ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയുടെ വമ്പന്‍ തോല്‍വിയെക്കുറിച്ച് മുന്‍ താരം ദിനേശ് കാര്‍ത്തിക് സംസാരിച്ചിരുന്നു. ഇന്ത്യയുടെ ബാറ്റിങ്ങിനെക്കുറിച്ച് അധികമൊന്നും പറയാനില്ലെന്നും മധ്യ നിര ബാറ്റര്‍മാര്‍ പൊരുതാന്‍ ശ്രമിച്ചതൊഴിച്ചാല്‍ ഇന്ത്യയുടെ ബാറ്റിങ്ങിന് മികവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ചില ദിവസങ്ങള്‍ ഉണ്ടാകുമെന്നും ഒരു ഇന്ത്യന്‍ ആരാധകനാണെങ്കില്‍ മത്സരത്തിലെ പ്രകടനത്തെക്കുറിച്ച് അമിതമായി ചിന്തിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സത്യസന്ധമായി പറഞ്ഞാല്‍, ഇന്ത്യയുടെ ബാറ്റിങ്ങിനെക്കുറിച്ച് അധികമൊന്നും പറയാനില്ല. ന്യൂസിലാന്‍ഡിന്റെ ബൗളിങ്ങും അവരുടെ മികവുമാണ് എടുത്തുപറയേണ്ടത്. അക്ഷര്‍ പട്ടേല്‍, നമന്‍ ധിര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ പൊരുതാന്‍ ശ്രമിച്ചുവെന്നതൊഴിച്ചാല്‍ ഇന്ത്യയുടെ ബാറ്റിങ് മികവുള്ളതായിരുന്നില്ല. എന്നിരുന്നാലും അവര്‍ എളുപ്പത്തില്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. പരമാവധി പൊരുതാന്‍ ശ്രമിച്ചു.

ഒടുവില്‍ അവരും മികച്ച പന്തുകള്‍ക്ക് മുന്നിലാണ് പുറത്തായത്. നമന്‍ ധിര്‍ പുറത്തായതില്‍ അത്രത്തോളം പന്തിന്റെ മികവില്ലായിരുന്നു. കാരണം, അപ്പോള്‍ അദ്ദേഹത്തിന് ഷോട്ടുകള്‍ കളിക്കേണ്ടിയിരുന്നു. ഇതുപോലെയുള്ള ചില ദിവസങ്ങളുണ്ടാകും. ഒരു ഇന്ത്യന്‍ ആരാധകനാണെങ്കില്‍ ഈ മത്സരത്തിലെ പ്രകടനത്തെക്കുറിച്ച് അമിതമായി ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്,’ മത്സര ശേഷം ക്രിക്ബസില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ന്യൂസിലാന്‍ഡ് കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. ബെയ് ഓവലില്‍ നടന്ന മത്സരത്തില്‍ 224 റണ്‍സിന്റ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 333 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

എന്നാല്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയെ 26.4 ഓവറില്‍ 89 റണ്‍സിന് ഓള്‍ ഔട്ട് ചെയ്താണ് കിവികള്‍ കരുത്ത് കാട്ടിയത്. ഏകദിന ചരിത്രത്തില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്.

ഇന്ത്യയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഇഷാന്‍ കിഷനാണ്. 53 പന്തില്‍ 27 റണ്‍സാണ് താരം നേടിയത്. അക്‌സര്‍ പട്ടേലും നമന്‍ ധിറും 21 റണ്‍സ് വീതം നേടി. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പൂജ്യം റണ്‍സിനാണ് കൂടാരം കയറിയത്. ഓപ്പണറായി ടീമില്‍ തിരിച്ചെത്തിയ ഋതുരാജ് ഗെയ്ക്വാദ് അഞ്ച് റണ്‍സിനും കീഴടങ്ങി. മറ്റാര്‍ക്കും പ്രതീക്ഷിച്ച ബാറ്റിങ് മികവ് കാണിക്കാന്‍ സാധിച്ചില്ലായിരുന്നു.

Content Highlight: Dinesh Karthik Talking About Indian Team Defeat Against New Zealand In Fourth ODI