മലയാളത്തിനൊപ്പം അന്യഭാഷാ സിനിമകളിലും ഒരുപോലെ ശ്രദ്ധ നല്‍കിക്കൊണ്ട് കരിയര്‍ മുന്നോട്ട് കൊണ്ടുപോവുകയാണ് മലയാളികളുടെ സ്വന്തം ദുല്‍ഖര്‍. കേരളത്തിലെപ്പോലെ തെലുങ്കിലും വലിയൊരു ഫാന്‍ബേസ് ഡി.ക്യു സ്വന്തമാക്കിക്കഴിഞ്ഞു. ഓരോ സിനിമയിലും തന്നിലെ പെര്‍ഫോമറെ അടയാളപ്പെടുത്താനും താരത്തിന് സാധിക്കുന്നുണ്ട്.

ഐ ആം ഗെയിം പ്രതീക്ഷക്കൊത്ത് ഉയരാതെ പോയതില്‍ ആരാധകര്‍ക്ക് വലിയ നിരാശയുണ്ട്. എന്നാല്‍ ഈ വര്‍ഷം തന്നെ താരം ഒരിക്കല്‍കൂടി ഞെട്ടിക്കുമെന്ന് ഉറപ്പാണ്. റിലീസിന് തയാറെടുക്കുന്ന ആകാസം ലോ ഒക്ക താര ദുല്‍ഖര്‍ എന്ന നടന്‍ വിസ്മയിപ്പിക്കുമെന്നാണ് ഓരോ അപ്‌ഡേറ്റുകളും നല്‍കുന്ന സൂചന. ചിത്രത്തിന്റെ പ്രൊമോഷനിടെ ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

അടുത്ത കാലത്തായി ലവബിള്‍ ബോയ് റോളുകളിലാണ് താരത്തെ കാണുന്നതെന്നും അതെല്ലാം തങ്ങള്‍ക്ക് ഇഷ്ടമാണെന്നും ഒരു ആരാധിക താരത്തോട് പറഞ്ഞു. ഒരുപാട് കാര്‍ കളക്ഷനുള്ള ദുല്‍ഖര്‍ റേസിങ് പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു. ഇതിന് ദുല്‍ഖര്‍ നല്‍കിയ മറുപടിയാണ് ചര്‍ച്ചയായത്.

‘ഇത് എന്റെ സംവിധായകരോടാണ് ചോദിക്കേണ്ടത്. സത്യം പറഞ്ഞാല്‍ ഈയൊരു സബ്ജക്ടിനെക്കുറിച്ചുള്ള ഡിസ്‌കഷന്‍ നടക്കുന്നുണ്ട്. ആ സ്റ്റേജിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ പറ്റില്ല. എല്ലാം ഓക്കെയായാല്‍ അടുത്ത വര്‍ഷം സമ്മറില്‍ ആ പ്രൊജക്ട് സ്റ്റാര്‍ട്ട് ചെയ്‌തേക്കും. എന്റെ ഡയറക്ടര്‍ക്ക് ഞാന്‍ ഇടയ്‌ക്കൊക്കെ’സാര്‍ എന്തായി കാര്യങ്ങള്‍’ എന്ന് മെസേജയച്ച് ചോദിക്കാറുണ്ട്,’ ദുല്‍ഖര്‍ പറയുന്നു.

ഇതിന് പിന്നാലെയാണ് ദുല്‍ഖറിന്റെ അടുത്ത പ്രൊജക്ട് വീണ്ടും ചര്‍ച്ചയായത്. സൗബിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ബൈക്ക് റേസിനെ ചുറ്റിപ്പറ്റി പറയുന്ന കഥയാകുമെന്ന് പലരും അഭിപ്രായപ്പെടുന്നു. പറവയ്ക്ക് ശേഷം സൗബിന്‍ സംവിധായക കുപ്പായമണിയുന്ന ചിത്രം പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.

ഓതിരം കടകം എന്ന പേരില്‍ ഇരുവരും ഒന്നിക്കുന്ന ഒരു സിനിമ അനൗണ്‍സ് ചെയ്‌തെങ്കിലും പിന്നീട് അത് ഡ്രോപ്പ് ചെയ്യുകയായിരുന്നു. ഐ ആം ഗെയിമിന്റെ ഷൂട്ടിനിടയിലായിരുന്നു ദുല്‍ഖറും സൗബിനും തമ്മിലുള്ള പ്രൊജക്ടിനെക്കുറിച്ചുള്ള ചര്‍ച്ച അരങ്ങേറിയത്. പറവ പോലെ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ മഡ് റേസിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Dulquer saying he will do a movie based on racing in next year