കാണിച്ചതിനെക്കുറിച്ച് ടീമില്‍ എല്ലാവര്‍ക്കും അറിവുണ്ടായിരുന്നു എന്ന് ഖവാജയുടെ വാദം അദ്ദേഹം ശക്തമായി തള്ളി.

‘ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു എന്ന് അദ്ദേഹം പറയുമ്പോള്‍, സാന്‍ഡ്‌പേപ്പര്‍ ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുന്ന കാര്യം ഞങ്ങള്‍ക്ക് അറിയാമായിരുന്നു എന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് 100 ശതമാനവും തെറ്റാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി ഞാന്‍ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അത്തരമൊരു കാര്യം നടക്കുന്നതായി എനിക്ക് അറിയില്ലായിരുന്നു,’ കമ്മിന്‍സ് പറഞ്ഞു.

എന്നാല്‍ ഖവാജ അതിലേറെ ഗൗരവമേറിയ കാര്യങ്ങളാണ് തന്റെ പുസ്തകത്തില്‍ പറയുന്നതെന്നും മറ്റുള്ളവരുടെ ജീവിതത്തെയും പ്രശസ്തിയെയും നിസാരമായി കാണരുതെന്നും കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.

‘എനിക്കറിയാവുന്ന ഉസ്മാന്‍ ഇങ്ങനെയൊരാളല്ല. കഴിഞ്ഞ എട്ട് വര്‍ഷമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ സംസ്‌കാരം പുനര്‍നിര്‍മിക്കാന്‍ സഹായിച്ച ടീമിന്റെ ഭാഗമായിരുന്ന ഉസ്മാനും ഇങ്ങനെയൊന്നും ചെയ്യുമെന്ന് കരുതുന്നില്ല. അത്തരമൊരു കാര്യം നടക്കുന്നത് കണ്ടാല്‍ അപ്പോള്‍ത്തന്നെ തടയുമായിരുന്ന വ്യക്തിയാണ് അദ്ദേഹം,’ കമ്മിന്‍സ് പറഞ്ഞു.

സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ച പന്തില്‍ കൃത്രിമം കാണിക്കാനുള്ള പദ്ധതിയുടെ ആസൂത്രകരില്‍ താനും മറ്റുള്ളവരും ഉണ്ടായിരുന്നെന്നുള്ള ഖവാജയുടെ വാദം അസംബന്ധമാണെന്ന് കമ്മിന്‍സ് പറഞ്ഞു. സാന്‍ഡ്‌പേപ്പര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ബാന്‍ക്രോഫ്റ്റിനോട് താന്‍ പറഞ്ഞിരുന്നുവെനന് ഖവാജ സമ്മതിച്ചതറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഉസ്മാന്‍ എന്റെ സുഹൃത്താണ്. എന്നാല്‍ സുഹൃത്തുക്കള്‍ പരസ്പരം ജീവിതത്തെയും പ്രശസ്തിയെയും നിസ്സാരമായി കാണരുത്. തന്റെ പുസ്തകത്തിലൂടെ ഉസ്മാന്‍ എന്റെ ജീവിതത്തെയും മറ്റനേകം പേരുടെ ജീവിതത്തെയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെയും നിസ്സാരമായാണ് കൈകാര്യം ചെയ്തിരിക്കുന്നത്,’ കമ്മിന്‍സ് പറഞ്ഞു.

അനുഭവങ്ങള്‍ തുറന്നുപറയാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെ താന്‍ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്നും അതിന് അദ്ദേഹത്തിന് കഴിയുന്നതില്‍ സന്തോഷവുമുണ്ടെന്നും പറഞ്ഞ കമ്മിന്‍സ് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടായിരിക്കണമെന്ന് കൂട്ടിച്ചേര്‍ത്തു.

2018ല്‍ ഓസ്‌ട്രേലിയന്‍ ടീമിന് ‘എന്തുവിലകൊടുത്തും ജയിക്കുക’ എന്ന മനോഭാവമുണ്ടായിരുന്നുവെന്ന് കമ്മിന്‍സ് സമ്മതിച്ചു. ടീമിനുള്ളില്‍ അനാരോഗ്യകരമായ ചില പ്രവണതകളും പരസ്പരം വേര്‍തിരിഞ്ഞുനില്‍ക്കുന്ന വിഭാഗങ്ങളും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പിന്നീട് പരിഹരിക്കപ്പെട്ടതായും വ്യക്തമാക്കി.

കേപ് ടൗണ്‍ ടെസ്റ്റിന് തൊട്ടുമുമ്പ പോര്‍ട്ട് എലിസബത്തില്‍ നടന്ന ടെസ്റ്റിനിടെ സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ചുവെന്ന കാര്യം ഈ ആഴ്ചയാണ് താന്‍ അറിയുന്നതെന്നും കമ്മിന്‍സ് പറഞ്ഞു. ഇതിനെപ്പറ്റി ഏതാനും സഹതാരങ്ങളോട് ചോദിച്ചിരുന്നുവെന്നും അവര്‍ക്കും അത് പുതിയ അറിവായിരുന്നുവെന്നും കമ്മിന്‍സ് പറഞ്ഞു.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ടീമിലെ എല്ലാവരും കൂട്ടുത്തരവാദിത്തം ഏറ്റെടുക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ രണ്ട് താരങ്ങള്‍ അതിന് തയ്യാറായിരുന്നില്ലെന്നും ഖവാജ തന്റെ പുസ്തകത്തില്‍ ആരോപിച്ചിരുന്നു.

എന്നാല്‍ അത്തരമൊരു ചര്‍ച്ച നടന്നതായി ഓര്‍മയില്ലെന്നാണ് കമ്മിന്‍സിന്റെ മറുപടി.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കെതിരെ സ്വീകരിച്ച ശിക്ഷാനടപടികള്‍ അതിരുകടന്നതും അനാവശ്യമായി കടുത്തതുമായിരുന്നുവെന്നാണ് കമ്മിന്‍സിന്റെ നിലപാട്.

Content Highlight: Cummins calls Khawaja’s allegations ‘complete and utter nonsense’