ഗസസിറ്റി: ഗസയിലെ ആശുപത്രികള്‍ തങ്ങളുടെ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കകയാണെന്ന ഇസ്രഈലിന്റെ തെറ്റിദ്ധരിപ്പിക്കുന്ന വാദം ബോര്‍ഡ് ഓഫ് പീസ് അംഗീകരിച്ചതിനെ അപലപിക്കുന്നതായി ഹമാസ്. ഉപരോധിക്കപ്പെട്ട ഈ പ്രദേശത്ത് സാധാരണക്കാര്‍ക്കും മെഡിക്കല്‍ സൗകര്യങ്ങള്‍ക്കും നേരെ ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങളെ ബോര്‍ഡ് ഓഫ് പീസ് മൂടിവെക്കാന്‍ ശ്രമിക്കുകയാണെന്നും ഹമാസ് അഭിപ്രായപ്പെട്ടു.
തെക്കന്‍ ഗസയിലെ ഖാന് യൂനിസിലുള്ള നാസര്‍ ആശുപത്രിയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് ബോര്‍ഡ് ഓഫ് പീസ് പുറപ്പെടുവിച്ച പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ഹമാസിന്റെ ഈ പ്രതികരണം. ഈ ആക്രമണത്തില്‍ ഒരു കുട്ടിയും ഡോക്ടറും ഉള്‍പ്പെടെ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും, മുപ്പതോാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട ബോര്‍ഡ്, ആശുപത്രികളും മറ്റ് പ്രധാനപ്പെട്ട സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളും ഹമാസിന്റെ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് തെളിവുകളൊന്നും ബോര്‍ഡ് നല്‍കിയിട്ടില്ല.
അധിനിവേശ ശക്തിയുടെ തെറ്റിദ്ധരിപ്പിക്കുന്ന വാദങ്ങള്‍ പൂര്‍ണമായും ഏറ്റുപിടിക്കുകയാണ് ബോര്‍ഡ് ചെയ്തതെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ബോര്‍ഡിന് നല്‍കിയിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്തരം നിലപാട്. നിഷ്പക്ഷതയുടെയും നീതിയുടെയും അടിസ്ഥാന മാനദണ്ഡങ്ങള്‍ക്ക് ഇത് എതിരാണെന്നും ഹമാസ് കൂട്ടിച്ചേര്‍ത്തു.
ഗസ മുനമ്പില്‍, പ്രത്യേകിച്ച് ആശുപത്രികളില്‍, നിരപരാധികളായ സാധാരണക്കാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ നടക്കുന്ന നീതീകരിക്കാനാവാത്തതും ഭയാനകവും വ്യവസ്ഥാപിതവുമായ അതിക്രമങ്ങളെ മൂടിവെക്കാനാണ് ബോര്‍ഡ് ശ്രമിക്കുന്നത്. ആശുപത്രികള്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന അധിനിവേശ ശക്തിയുടെ ആരോപണങ്ങളും നുണകളും ആവര്‍ത്തിച്ചുകൊണ്ട്, തങ്ങള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇരകളെത്തന്നെ ഉത്തരവാദികളാക്കാന്‍ ശ്രമിക്കുന്നത് വ്യക്തമായ പക്ഷപാതമാണെന്നും ഹമാസ് ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു നാസര്‍ ആശുപത്രിയിക്ക് നേരെ ഇസ്രഈല്‍ വ്യോമാക്രമണം നടന്നത്. ഹമാസ് പോരാളികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രഈല്‍ സൈന്യം അവകാശപ്പെട്ടിരുന്നു. ആശുപത്രി സമുച്ചയം ഹമാസ് തങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള കമാന്‍ഡ് സെന്ററായി ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ആശുപത്രിക്ക് നേര്‍ക്ക് ഇസ്രഈല്‍ നടത്തിയ ആക്രമണം പൂര്‍ണമായും യുദ്ധക്കുറ്റകൃത്യമാണെന്ന് ഹമാസ് അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വെടിനിര്‍ത്തല്‍ കരാറിനെ അട്ടിമറിക്കാനാണ് ഇസ്രഈല്‍ ശ്രമിക്കുന്നതെന്ന് ഹമാസ് കഴിഞ്ഞ ദിവസം ടെലിഗ്രാമില്‍ പങ്കുവെച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു.
അന്താരാഷ്ട്ര നിയമപ്രകാരം സംരക്ഷണം ലഭിക്കേണ്ട ഒരു സിവിലിയന്‍ മെഡിക്കല്‍ കേന്ദ്രത്തിന് നേരെ നടത്തിയ യുദ്ധക്കുറ്റം മറച്ചുവെക്കാനാണ് ഇസ്രഈല്‍ സൈന്യം ശ്രമിക്കുന്നത്. ഒരു സര്ജന് ഉള്‍പ്പെടെ കുറഞ്ഞത് ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ട ഈ ആക്രമണത്തെ ന്യായീകരിക്കാനാണ് ഹമാസ് പോരാളികള്‍ ആശുപത്രിയെ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു എന്ന ഇസ്രഈലിന്റെ വാദമെന്നും സംഘടന അഭിപ്രായപ്പെട്ടിരുന്നു.
Content Highlight: Hamas says Board of Peace adopts misleading Israeli narrative on Gaza hospitals
