അങ്കാറ: തുര്‍ക്കിയിലെ തുറമുഖങ്ങളില്‍ നിന്ന് ഇസ്രഈലിനായി ഇന്ധനം കയറ്റുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്. തുര്‍ക്കിയിലെ അന്റാലിയയില്‍ നടക്കുന്ന കോപ് 31 കാലാവസ്ഥാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തുര്‍ക്കി ഏര്‍പ്പെടുത്തിയ ഊര്‍ജ്ജ ഉപരോധം ലംഘിച്ചുകൊണ്ട് രാജ്യത്തെ തുറമുഖങ്ങളില്‍ നിന്ന് അസംസ്‌കൃത എണ്ണയുമായി 77 കപ്പലുകള്‍ ഇസ്രാഈലിലേക്ക് പുറപ്പെട്ടതായി അടുത്തിടെ ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് തുര്‍ക്കിയില്‍ നിന്ന് ഇസ്രഈലിനായി ഇന്ധനം കയറ്റി അയക്കരുതെന്ന് ഗ്രേറ്റ അഭിപ്രായപ്പെട്ടത്.

തങ്ങളുടെ പ്രദേശത്തുനിന്ന് ഇസ്രായേലിന് എണ്ണ നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് തുര്‍ക്കിയോട് ഗ്രേറ്റ ആവശ്യപ്പെട്ടു. ഫലസ്തീനില്‍ നടക്കുന്ന വംശഹത്യയ്ക്ക് നേരിട്ട് ഊര്‍ജം പകരുന്ന നടപടിയാണ് തുര്‍ക്കി തുറമുഖങ്ങളില്‍ നിന്നുള്ള എണ്ണ കയററ്റുമതിയെന്നും അവര്‍ പറഞ്ഞു.

ഗസയില്‍ നടക്കുന്നത് വംശഹത്യ മാത്രമല്ല, പരിസ്ഥിതി നശീകരണം കൂടിയാണ് എന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ പ്രസ്താവിച്ചിരുന്നു. യുദ്ധം തകര്‍ത്ത ഗസയിലേക്ക് അടിയന്തരമായി സഹായമെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനു തൊട്ടുപിന്നാലെയാണ് തന്‍ബെര്‍ഗിന്റെ പ്രതികരണം വന്നത്.

ഗസയില്‍ ഫലസ്തീനികള്‍ കൂട്ടക്കൊല ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, ഇസ്രഈല്‍ നേതാക്കളെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് തുര്‍ക്കി പരിസ്ഥിതി മന്ത്രിയും കോപ് 31 പ്രസിഡന്റുമായ മുറാത്ത് കുറും ഈ ആഴ്ച ആദ്യം തുര്‍ക്കി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം, തുര്‍ക്കി നേതാക്കളുടെ പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും തുര്‍ക്കിയെ സംബന്ധിച്ചിടത്തോളം ‘അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വൈരുധ്യം’ നിലനില്‍ക്കുന്നുണ്ടെന്ന് ‘എനര്‍ജി എംബാര്‍ഗോ ഫോര്‍ ഫലസ്തീന്‍’ എന്ന പ്രചാരണ സംഘം പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

‘പലസ്തീനികള്‍ക്കെതിരെ വംശഹത്യപരമായ ആക്രമണം നടത്തുന്ന ഇസ്രഈലിലേക്ക് എണ്ണ എത്തിക്കുന്ന വിതരണ ശൃംഖലയില്‍, തുര്‍ക്കിയുടെ പ്രദേശം ഒരു പ്രധാന കണ്ണിയായി തുടരുമ്പോള്‍, ഒരു സര്‍ക്കാരിന് എങ്ങനെ സ്വയം ഒരു കാലാവസ്ഥാ നേതാവായി അവതരിപ്പിക്കാന്‍ കഴിയും?’ എന്ന് എംബാര്‍ഗോ ഫോര്‍ പലസ്തീന്‍ വക്താവ് ചോദിച്ചു.

ഫലസ്തീനിയന്‍ യൂത്ത് മൂവ്മെന്റ്, പ്രോഗ്രസീവ് ഇന്റര്‍നാഷണല്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടിലാണ് തുര്‍ക്കി തുറമുഖങ്ങളില്‍ നിന്ന് ഇസ്രഈലിനായി എണ്ണ കയറ്റുമതി ചെയ്യുന്നതായി പരാമര്‍ശിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. 2024 മെയ് മുതല്‍ 2026 ജൂണ്‍ വരെയുള്ള കാലയളവില്‍, ഏകദേശം 6,463 കിലോ ടണ്‍ വരുന്ന ക്രൂഡ് ഓയിലുമായി 77 കപ്പലുകള്‍ തുര്‍ക്കിയിലെ സെഹാന്‍ തുറമുഖത്ത് നിന്ന് ഇസ്രഈലിലേക്ക് അയച്ചെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

2024 മെയ് മാസത്തില്‍ തുര്‍ക്കി ഇസ്രഈലിനെതിരെ വ്യാപാര ഉപരോധം പ്രഖ്യാപിച്ചിരുന്നു. അസര്‍ബൈജാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ അടങ്ങിയ കപ്പലുകളാണ് തുര്‍ക്കി തുറമുഖങ്ങളില്‍ നിന്ന് ഈ കാലയളവില്‍ ഇസ്രഈലിലേക്ക് അയച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ഇന്ധന കൈമാറ്റങ്ങള്‍ രഹസ്യമായാണ് നടന്നത്. പിടിക്കപ്പെടാതിരിക്കാന്‍, കപ്പലുകള്‍ തങ്ങളുടെ ലക്ഷ്യസ്ഥാനമായി തെറ്റായ വിവരങ്ങള്‍ നല്‍കുകയും, ട്രാക്കിംഗ് സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തിരുന്നു. ഉപഗ്രഹ ചിത്രങ്ങളും ഷിപ്പിംഗ് വിവരങ്ങളും ഉപയോഗിച്ച്, ഈ കപ്പലുകള്‍ ഇസ്രഈലിലെ തുറമുഖങ്ങളില്‍ എത്തിയതായി ഗവേഷകര്‍ സ്ഥിരീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ബാക്കു-ടിബിലിസി-സെയ്ഹാന്‍’ (ബി.ടി.സി) പൈപ്പ്ലൈന്‍ എന്നാണ് അസര്‍ബൈജാനില്‍നിന്ന് തുര്‍ക്കിയിലെ സെയ്ഹാന്‍ തുറമുഖം വഴി ഇസ്രഈലിനായി എണ്ണ കയറ്റുമതി ചെയ്യുന്ന പാതയെ പറയുന്നത്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്കിടയില്‍, അവര്‍ ഇറക്കുമതി ചെയ്യുന്ന ആകെ എണ്ണയുടെ 40 ശതമാനത്തിലധികവും ബി.ടി.സി പൈപ്പ്ലൈന്‍ വഴിയാണ് എത്തുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. ഈ എണ്ണ ശുദ്ധീകരിച്ച് ഇസ്രഈലിന്റെ യുദ്ധവിമാനങ്ങള്‍, ടാങ്കുകള്‍, മറ്റ് സൈനിക വാഹനങ്ങള്‍ എന്നിവയില്‍ ഇന്ധനമായി ഉപയോഗിക്കുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight:  Turkish energy shipments ‘directly fuelling the genocide of Palestine’-Greta Thunberg at COP