തിരുവനന്തപുരം: വിമര്‍ശനങ്ങളെയും ജനകീയ സമരങ്ങളെയും അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്നത് യു.ഡി.എഫ് സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായി നോക്യാപ്പിന് അനുകൂലമായി ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധിയെക്കുറിച്ച് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

‘സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടുന്ന സര്‍ക്കാരിന്റെ അപ്രഖ്യാപിത സെന്‍സര്‍ഷിപ്പിനേറ്റ കനത്ത പ്രഹരമാണ് ‘നോ ക്യാപ്’  എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് അനുകൂലമായി ഹൈക്കോടതിയില്‍ നിന്നുണ്ടായ സുപ്രധാന വിധി,’ അദ്ദേഹം കുറിച്ചു.

ഇതിലൂടെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച മറ്റൊരു നുണ കൂടി പൊളിഞ്ഞുവീഴുകയാണെന്നും പിണറായി പറഞ്ഞു.

‘തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യിപ്പിക്കാന്‍ താനത്ര ‘മഹാസംഭവ’മാണോ എന്ന് ചോദിച്ചു പരിഹസിച്ച മുഖ്യമന്ത്രിയുടെ തനിനിറമാണ് ഇവിടെ വെളിവാകുന്നത്,’ അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി വിശാലമനസോടെ താന്‍ തന്നെ മെറ്റയ്ക്ക് കത്തെഴുതാമെന്ന് പരിഹസിച്ച മുഖ്യമന്ത്രി മറുഭാഗത്ത് പോലീസിനെയും ഭരണസംവിധാനങ്ങളെയും ഉപയോഗിച്ച് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പേജുകള്‍ എന്നെന്നേക്കുമായി പൂട്ടിക്കെട്ടാന്‍ രഹസ്യ നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കേരള ഇന്‍ഡിപ്പെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍’ എന്ന കര്‍ഷക കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജ് നിരോധിച്ച കേസില്‍ ആ പേജ് പൂര്‍ണ്ണമായി ബ്ലോക്ക് ചെയ്യാന്‍ മെറ്റയോട് ആവശ്യപ്പെട്ടത് സര്‍ക്കാര്‍ തന്നെയാണെന്ന് ഹൈക്കോടതി വിധിയിലൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

ഭരണപരാജയങ്ങള്‍ മറച്ചുവെക്കാന്‍ വിമര്‍ശകരുടെ ശബ്ദം ഇല്ലാതാക്കുന്ന ഈ ഏകാധിപത്യ രീതി പ്രബുദ്ധ കേരളം വെച്ചുപൊറുപ്പിക്കില്ലെന്നും അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന ഇത്തരം മാധ്യമ വേട്ടകള്‍ക്കും സൈബര്‍ സെന്‍സര്‍ഷിപ്പുകള്‍ക്കുമെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ വിയോജിക്കാനുള്ള അവകാശത്തെ പോലീസ് രാജ് കൊണ്ട് നേരിടാമെന്ന് ആരും കരുതേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

മെറ്റ വിലക്കേര്‍പ്പെടുത്തിയിരുന്ന് നോക്യാപ് ഫേസ്ബുക്ക് പേജ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് പുനസ്ഥാപിച്ചത്. ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്ത മെറ്റയുടെ നടപടിക്കെതിരെ നോക്യാപ് ചീഫ് എഡിറ്റര്‍ അലി ഹൈദര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പേജ് പുനസ്ഥാപിക്കാന്‍ ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഉത്തരവിട്ടത്.

നോക്യാപ്പിന്റെ പേജ് പൂര്‍ണമായും നീക്കം ചെയ്യാനല്ല മെറ്റക്ക് നിര്‍ദേശം നല്‍കിയതെന്നും ചില കമന്റുകള്‍ നീക്കം ചെയ്യാനായിരുന്നു നിര്‍ദേശം നല്‍കിയതെന്നും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇതോടെ താന്‍ പേജ് നീക്കം ചെയ്യാന്‍ നിര്‍ദേശമൊന്നും നല്‍കിയില്ല എന്ന വാദം പൊളിഞ്ഞു എന്നാണ് പ്രതിപക്ഷം പറയുന്നത്.

Content Highlight: The government’s belief that it can suppress criticism and popular protests by using its power is merely a delusion: Pinarayi