ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലെ നാലാം മത്സരം മൗണ്ട് മൗംഗനുയിയിലെ ബേ ഓവലില്‍ പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 334 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയാണ്. സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് ചേര്‍ക്കും മുമ്പേ തന്നെ ആദ്യ ഓവറില്‍ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായിരിക്കുന്നത്.

വലം കൈയന്‍ പേസര്‍ മാറ്റ് ഹെന്റി എറിഞ്ഞ ആദ്യ ഓവറിന്റെ ആദ്യ പന്തില്‍ തന്നെ ഇന്ത്യയ്ക്ക് ഹിറ്റ്മാന്‍ രോഹിത് ശര്‍മയെ നഷ്ടമായി. രോഹിത് എഡ്ജ് ചെയ്ത പന്ത് സ്ലിപ്പില്‍ നിന്ന ഫിന്‍ അലന്റെ കൈകളിലേക്ക് സുരക്ഷിതമായെത്തി. ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ ആദ്യ ഗോള്‍ഡന്‍ ഡക്കാണിത്.

പിന്നാലെയെത്തിയ വിരാട് കോഹ്‌ലിയെ ആദ്യ പന്തുമുതല്‍ തന്നെ ഹെന്റി വെള്ളം കുടിപ്പിച്ചു. നേരിട്ട നാലാം പന്തില്‍ തന്നെ ഹെന്റി സ്റ്റംപ് തെറിപ്പിക്കുമ്പോള്‍ നോക്കിനില്‍ക്കാന്‍ മാത്രമേ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞുള്ളു.

പിന്നാലെയിറങ്ങിയ ക്യാപ്റ്റന്‍ ശ്രേയസിനെ തൊട്ടടുത്ത പന്തില്‍ ഹെന്റി വിക്കറ്റിന് മുന്നില്‍ കുടുക്കി. അപ്പീല്‍ വിളിച്ചെങ്കിലും അമ്പയര്‍ കുമാര്‍ ധര്‍മസേന ഔട്ട് വിളിച്ചില്ല. പൂര്‍ണ ആത്മവിശ്വാസത്തോടെ കിവീസ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ഡി.ആര്‍.എസിന് സിഗ്നല്‍ നല്‍കി.

കിവീസിന് തെറ്റിയില്ല, ബോള്‍ ട്രാക്കിങില്‍ മൂന്ന് ചുവപ്പ്. ക്യാപ്റ്റനായുള്ള ആദ്യ ഏകദിനത്തില്‍ തന്നെ റണ്‍സൊന്നുമെടുക്കാതെ ശ്രേയസ് അയ്യര്‍ തിരിച്ചുനടന്നു.

ആറാം ഓവറിന്റെ മൂന്നാം പന്തില്‍ കൈല്‍ ജാമിസന്റെ പന്ത് എഡ്ജ് ചെയ്ത് സെക്കന്റ് സ്ലിപ്പില്‍ നിന്ന ബ്രേസ്‌വെല്ലിന് ക്യാച്ച് നല്‍കി ഋതുരാജ് ഗെയ്ക്വാദും മടങ്ങി. അതോടെ ഇന്ത്യയുടെ സ്‌കോര്‍ ഒമ്പത് റണ്‍സിന് നാല് വിക്കറ്റ്.

42 ഓവറില്‍ 322 റണ്‍സാണ് ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത്. എട്ട് ഓവറില്‍ 13 റണ്‍സിന് നാല് വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്‍ കിഷനും അക്‌സര്‍ പട്ടേലുമാണ് ഇപ്പോള്‍ ക്രീസില്‍ നില്‍ക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 108 പന്തില്‍ 125 റണ്‍സ് നേടിയ വില്‍ യങ്ങിന്റെ ബാറ്റിങ് മികവിലാണ് 333 റണ്‍സ് നേടിയത്.

Content Highlight: India losses three wickets to Matt Henry in first over against Newzealand chasing 334