ബീഹാര്‍: ബി.ജെ.പി എം.എല്‍.എയും ഗായികയുമായ മൈഥിലി താക്കൂറിനും പിതാവ് രമേശ് താക്കൂറിനെതിരായ ഭൂമി കയ്യേറ്റ പരാതിയില്‍ നടപടിയുമായി ജില്ലാ ഭരണകൂടം. ബീഹാറിലെ ദര്‍ഭംഗ ജില്ലയിലെ താര്‍ദിഹ് ബ്ലോക്കിലെ പൊഖര്‍ഭിന്‍ഡ ഗ്രാമത്തിലാണ് സംഭവം. സര്‍ക്കാര്‍ റോഡും സ്വകാര്യ വ്യക്തികളുടെ ഭൂമിയും കയ്യേറിയെന്നാണ് പ്രദേശവാസികള്‍ പരാതി നല്‍കിയത്.

പ്രാദേശിക താമസക്കാരനായ ഗഗന്‍ കുമാര്‍ മിശ്ര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നവംബര്‍ 12ന് ഡെപ്യൂട്ടി കലക്ടര്‍ (ലാന്‍ഡ് റിഫോംസ്) അജയ് കുമാറിന്റെയും സര്‍ക്കിള്‍ ഓഫീസര്‍ ആലോക് കുമാറിന്റെയും നേതൃത്വത്തില്‍ സംഭവ സ്ഥലത്തെത്തി ഭൂമി അളക്കുകയും സര്‍ക്കാര്‍ റോഡിന്റെ ഒരു ഭാഗത്ത് കയ്യേറ്റം നടന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് റോഡിന്റെ ഭാഗത്ത് സ്ഥാപിച്ച ഇഷ്ടിക മതില്‍ പൊളിക്കാന് നിര്‍ദേശം നല്‍കുകയും ചെയ്തു.

ഗ്രാമദേവതയായ തിവാരി ബാബയുടെ സ്ഥലം, രാധാകൃഷ്ണ ക്ഷേത്രം, പൊതുശ്രാദ്ധസ്ഥലം, സ്വകാര്യ വ്യക്തികളുടെ ഭൂമി, കുളത്തില്‍നിന്നുള്ള നീര്‍ച്ചാല്‍ എന്നിവയും കയ്യേറിയെന്ന് ഗ്രാമവാസികള്‍ ചൂണ്ടിക്കാട്ടി. കുളത്തില്‍നിന്നുള്ള നീര്‍ച്ചാല്‍ മണ്ണിട്ട് നികത്തി അവിടെ കാവല്‍ക്കാരന് താമസിക്കാന്‍ മുറി നിര്‍മിച്ചെന്നും പരാതിയിലുണ്ട്. പരാതികള്‍ അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഗഗന്‍ കുമാര്‍ മിശ്രയുടെ 12 ധൂരിലധികം വരുന്ന സ്വകാര്യ ഭൂമി കയ്യേറി അതിര്‍ത്തി മതില്‍ നിര്‍മിച്ചെന്നാണ് മറ്റൊരു പരാതി. രാം ഉദാര്‍ മിശ്രയുടെ 15 ധൂര്‍ ഭൂമിയുമായി ബന്ധപ്പെട്ടും തര്‍ക്കമുണ്ട്. ഭൂമി കൈമാറ്റം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും അത് പാലിക്കുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്തില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഭൂമിയുടെ അതിര്‍ത്തിയില്‍ മണ്ണ് നീക്കം ചെയ്തതിനെത്തുടര്‍ന്ന് മരങ്ങള്‍ ഉള്‍പ്പെടെ വീഴാന്‍ സാധ്യതയുണ്ടെന്ന് രാംദായ് ദേവിയും പരാതിപ്പെട്ടിട്ടുണ്ട്.

ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരോട് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം മൈഥിലി താക്കൂറിനെതിരെ ആര്‍.ജെ.ഡി നേതാവും ബീഹാര്‍ നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് രംഗത്തെത്തി. ബി.ജെ.പി എം.എല്‍.എ മൈഥിലി താക്കൂറും പിതാവും 100 കോടിയോളം രൂപയുടെ സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ ഭൂമിയും നിയമവിരുദ്ധമായി കയ്യടക്കി വെച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘ബി.ജെ.പി എം.എല്‍.എ മൈഥിലി താക്കൂറും അവരുടെ പിതാവ് രമേശ് താക്കൂറും ദര്‍ഭംഗ ജില്ലയിലെ തര്‍ദിഹ് ബ്ലോക്കില്‍ നൂറുകണക്കിന് കോടി രൂപയുടെ സര്‍ക്കാര്‍ ഭൂമി, ഒരു പൊതു പാത, ഒരു കൂട്ടായ ശ്രദ്ധാസ്ഥലം, സ്വകാര്യ പ്ലോട്ടുകള്‍ എന്നിവ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്നു,’ തേജസ്വി യാദവ് പറഞ്ഞു.

സംസ്ഥാനം ഭരിക്കുന്ന എന്‍.ഡി.എ നിയമസഭാംഗങ്ങള്‍ പൊതുജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഇതിനേക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് തേജസ്വി യാദവ് ചോദിച്ചു.

Content Highlight: District administration takes action regarding a land encroachment complaint against a BJP MLA and her father