ഇന്ത്യന്‍ സിനിമയിലെ കളക്ഷന്‍ റെക്കോഡുകള്‍ പലതും തകര്‍ത്ത് മുന്നേറുകയാണ് രാമായണ. ഇന്ത്യന്‍ ഐതിഹ്യകഥയെ ആസ്പദമാക്കി ഒരുങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറുമെന്നാണ് കണക്കുകൂട്ടല്‍. 1500 കോടിയിലേറെ ചെലവഴിച്ച് ഒരുങ്ങിയ രാമായണ ബോക്‌സ് ഓഫീസില്‍ ചരിത്രമെഴുതിയിരിക്കുകയാണ്.

ദീപാവലി റിലീസായെത്തിയ ചിത്രം ഇതിനോടകം ആയിരം കോടി എന്ന നാഴികക്കല്ല് പിന്നിട്ടു കഴിഞ്ഞു. റിലീസ് ചെയ്ത് എട്ടാം ദിനത്തിലേക്ക് കടക്കുമ്പോഴാണ് രാമായണ ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും വേഗത്തില്‍ ആയിരം കോടി നേടിയ സിനിമകളുടെ ലിസ്റ്റില്‍ മൂന്നാമതാണ് ഇപ്പോള്‍ രാമായണ. പുഷ്പ 2, ധുരന്ധര്‍ 2 എന്നീ ചിത്രങ്ങളാണ് ലിസ്റ്റിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഏഴ് ദിവസം കൊണ്ടാണ് ഈ രണ്ട് സിനിമകളും ആയിരം കോടി നേടിയത്.

എന്നാല്‍ ഇതിനെക്കാള്‍ ശ്രദ്ധേയമായത് മറ്റൊരു റെക്കോഡാണ്. റിലീസ് ചെയ്ത് ആദ്യ ദിവസം മുതല്‍ ഇന്നുവരെ ഒരിക്കല്‍ പോലും നൂറ് കോടിയില്‍ താഴേക്ക് രാമായണയുടെ കളക്ഷന്‍ പോയിട്ടില്ല. ആദ്യദിനം 120 കോടി നേടിയാണ് രാമായണ ബോക്‌സ് ഓഫീസ് വേട്ട ആരംഭിച്ചത്. രണ്ടാം ദിനം 103 കോടി, മൂന്നാം ദിനം 154 കോടി, നാലാം ദിനം 134 കോടി, അഞ്ചാം ദിനം 148 കോടി, ആറാം ദിനം 176 കോടി, ഏഴാം ദിനം 116 കോടി എന്നിങ്ങനെയാണ് ചിത്രത്തിന്റെ കളക്ഷന്‍.

മറ്റൊരു ഇന്ത്യന്‍ സിനിമക്കും ഈയൊരു നേട്ടം ഇതുവരെ സ്വന്തമാക്കാനായിട്ടില്ല. രണ്ടാം വാരത്തിലും ഇതേ രീതിയില്‍ രാമായണ മുന്നേറുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. ഇന്ത്യയില്‍ സകല റീജിയണുകളിലും ഗംഭീര ഹോള്‍ഡാണ് ചിത്രത്തിനുള്ളത്. ഇന്ത്യയില്‍ നിന്ന് മാത്രം ആയിരം കോടിക്കടുത്ത് ചിത്രം സ്വന്തമാക്കിയേക്കുമെന്നും സിനിമാപേജുകള്‍ പ്രവചിക്കുന്നുണ്ട്.

ആയിരം കോടി നേടിയെങ്കിലും ചിത്രം ബ്രേക്ക് ഇവനാകണമെങ്കില്‍ 2800 കോടി വേണമെന്നാണ് ട്രാക്കിങ് പേജുകള്‍ അഭിപ്രായപ്പെടുന്നത്. വലിയ ബജറ്റ് റിക്കവര്‍ ചെയ്യാന്‍ വേണ്ടിയാണ് ഈ തുകയെന്നും ഇപ്പോഴത്തെ സാഹചര്യം രാമായണക്ക് അനുകൂലമാണെന്നും ട്രാക്കര്‍മാര്‍ അഭിപ്രായം പങ്കുവെച്ചു. ദംഗലിന് ശേഷം മറ്റൊരു ബോളിവുഡ് സിനിമക്കും 2000 കോടി നേടാനായിട്ടില്ല.

എല്ലാം ഒത്തുവന്നാല്‍ ദംഗലിനെയും ബാഹുബലിയെയും മറികടന്ന് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയമായി രാമായണ മാറിയേക്കും. ആദ്യഭാഗം എത്ര കളക്ഷന്‍ നേടിയാലും അതിന്റെ ഇരട്ടിയാകും രണ്ടാം ഭാഗം ബോക്‌സ് ഓഫീസില്‍ നിന്ന് നേടുകയെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു.

Content highlight: Ramayana movie collected 100 crores in first seven days