ന്യൂദല്‍ഹി: നവംബര്‍ 13 മുതല്‍ 16 വരെ ഉത്തരേന്ത്യയില്‍ ആചരിക്കുന്ന ഛത് പൂജയ്ക്കായി യമുന നദിയ്ക്ക് സമീപം കൃത്രിമ കുളങ്ങള്‍ നിര്‍മിക്കുന്നു. ദല്‍ഹി സര്‍ക്കാരിന്റെ ഫ്‌ലാഗ്ഷിപ്പ് പദ്ധതിയായ യമുന നദി ശുദ്ധീകരണം എവിടെയെത്തി എന്ന ചോദ്യമാണ് ഉയരുന്നത്.

ഇതിനുമുമ്പും വി.ഐ.പികള്‍ക്കായി നദിയില്‍ നിന്നും മാറി കൃത്രിമ കുളങ്ങള്‍ ഒരുക്കിയെന്ന് ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ കുളങ്ങളില്‍ മിക്കവാറും നിറക്കുന്നത് കുടിക്കാന്‍ ഉപയോഗിക്കുന്ന ശുദ്ധജലമാണ്.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ യമുന ശുദ്ധീകരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ നദിയില്‍ ഇപ്പോഴും വിഷലിപ്തമായ പത ഉണ്ടെന്നും ജലത്തിലെ അമോണിയയുടെ അംശം 1.5 പി.പി.എം ആയി വര്‍ധിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വര്‍ദ്ധിച്ച അമോണിയയുടെ അംശം സംസ്ഥാനത്തെ ജലവിതരണത്തെ ബാധിക്കുമെന്ന് ദല്‍ഹി ജല്‍ ബോര്‍ഡ് പറഞ്ഞിരുന്നു. അമോണിയയുടെ അംശം ഒരു പി.പി.എം വരെ ആണെങ്കില്‍ ജല ശുദ്ധീകരണ പ്ലാന്റുകളില്‍ ക്ലോറിനേഷന്‍ സാധ്യമാണെന്നും അതിനുമുകളിലുള്ളതിനെ ക്ലോറിനേഷന്‍ ചെയ്താല്‍ ക്ലോറാമൈന്‍സ് ഉണ്ടാനാന്‍ സാധ്യതയുണ്ടെന്നും ജല്‍ ബോര്‍ഡ് പറഞ്ഞിരുന്നു.

ദല്‍ഹി പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ചില സ്ഥലങ്ങളില്‍ നദീജലത്തിലെ ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ അളവ് 21,000 ആണ്. ചിലയിടങ്ങളില്‍ അത് 92,000 വരെ എത്തിയിട്ടുണ്ട്. 500 മുതല്‍ 2000 വരെയാണ് അനുവദനീയമായ ഫീക്കല്‍ കോളിഫോമിന്റെ അളവ്.

മനുഷ്യരുടെയോ അല്ലെങ്കില്‍ മറ്റ് ഉഷ്ണരക്തജീവികളുടെയോ വിസര്‍ജ്യം കലര്‍ന്ന് ജലം മലിനമായെന്ന് സൂചിപ്പിക്കുന്നതാണ് ജലത്തിലെ ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ അളവ്.

നമോ യമുന റിവര്‍ സഫാരി ക്രൂസ് സര്‍വീസ് മുഖ്യമന്ത്രി രേഖ ഗുപ്ത നവംബര്‍ പത്തിന് ഉദ്ഘാടനം ചെയ്തിരുന്നു. അതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോകളില്‍ നദിയില്‍ മീന്‍ ചത്ത് പൊങ്ങിക്കിടക്കുന്നത് കാണാമായിരുന്നു.

അതോടെ നദിയിലെ ജലമലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആം ആദ്മി പാര്‍ട്ടി നദിയില്‍ ചത്ത മത്സ്യങ്ങളെ എറിഞ്ഞതാണെന്നാണ് ദല്‍ഹി സര്‍ക്കാര്‍ ആരോപിച്ചത്.

എന്നാല്‍ തുകല്‍ ടാനറിയില്‍ നിന്നും പുറന്തള്ളുന്ന മലിനജലമാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഒരു മാസം മുമ്പ് വടക്കന്‍ ദല്‍ഹിയിലെ ബുരാരിയില്‍ യമുനാതീരത്ത് നൂറുകണക്കിന് മത്സ്യങ്ങള്‍ ചത്ത് പൊങ്ങിയിരുന്നു.

Content Highlight: Delhi government constructs a artificaial  pools on the riverbanks of Yamuna for VIPs to perform Chhath Pooja.