കോപ്പൻഹേഗൻ: ഗസയിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്ക് 8.9 മില്യൺ ഡോളർ സഹായം നൽകുമെന്ന് ഡെൻമാർക്ക്. കടുത്ത ശൈത്യകാലാവസ്ഥ ഫലസ്തീനിലെ പ്രതിസന്ധികൾ വർധിപ്പിക്കുകയാണെന്നും വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി യു.എൻ.ആർ.ഡബ്ല്യു.എയിലേക്ക് 8.9 മില്യൺ ഡോളർ നൽകുമെന്നും ഡെന്മാർക്ക് വിദേശകാര്യ മന്ത്രാലയം അറിയിച്ചെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യ്തു.
‘കടുത്ത ശൈത്യകാലം ഫലസ്തീനിൽ പ്രതിസന്ധി കൂട്ടുന്നു. ശൈത്യകാലത്ത് അവശ്യ സഹായങ്ങൾ ദുരിത ബാധിതതർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം’ ഡെൻമാർക്ക് വിദേശകാര്യ മന്ത്രി ലാർസ് ലോക് റാസ്മുസെൻ പറഞ്ഞു.
അതേസമയം ഐക്യരാഷ്ട്ര സഭയുടെ മാനുഷിക ഫണ്ടായ ഒ.സി.എച്ച്.എ യിലേക്ക് 5.9 മില്യൺ ഡോളർ നൽകുമെന്നും ഡെന്മാർക്ക് പ്രഖ്യാപിച്ചെന്ന് അൽജസീറ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച കനത്ത മഴയിലും കൊടുങ്കാറ്റിലും ഫലസ്തീൻ അഭയാർത്ഥി ക്യാമ്പുകളിൽ വെള്ളം കയറുകയും 70,000ത്തിലധികം ടെന്റുകൾ നശിച്ചെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ശൈത്യ കാലത്തിന് മുന്നോടിയായി ഗസയിലെ ഏകദേശം 1.98 ദശലക്ഷം ആളുകൾക്ക് പാർപ്പിടവും മറ്റ് മാനുഷിക സഹായങ്ങളും ആവശ്യവസ്തുക്കളും ആവശ്യമാണെന്ന് ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യു.എൻ ഏജൻസി യു.എൻ.ആർ ഡബ്ല്യു.എ വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞിരുന്നു.
അതേസമയം ആയിരക്കണക്കിന് കൂടാരങ്ങൾ അതിർത്തികളിൽ എത്തിയെങ്കിലും ഇസ്രഈൽ സൈന്യം അവ അകത്തേക്ക് കടത്തിവിടാൻ അനുവദിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഗസയിൽ മൂന്നര ലക്ഷത്തോളം പേർക്ക് അഭയ കേന്ദ്രങ്ങൾ നഷ്ടപ്പെട്ടെന്ന് ഗസ ആരോഗ്യമന്ത്രാലയവും റിപ്പോർട്ട് ചെയ്തിരുന്നു. കൂടാരങ്ങൾ ഇല്ലാത്തതിനാൽ ഇത്രയധികം ആളുകൾ തുറന്ന ഇടങ്ങളിൽ കഴിയുകയാണെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
Content Highlight: Gaza Flood, Denmark to Provide $8.9 Million to Suffering Palestinians
