മലയാളത്തിലെ പിന്നണി ഗായകരില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് ജ്യോത്സ്‌ന രാധാക്യഷ്ണന്‍. 2002ല്‍ പുറത്തിറങ്ങിയ പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലെ ‘വളകിലുക്കം കേട്ടെടീ’ എന്ന ഗാനത്തിലൂടെയാണ് ജ്യോത്സ്‌ന മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ ഗായികയെ സംഗീത പ്രേമികള്‍ക്ക് സുപരിചിതയാക്കിയ ഗാനം നമ്മള്‍ എന്ന കമല്‍ സംവിധാനം ചെയ്ത ചിത്രത്തിലെ സുഖമാണീ നിലാവാണ്.

ജ്യോത്സ്‌ന. Photo: ritz Magazine ritz

പിന്നാലെ കറുപ്പിനഴക് (സ്വപ്‌നക്കൂട്), മെല്ലെയൊന്നു പാടി നിന്നെ(മനസിനക്കരെ), തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ (റെയിന്‍ റെയിന്‍ കം എഗെയ്ന്‍), മെഹറുബാ (പെരുമഴക്കാലം) തുടങ്ങിയ ഗാനങ്ങളിലൂടെയെല്ലാം മലയാളി പ്രേക്ഷക ഹൃദയങ്ങളില്‍ ജ്യോത്സ്‌ന സ്ഥാനം നേടിയെടുക്കുകയായിരുന്നു. ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ജ്യോത്സ്‌ന ആലപിച്ച റഫ്താര എന്ന ഗാനവും സിനിമാ ലോകത്ത് തരംഗമായിരുന്നു.

ഇപ്പോഴിതാ തന്റെ കരിയറിന്റെ ആരംഭത്തെ കുറിച്ചും ചെറുപ്പത്തില്‍ തന്നെ ലഭിച്ച വലിയ പ്രശസ്തിയെ കുറിച്ചും ജ്യോത്സ്‌ന പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗായിക.

‘തിരിഞ്ഞുനോക്കുമ്പോള്‍ ആ കാലത്തെക്കുറിച്ച് വ്യക്തമായൊരു ചിത്രം മനസിലില്ല. എല്ലാം ഒരു മഞ്ഞ് പോലെ തോന്നും. അന്ന് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നില്ല. പ്രേക്ഷകര്‍ നമ്മളുമായി ബന്ധപ്പെടുന്നത് കത്തുകളിലൂടെയും ഫോണ്‍ കോളുകളിലൂടെയുമാണ്. കേരളത്തിന് പുറത്തുനി ന്ന് പോലും ഒരുപാട് കത്തുകള്‍ വരുമായിരുന്നു. ഒരു സൈനികന്റെ കത്ത് ഇപ്പോഴും ഓര്‍മയിലുണ്ട്. ഉറങ്ങുന്നതിന് മുമ്പ് എന്റെ പാട്ടുകള്‍ കേള്‍ക്കാറുണ്ടെന്നും വീടിനെ ഓര്‍ക്കുമ്പോള്‍ അവ ആശ്വാസമാകാറുണ്ടെന്നും അദ്ദേഹം എഴുതിയിരുന്നു. അത്തരം കത്തുകള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇന്നത്തെപ്പോലെ എവിടെച്ചെന്നാലും ഫോണില്‍ ചിത്രമെടുക്കുന്ന രീതിയൊന്നും അന്നില്ല. പ്രശസ്തിയുടെ അനുഭവം വ്യത്യസ്തമായിരുന്നു.

ജ്യോത്സ്‌ന. Photo: Bollysuperstar

എവിടെപ്പോയാലും തിരിച്ചെത്തുന്നത് സാധാരണമായൊരു കുടുംബാന്തരീക്ഷത്തിലേക്കാണ്. അതുകൊണ്ട്, വലിയ സെലിബ്രിറ്റിയാണെന്ന ചിന്ത മനസില്‍ വേരുറയ്ക്കാന്‍ അധികം അവസരമുണ്ടായിരുന്നില്ല. പിന്നെ, ഇതെല്ലാം അപ്രതീക്ഷിതമായി സംഭവിച്ചതാണെന്ന ബോധ്യം എനിക്കുണ്ടായി രുന്നു. ഇന്ന് ലഭിക്കുന്ന അവസരങ്ങള്‍ നാളെ ഇല്ലാതെയാകാം. അതുകൊണ്ട് അതിനെ അമിതമായി തലയിലെടുക്കാതെ ജീവിക്കാന്‍ കഴിഞ്ഞു. പാട്ട് എന്റെ പ്രൊഫഷനായിരുന്നു. അതിനപ്പുറം എനിക്ക് സ്വന്തമായൊരു ലോകമുണ്ടായിരുന്നു,’ ജ്യോത്സ്‌ന പറഞ്ഞു.

Content Highlight: Singer Jyotsna radakrishnan talks about starting of her career and early fame