ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലെ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 244 റണ്‍സിന്റ വന്‍ തോല്‍വി. ന്യൂസിലാന്‍ഡ് മുന്നോട്ട് വെച്ച 334 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 26.4 ഓവറില്‍ 89 റണ്‍സിന് പുറത്താവുകയായിരുന്നു.

റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യ നേരിടുന്ന രണ്ടാമത്തെ വലിയ തോല്‍വിയാണിത്. 26 വര്‍ഷം മുമ്പ് ശ്രീലങ്കയോടേറ്റ 245 റണ്‍സിന്റെ തോല്‍വിയാണ് ടീമിന്റെ ചരിത്രത്തിലെ വലിയ തോല്‍വി.

മൗണ്ട് മൗംഗനുയിയിലെ ബേ ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍ വില്‍ യങിന്റെ സെഞ്ച്വറി മികവിലാണ് ന്യൂസിലാന്‍ഡ് 333 റണ്‍സ് നേടിയത്.

Photo-x.com

108 പന്തുകള്‍ നേരിട്ട വില്‍ യങ് 125 റണ്‍സ് നേടി. 14 ഫോറുകളും നാല് സിക്‌സറുകളും അടങ്ങുന്നതായിരുന്നു യങ്ങിന്റെ ഇന്നിങ്‌സ്. സീഫര്‍ട്ട് 58 റണ്‍സും ഫിന്‍ അലന്‍ 41 റണ്‍സും മിച്ചല്‍ സാന്റ്‌നര്‍ 24 റണ്‍സുമെടുത്തു.

ഇന്ത്യയ്ക്ക് വേണ്ടി ആഖ്വിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നമന്‍ ധീറും അര്‍ഷ്ദീപ് സിങും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ പതനം വളരെ പെട്ടെന്നായിരുന്നു. ഇന്ത്യ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ആദ്യ ഓവറില്‍ തന്നെ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കി മാറ്റ് ഹെന്റി ഇന്ത്യയെ തകര്‍ത്തു.

ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ രോഹിത് ശര്‍മയും അവസാന രണ്ട് പന്തുകളില്‍ വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും പുറത്തായി. റണ്‍സെടുക്കുന്നതിന് മുമ്പേ തന്നെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് പിന്നീട് താളം വീണ്ടെടുക്കാനായില്ല.

ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പൊരുതി നിന്നത് 27 റണ്‍സ് നേടിയ ഇഷാന്‍ കിഷനും 21 റണ്‍സ് വീതം നേടിയ അക്‌സര്‍ പട്ടേലും നമന്‍ ധീറും മാത്രമാണ്.

കൃത്യമായ ഇടവേളകളില്‍ ന്യൂസിലാന്‍ഡ് പേസര്‍മാര്‍ ആക്രമണം തുടരുകയും ചെയ്തതോടെ ഇന്ത്യയ്ക്ക് പ്രതികരിക്കാന്‍ പോലും സാധിക്കുന്നതിന് മുമ്പേ പരാജയം സമ്മതിക്കേണ്ടി വന്നു.

ആദ്യ ഓവറിലെ മൂന്ന് വിക്കറ്റ് ഉള്‍പ്പെടെ ആറ് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയാണ് ഇന്ത്യയുടെ പരാജയത്തിന്റെ ആഴം കൂട്ടിയത്. ഹെന്റി തന്നെയാണ് കളിയിലെ താരവും. മാത്യു ഫിഷര്‍ മൂന്ന് വിക്കറ്റും കൈല്‍ ജാമിസണ്‍ ഒരു വിക്കറ്റും നേടി.

പരമ്പരയിലെ അവസാന മത്സരം നവംബര്‍ 15 ഞായറാഴ്ച മൗംഗനൂയിയില്‍ തന്നെ നടക്കും.

Content  Highlight: Newzealand defeats India in the fourth  ODI for  a huge margin of 244  runs.