2016ൽ പുറത്തിറങ്ങിയ ആനന്ദം എന്ന സിനിമയിൽ കുപ്പി എന്ന കഥാപാത്രം ചെയ്തുകൊണ്ടാണ് വിശാഖ് നായർ സിനിമയിൽ അരങ്ങേറുന്നത്. അതിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ചെറുതും വലുതുമായ ഒത്തിരി വേഷങ്ങൾ ചെയ്ത് നടൻ സിനിമയിൽ സജീവമായി. ചത്ത പച്ച എന്ന ചിത്രത്തിലെ താരത്തിന്റെ വില്ലൻ വേഷത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. ശബാഷ് മിത്തു എന്ന സിനിമയിലൂടെ ബോളിവുഡിലും ചുവടുവെപ്പ് നടത്തി. അക്കയാണ് താരത്തിന്റെ ഏറ്റവും പുതിയ വെബ് സീരീസ്. കീർത്തി സുരേഷും രാധിക ആപ്തെയുമാണ് സീരീസിലെ മറ്റ് പ്രധാനപ്പെട്ട അഭിനേതാക്കൾ.
അക്കയുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഒന്ന് മലയാള സിനിമയുടെ തറവാട് എന്നറിയപ്പെടുന്ന വരിക്കാശ്ശേരി മനയായിരുന്നു. ദേവാസുരം, ആറാം തമ്പുരാൻ, നരസിംഹം, രാവണപ്രഭു, രാപ്പകൽ, വല്യേട്ടൻ, ചന്ദ്രോത്സവം, മാടമ്പി,ദ്രോണ, ഭ്രമയുഗം തുടങ്ങിയ സിനിമകളെല്ലാം ചിത്രീകരിച്ചത് ഈ മനയിൽ വെച്ചാണ്. മനയെക്കുറിച്ചും അവിടെ അഭിനയിച്ചപ്പോഴുണ്ടായ തന്റെ അനുഭവത്തെ കുറിച്ചും റിപ്പോർട്ടർ ഫിലിംസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിശാഖ് നായർ.

അക്ക.വരിക്കാശ്ശേരി മന.Photo:Screen Grab/Youtube.com
‘ഞാൻ ആദ്യമായിട്ടായിരുന്നു വരിക്കാശ്ശേരി മനയിൽ ഷൂട്ടിങ്ങിനു പോയത്. പണ്ട് ചെറുപ്പത്തിൽ സിനിമയിലൊക്കെ വരുന്നതിന് ഫിലിം ടുറിസത്തിന്റെ ഭാഗമായി പോയി കണ്ടിട്ടുണ്ട്. ഇവിടെയാണ് ദേവാസുരം ഷൂട്ട് ചെയ്തത്, രേവതി ഡാൻസ് ചെയ്ത സ്പോട്ട് ഇതാണ് അങ്ങനെയൊക്കെയാണ് അവിടെ വെച്ച് ചിന്തിച്ചത്. അവിടെ പോയി ഷൂട്ട് ചെയ്യുമ്പോൾ നമ്മളും ഫിലിം ഹെറിറ്റേജിന്റെ ഭാഗമാവുകയാണല്ലോ, ആ ഒരു വേദിയിൽ പെർഫോം ചെയ്യുക അല്ലെങ്കിൽ ഡാൻസ് ചെയ്യുക എന്നൊക്കെ പറയുന്നത് ഒരു ആക്ടർ എന്ന നിലയിൽ എന്റെയുള്ളിലെ കൊച്ചുകുട്ടി ഹാപ്പിയായ പോലെയായിരുന്നു’, വിശാഖ് പറഞ്ഞു.
മലയാളികൾ എന്ന നിലയിൽ വരിക്കാശ്ശേരി മന മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായതുകൊണ്ടും ഐകോണിക് ആയതുകൊണ്ടും മനയെ എങ്ങനെയൊക്കെ മാറ്റിയാലും നമുക്കത് മനസിലാവുമെന്നും എങ്കിലും അവർ വേറൊരു രീതിയിൽ ട്രീറ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി. പൊതുവെ ഹിന്ദി സിനിമകൾ ഷൂട്ട് ചെയ്യുന്നത് ഇൻഡോർ സൈറ്റിലാണെന്നും എന്നാൽ അക്കയിലേക്ക് വരുമ്പോൾ ലൈവ് ലൊക്കേഷനിലാണ് അധികവും ഷൂട്ട് ചെയ്തതെന്നും താരം കൂട്ടിച്ചേർത്തു.

അക്ക.Photo:Screen Grab/X.com
‘ഇവിടെ മലയാള സിനിമയിൽ നമുക്കെല്ലാം ലൈവ് ലൊക്കേഷനാണ്. നമ്മൾ വല്ലപ്പോഴുമല്ലേ സ്റ്റുഡിയോയിൽ കയറുകയുള്ളൂ. പക്ഷേ അവർക്ക് നേരെ ഓപ്പോസിറ്റാണ്. അവർക്ക് ഇവിടെ വന്നിട്ട് ഒരു ലൈവ് ലൊക്കേഷനിൽ അതും സിങ്ക് സൗണ്ടിൽ എൻവയോൺമെന്റ് മുഴുവൻ കൺട്രോൾ ചെയ്ത് അതിനകത്ത് ഷൂട്ട് ചെയ്യാൻ അവർ കുറച്ച് കഷ്ടപ്പെട്ടു.
കാണാൻ വരുന്ന ക്രൗഡിനെ കൺട്രോൾ ചെയ്തതൊന്നും അവർക്ക് പരിചയമില്ലല്ലോ അപ്പോൾ കീർത്തിയെ പോലൊരു ആക്ടറൊക്കെ വന്ന് നിൽക്കുമ്പോൾ ഫാൻസൊക്കെ എക്സൈറ്റഡായി കാണാൻ വരും. അപ്പോൾ അവരെയൊക്കെ കൺട്രോൾ ചെയ്യാൻ അവർ ബുദ്ധിമുട്ടിയിട്ടുണ്ട്. അവർക്കാണെങ്കിൽ ഭാഷയും അറിയില്ല. അവർക്കത് കംപ്ലീറ്റിലി പുതിയൊരു എക്സ്പീരിയൻസായിരുന്നു. അവർക്കിത് പുതിയൊരു ലാൻഡും പുതിയ എക്സ്പീരിയൻസുമാണ്. അതുകൊണ്ട് പുറത്തു നിന്നൊരാൾ ഇവിടെ വന്ന് ഷൂട്ട് ചെയ്യുമ്പോൾ അവരുടെ ഒരു വ്യൂപോയിന്റിൽ നമ്മൾ പോലും കാണാത്ത രീതിയിലായിരിക്കും അവരതിനെ പ്രെസന്റ് ചെയ്യുന്നത്,’ വിശാഖ് പറഞ്ഞു.
Content Highlight: Vishak Nair said that controlling Keerthy’s fans was difficult and that Malayalis would recognise Mana regardless of any appearance.
