2026 സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സൂപ്പര്‍താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിലാണ് കേരളമിറങ്ങുന്നത്. ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയ്ക്ക് ശേഷം ടി-20 ഫോര്‍മാറ്റില്‍ ഇടവേളയുള്ളതിനാലാണ് സഞ്ജു കേരള ടീമിനൊപ്പം ചേര്‍ന്നത്.

ടൂര്‍ണമെന്റില്‍ കേരളത്തിനായി മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ സഞ്ജുവിന് ഒരു ചരിത്ര നേട്ടവും സ്വന്തമാക്കാന്‍ സാധിക്കും. ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ 450 സിക്‌സുകള്‍ പൂര്‍ത്തിയാക്കാനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്.

നിലവില്‍ 445 സിക്‌സുകള്‍ നേടിയ സഞ്ജുവിന് ആറ് സിക്‌സുകള്‍ കൂടി നേടിയാല്‍ ഈ ചരിത്രനേട്ടം കൈവരിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ രണ്ട് താരങ്ങള്‍ മാത്രമാണ് കുട്ടി ക്രിക്കറ്റില്‍ 450 കടന്നിട്ടുള്ളൂ. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നാഴികക്കല്ല് പിന്നിട്ടത്.

ടി-20യില്‍ ഇന്ത്യ, രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കേരളം എന്നീ ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങിയാണ് സഞ്ജു ഇത്രയധികം സികസുകള്‍ അടിച്ചുകൂട്ടിയത്. രോഹിത്തിനും കോഹ്‌ലിക്കും ശേഷം സഞ്ജുവിന്റെ പേരും ഈ നേട്ടത്തിലെത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.സഞ്ജു, കോഹ്‌ലി

അതേസമയം നവംബര്‍ 14 മുതല്‍ ഡിസംബര്‍ ആറ് വരെയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി നടക്കുന്നത്. ടൂര്‍ണമെന്റില്‍ മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം അസം, ആന്ധ്രപ്രദേശ്, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി, ത്രിപുര എന്ന ടീമുകളും കേരളത്തിന്റെ ഗ്രൂപ്പിലുണ്ട്.

ശ്രീലങ്കയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ ടി-20 പരമ്പര ഡിസംബര്‍ 22നാണ് ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജു പൂര്‍ണമായും ഈ ടൂര്‍ണമെന്റിന് ലഭ്യമാകും. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് തന്റെ സ്ഥാനം നിലനിര്‍ത്താനാകും സഞ്ജു ലക്ഷ്യം വെക്കുന്നത്.

2026 സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീം

സഞ്ജു വി. സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, അഹമ്മദ് ഇമ്രാന്‍, ഗോവിന്ദ് ദേവ് ഡി. പൈ, കൃഷ്ണ ദേവന്‍ ആര്‍.ജെ, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ, നിഖില്‍ എം., വിഘ്‌നേഷ് പുത്തൂര്‍, ബിജു നാരായണന്‍ എന്‍, കാര്‍ത്തിക് ബി. നായര്‍, വൈശാഖ് ചന്ദ്രന്‍, ആസിഫ് കെ.എം, നിധീഷ് എം.ഡി, ഷറഫുദ്ദീന്‍ എന്‍.എം, ജലജ് സക്സേന.

Content Highlight: Sanju needs just five sixes in T20s to make history alongside Rohit Sharma and Virat Kohli