ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലെ നാലാം മത്സരം മൗണ്ട് മൗംഗനുയിയിലെ ബേ ഓവലില്‍ പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലാന്‍ഡ് വില്‍ യങിന്റെ സെഞ്ച്വറി മികവില്‍ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്.

നവംബര്‍ 19ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകള്‍ക്കായി ശുഭ്മന്‍ ഗില്‍ വെല്ലിങ്ടണിലേക്ക് പോയതിനാല്‍ ശ്രേയസ് അയ്യരാണ് ഇന്ത്യയെ നയിക്കുന്നത്. ടോസ് നേടിയ ഇന്ത്യ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഓപ്പണര്‍മാരായ വില്‍ യങ്ങും ടിം സീഫര്‍ട്ടും ന്യൂസിലാന്‍ഡിന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് നേടിയ 85 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് കിവീസിന്റെ ഇന്നിങ്‌സിന് അടിത്തറയേകി. 58 റണ്‍സെടുത്ത സീഫര്‍ട്ടിനെ കഴിഞ്ഞ കളിയിലെ താരമായ ഗുര്‍നൂര്‍ ബ്രാര്‍ പുറത്താക്കി.

തുടര്‍ന്ന് ക്രീസിലെത്തിയ നിക്ക് കെല്ലിയും ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റും പെട്ടെന്നു തന്നെ തിരിച്ചു കയറി. എന്നാല്‍ അഞ്ചാമനായി ക്രീസിലെത്തിയ ഫിന്‍ അലനെ കൂട്ടുപിടിച്ച് വില്‍ യങ് കിവീസിന്റെ സ്‌കോര്‍ ഉയര്‍ത്തി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 90 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

32ാം ഓവറിന്റെ അവസാനപന്തില്‍ വില്‍ യങ് ഏകദിനത്തില്‍ തന്റെ അഞ്ചാമത്തെയും ഇന്ത്യയ്‌ക്കെതിരായ ആദ്യത്തെയും സെഞ്ച്വറി പൂര്‍ത്തിയാക്കി. 88 പന്തിലാണ് യങ് നൂറ് കടന്നത്.

എന്നാല്‍ ഇന്ത്യയുടെ ഫീല്‍ഡിങ് പിഴവാണ് വില്‍ യങിന്റെയും ന്യൂസിലാന്‍ഡിന്റെയും കൂറ്റന്‍ സ്‌കോറുകള്‍ക്ക് കാരണമായത്. ആഖ്വിബ് നബി എറിഞ്ഞ ഇന്നിങ്‌സിന്റെ രണ്ടാം ഓവറില്‍ അടുപ്പിച്ച് രണ്ട് തവണയാണ് യങിനെ ഇന്ത്യ ഡ്രോപ്പ് ചെയ്തത്.

ഓവറിലെ അഞ്ചാം പന്തില്‍ യങ് എഡ്ജ് ചെയ്ത പന്ത് ഫര്‍സ്റ്റ് സ്ലിപ്പില്‍ നിന്ന രോഹിതിന്റെ കൈകളിലേക്കാണ് എത്തിയത്. എന്നാല്‍ പന്ത് കൈപ്പിടിയിലൊതുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. തൊട്ടടുത്ത പന്തില്‍ ക്യാച്ച് ഡ്രോപ്പ് ചെയ്തത് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ആയിരുന്നു. നബിയുടെ മികച്ച ഒരു ഔട്ട് സ്വിങ്ങര്‍ യങ്ങിന്റെ ബാറ്റില്‍ തട്ടി ഇഷാന്‍ കിഷന്റെ വലതുവശത്തേക്ക് പറന്നു. ക്യാച്ചിന് വേണ്ടി ഡൈവ് ചെയ്‌തെങ്കിലും കിഷന്റെ ഗ്ലൗവ്‌സില്‍ തട്ടി പന്ത് താഴെ വീണു.

രണ്ട് തവണ ജീവന്‍ തിരിച്ചുകിട്ടിയ യങ് 37ാം ഓവര്‍ വരെ ക്രീസില്‍ ഉറച്ചുനിന്നു. 108 പന്തില്‍ 125 റണ്‍സ് എടുത്ത യങ്ങിനെ നമന്‍ ധിര്‍ ആണ് പുറത്താക്കിയത്. ന്യൂസിലാന്‍ഡിന് വേണ്ടി ഫിന്‍ അലന്‍ 41 റണ്‍സും മിച്ചല്‍ സാന്റ്‌നര്‍ 24 റണ്‍സും നേടി.

ഇന്ത്യയ്ക്ക് വേണ്ടി അക്‌സര്‍ പട്ടേലും ഗുര്‍നൂര്‍ ബ്രാറും ആഖ്വിബ് നബിയും രണ്ട് വിക്കറ്റ് വീതം നേടി. അര്‍ഷ്ദീപ് സിങ്, നമന്‍ ധിര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നിലവില്‍ 48 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 318 എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്.

മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ നാലാം ഏകദിനത്തിനിറങ്ങിയത്. ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന് പോയ ശുഭ്മന്‍ ഗില്‍, കെ.എല്‍. രാഹുല്‍, അന്‍ശൂല്‍ കാംബോജ് എന്നിവര്‍ക്ക് പകരം ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലിടം നേടി. ആറ് മാറ്റങ്ങളുമായാണ് ന്യൂസീലാന്‍ഡ് കളത്തിലിറങ്ങിയത്.

Content Highlight: Dropped twice in the second over, NZ Star Will Young Goes On To Slam 100.