ബജറ്റിന്റെ പത്തിലൊന്ന് പോലും തിരിച്ചുപിടിക്കാനാകാതെ ദയനീയമായി തിയേറ്റര്‍ വിടേണ്ടി വന്ന ചിത്രമായിരുന്നു ബാന്ദ്ര. ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമാണ്. തിയേറ്ററില്‍ പരാജയമായതിനാല്‍ ഒറ്റ ഒ.ടി.ടി പ്ലാറ്റ്‌ഫോമും ബാന്ദ്രയെ ഏറ്റെടുക്കാന്‍ തയാറായിരുന്നില്ല.
മൂന്ന് വര്‍ഷത്തിന് ശേഷം ചിത്രം ഒ.ടി.ടി.യിലെത്തിയിരിക്കുകയാണ്. വന്‍ ട്രോള്‍ മെറ്റീരിയലായ ബാന്ദ്ര സീ ഫൈവിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. ഒ.ടി.ടിയിലെത്തിയ ആദ്യദിനം തന്നെ ഓരോ സീനും ട്രോള്‍ മെറ്റീരിയലായി മാറി. മൂന്ന് വര്‍ഷമായി ട്രോളന്മാര്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്ന ചിത്രമായിരുന്നു ബാന്ദ്ര.

ചിത്രത്തിലെ ടെയ്ല്‍ എന്‍ഡ് സീനാണ് ആദ്യത്തെ ഇര. തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ ഈ രംഗത്തെക്കുറിച്ച് നിരവധി പോസ്റ്റുകള്‍ സിനിമാപേജുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. താന്‍ മരിച്ചു എന്ന് ലോകത്തെ വിശ്വസിപ്പിച്ച നായകന്‍ ടെയ്ല്‍ എന്‍ഡ് സീനില്‍ മറ്റൊരു നാട്ടില്‍ മറ്റൊരു ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്നത് കാണിച്ചാണ് ബാന്ദ്ര അവസാനിക്കുന്നത്.
മലയാളത്തില്‍ വന്‍ ഹിറ്റായി മാറിയ രണ്ട് സിനിമകളുടെ ടെയ്ല്‍ എന്‍ഡ് സീന്‍ യാതൊരു മാറ്റവുമില്ലാതെ അടിച്ചുമാറ്റിയാണ് ബാന്ദ്രയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ ടെയ്ല്‍ എന്‍ഡ് സീനിന്റെ സ്റ്റേജ് സെറ്റിങ്ങും കുറുപ്പിന്റെ ക്ലൈമാക്‌സില്‍ ദുല്‍ഖറിന്റെ ഗെറ്റപ്പും ബാന്ദ്രയുടെ അണിയറപ്രവര്‍ത്തകര്‍ നൈസായി അടിച്ചുമാറ്റിയെന്നാണ് ട്രോളന്മാരുടെ പോസ്റ്റുകള്‍.

ഏതോ വിദേശ രാജ്യത്ത് നാലഞ്ച് വണ്ടികളുടെയും പത്തിരുപത് ആളുകളുടെയും അകമ്പടിയോടെയാണ് ആല ഭായ്‌യുടെ റീ എന്‍ട്രി കാണിച്ചിരിക്കുന്നത്. ലൂസിഫറിലെ പൃഥ്വിരാജിന് പകരം ചെമ്പന്‍ വിനോദിനെയും ഷൈന്‍ ടോമിനെയുമാണ് കൊണ്ടുവന്നിരിക്കുന്നത്. താടിയും മുടിയും നീട്ടി വളര്‍ത്തിയ ഗെറ്റപ്പില്‍ ദിലീപിനെ കാണിക്കുമ്പോള്‍ സാന്റാ ക്ലോസിനെ ഓര്‍മ വരുന്നുണ്ടെന്നും പലരും പരിഹസിക്കുന്നു.

1980കളില്‍ ബോംബൈ നഗരത്തെ നിയന്ത്രിച്ച അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക് എന്ന ആല ഭായ്‌യുടെ കഥയാണ് ബാന്ദ്ര. ഉദയകൃഷ്ണയുടെ ഒട്ടും അപ്‌ഡേറ്റഡല്ലാത്ത കഥയും ദിലീപ് അടക്കം സകല താരങ്ങളുടെയും പെര്‍ഫോമന്‍സും ചിത്രത്തെ പിന്നോട്ടടിച്ചു. വരുംദിവസങ്ങളില്‍ ആല ഭായ് ഇനിയും എയറിലാകുമെന്നാണ് ട്രോളന്മാരുടെ പ്രവചനം.
Content Highlight: Bandra tail end scene getting trolls after OTT release
