മാഡ്രിഡ്: ഹമാസിന് സാമ്പത്തിക സഹായം നല്‍കിയെന്ന യു.എസ് ആരോപണം നിഷേധിച്ച് അമേരിക്കന്‍ ആക്ടിവിസ്റ്റ് ഫെര്‍ഗി ചേംബേഴ്സ്.

ഗസയിലെ മാനുഷിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കിയതിനെ കുറിച്ച് സംസാരിച്ച അദ്ദേഹം ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന വംശഹത്യ യുദ്ധം ‘നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ധാര്‍മിക പ്രശ്‌ന’മാണെന്നും ചൂണ്ടിക്കാട്ടി.

ജൂലൈയില്‍ സ്‌പെയിനില്‍ അറസ്റ്റിലായതിനുശേഷം ആദ്യമായി വെള്ളിയാഴ്ച മാഡ്രിഡിലെ കോടതിയില്‍ നേരിട്ട് ഹാജരായപ്പോഴാണ് ചേംബേഴ്സ് തന്റെ നിലപാട് വിശദീകരിച്ചത്.

ഹമാസിന് പണം നല്‍കിയെന്ന അമേരിക്കയുടെ ആരോപണത്തെ തുടര്‍ന്ന് തന്നെ യു.എസിന് കൈമാറാനുള്ള നീക്കത്തിനെതിരെയാണ് ഫെര്‍ഗി ചേംബേര്‍ഴ്‌സ് കോടതിയില്‍ സ്വയം വാദിച്ചത്.

അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാര്‍ ചുമത്തിയ അന്താരാഷ്ട്ര കള്ളപ്പണം വെളുപ്പിക്കല്‍, കലാപം, കലാപത്തിനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ഫെര്‍ഗി ചേംബേഴ്സ് നിഷേധിച്ചു. 2023ല്‍ അമേരിക്ക വിട്ടതിനുശേഷം ഹമാസിന് പിന്തുണ നല്‍കുന്നതിനായി ഏകദേശം 75 ലക്ഷം ഡോളര്‍ വിദേശത്തേക്ക് മാറ്റിയെന്നാണ് യു.എസ് ആരോപണം.

അമേരിക്കയുടെ കൈമാറ്റ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ചേംബേഴ്സിനെ ജൂലൈയില്‍ സ്പാനിഷ് ദ്വീപായ ഇബിസയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തില്‍ കൈമാറപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്താല്‍ ഫെര്‍ഗി ചേംബേഴ്‌സിന് പരമാവധി 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.

കേസ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടതിന് സ്പാനിഷ് സര്‍ക്കാരും വിമര്‍ശനം നേരിട്ടിരുന്നു. പ്രാഥമിക ഘട്ടത്തില്‍ അമേരിക്കയുടെ അഭ്യര്‍ത്ഥന തടയാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയായിരുന്നു. കൈമാറ്റം സംബന്ധിച്ച തീരുമാനം മാഡ്രിഡിലെ ഓഡിയന്‍സിയ നാഷണല്‍ കോടതി അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്നുള്ള നടപടികളില്‍ സ്പാനിഷ് സര്‍ക്കാരിനും പങ്കുണ്ട്.

വെള്ളിയാഴ്ച കോടതിയില്‍ ഹാജരായ ഫെര്‍ഗി ചേംബേഴ്സിനോട് അമേരിക്കയ്ക്ക് അദ്ദേഹത്തെ കൈമാറുന്നതില്‍ സമ്മതമാണോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു മറുപടി നല്‍കിയത്. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പണം നിയമപരമായ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2023ല്‍ കോക്‌സ് എന്റര്‍പ്രൈസസിലെ തന്റെ ഓഹരികള്‍ വിറ്റതില്‍ നിന്നാണ് സമ്പത്ത് ലഭിച്ചതെന്ന് അദ്ദേഹം കോടതിയില്‍ വിശദീകരിച്ചു. 1898ല്‍ പത്രസ്ഥാപനമായി ആരംഭിച്ച കുടുംബ ബിസിനസ് പിന്നീട് മാധ്യമങ്ങള്‍, ഓട്ടോമോട്ടീവ് സേവനങ്ങള്‍, മറ്റ് വ്യവസായങ്ങള്‍ എന്നിവയിലേക്ക് വ്യാപിച്ചിരുന്നു.

ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങളിലേക്ക് താന്‍ എത്തിയതിനെക്കുറിച്ചും ഫെര്‍ഗി ചേംബേഴ്സ് കോടതിയില്‍ വിശദീകരിച്ചു. ബ്രൂക്ലിനില്‍ വളര്‍ന്ന ജൂത സുഹൃത്തുക്കളാണ് തന്നെ ഫലസ്തീന്‍ വിഷയം പരിചയപ്പെടുത്തിയതെന്നും 2000 മുതല്‍ അഹിംസാത്മക പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമീപ വര്‍ഷങ്ങളില്‍ ഫലസ്തീന്‍ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിനൊപ്പം അമേരിക്കയിലെ വംശീയ- നീതി, തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിവിധ കാലങ്ങളില്‍ ശ്രദ്ധ താന്‍ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘2023ലും 2024ലും അതിനുശേഷവും ഗസയിലേക്കുള്ള ഞങ്ങളുടെ ധനസഹായം ഗണ്യമായി വര്‍ധിച്ചു. കുട്ടികളുടെ ചികിത്സ, പാര്‍പ്പിടം, അപകടസാധ്യതയുള്ള മേഖലകളില്‍നിന്നുള്ള ഗതാഗതം, ഭക്ഷണം, വെള്ളം, ശുദ്ധജല ലഭ്യത എന്നിവയ്ക്കാണ് പ്രധാനമായും സഹായം നല്‍കിയത്. കാരണം അത് നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ധാര്‍മിക പ്രശ്‌നമാണെന്ന് ഞങ്ങള്‍ക്ക് തോന്നി,’ ഫെര്‍ഗി ചേംബേഴ്സ് പറഞ്ഞു.

ഗസയിലെ അനാഥരായ കുട്ടികള്‍ക്ക് ദീര്‍ഘകാല മാനസികാരോഗ്യ, മാനസിക-സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള സയനാബ് പ്രോജക്ടിന് ഒരു ലക്ഷം ഡോളര്‍ ഗ്രാന്റ് നല്‍കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈസന്‍സുള്ള തെറാപ്പിസ്റ്റുകള്‍, കൗണ്‍സിലിങ്, മാനസികാരോഗ്യ പരിചരണം എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി.

വടക്കന്‍ ഗസയില്‍ ബേക്കറി സ്ഥാപിക്കുന്നതിനും ഡീസലൈനേഷന്‍ പ്ലാന്റ് പൂര്‍ത്തിയാക്കുന്നതിനും സൗജന്യ മെഡിക്കല്‍ ക്ലിനിക്ക് നടത്തുന്നതിനും സഹായിച്ച സമീര്‍ പ്രോജക്ടിന് 2.5 ലക്ഷം ഡോളര്‍ സംഭാവന നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. ഫെര്‍ഗി ചേംബേഴ്സിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഈ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇത് പതിനായിരക്കണക്കിന് ഫലസ്തീനികളെ ബാധിക്കുമെന്ന് സംഘടന അറിയിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

ടുണീഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബായ ക്ലബ് ആഫ്രിക്കൈനിന് വലിയ തുക കൈമാറിയെന്ന യു.എസ് കുറ്റപത്രത്തിലെ ആരോപണങ്ങള്‍ക്കും ചേംബേഴ്സ് മറുപടി നല്‍കി. 11 വര്‍ഷത്തിനുശേഷം ഈ വര്‍ഷം മെയ് മാസത്തിലാണ് ക്ലബ് ആദ്യമായി ലീഗ് കിരീടം നേടിയത്.

ടുണീഷ്യയിലേക്ക് താമസം മാറിയതിന് പിന്നാലെയാണ് ക്ലബ്ബുമായി പരിചയപ്പെട്ടതെന്നും പിന്നീട് പിന്തുണക്കാരനായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബിന്റെ ആരാധകര്‍ ഫലസ്തീന്‍ വിഷയത്തെ ശക്തമായി പിന്തുണയ്ക്കുന്നവരാണെന്നും ടുണീഷ്യയിലെ ജനങ്ങളുടെ വികാരങ്ങളുമായി അത് ചേര്‍ന്നുനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ലബ് വലിയ കടബാധ്യത നേരിടുന്നതായും കരാറുകള്‍ നിറവേറ്റാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും ബുദ്ധിമുട്ടുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്ലബ്ബും താന്‍ നഗരത്തില്‍ സ്ഥാപിച്ച സ്‌പോര്‍ട്‌സ് കമ്പനിയും തമ്മില്‍ സ്‌പോണ്‍സര്‍ഷിപ്പ് കരാറിന് ചര്‍ച്ച നടത്തിയതെന്ന് ചേംബേഴ്സ് വിശദീകരിച്ചു.

നാല് വര്‍ഷത്തേക്ക് 40 ലക്ഷം യൂറോയുടെ കരാറായിരുന്നു ഇത്. ക്ലബ്ബിന്റെ കടങ്ങള്‍ തീര്‍ക്കുക, യുവജന പരിശീലന പരിപാടി പുനരുജ്ജീവിപ്പിക്കുക, വനിതാ ടീമുകളിലെ കുടിശ്ശിക ശമ്പളം നല്‍കുക എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍. ‘അടിസ്ഥാനപരമായി ക്ലബ്ബിനെ നവീകരിക്കാനായിരുന്നു ശ്രമം. അടുത്ത വര്‍ഷം ഞങ്ങള്‍ ടുണീഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് നേടി,’ അദ്ദേഹം പറഞ്ഞു.

അമേരിക്ക വിട്ടത് നിയമ നടപടികളില്‍നിന്ന് രക്ഷപ്പെടാനാണെന്ന യു.എസ് സര്‍ക്കാരിന്റെ ആരോപണവും ചേംബേഴ്സ് നിഷേധിച്ചു. രാജ്യം വിടുമ്പോള്‍ തനിക്കെതിരെ നിയമപരമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ടുണീസില്‍ താമസമാക്കിയപ്പോള്‍ അമേരിക്കന്‍ അംബാസഡറുടെ വീടിനോട് ചേര്‍ന്നായിരുന്നു തന്റെ താമസമെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.

‘ഒരു തീവ്രവാദ സംഘടനയുമായും എനിക്ക് ബന്ധമില്ല. ഒരു തീവ്രവാദ സംഘടനയ്ക്കും ഞാന്‍ ധനസഹായം നല്‍കിയിട്ടില്ല. അങ്ങനെ ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുമില്ല. ഞാന്‍ ആവശ്യപ്പെടുന്നത് നീതിയും യുക്തിയും കരുണയുമാണ്,’ ചേംബേഴ്സ് പറഞ്ഞു.

തന്റെ ജയില്‍ വാസം കുടുംബത്തെ എത്രത്തോളം ബാധിച്ചുവെന്നും ചേംബേഴ്സ് കോടതിയെ അറിയിച്ചു. കഴിഞ്ഞ ആഴ്ച മുത്തശ്ശിയുടെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും അഞ്ച് വയസ്സുള്ള മകന്‍ എല്ലാ ദിവസവും താന്‍ എവിടെയാണെന്ന് ചോദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചില്‍ ഭാര്യയ്ക്ക് കുഞ്ഞ് ജനിക്കാനിരിക്കുകയാണെന്നും അന്ന് ഭാര്യയുടെ അരികില്‍ ഉണ്ടാകാന്‍ കഴിയുമോയെന്ന് അറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

‘എന്റെ കുടുംബം തകര്‍ന്നുപോയി. കഴിഞ്ഞ ആഴ്ച നടന്ന മുത്തശ്ശിയുടെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എന്റെ അഞ്ച് വയസ്സുള്ള മകന്‍ എല്ലാ ദിവസവും ഞാന്‍ എവിടെയാണെന്ന് ചോദിക്കുന്നു. ദൈവം അനുവദിച്ചാല്‍ മാര്‍ച്ചില്‍ എന്റെ ഭാര്യ പ്രസവിക്കും. അന്ന് അവളുടെ അരികില്‍ ഉണ്ടാകുമോ എന്ന് എനിക്കറിയില്ല. കാരണം ഞാന്‍ എന്റെ മനസിലുള്ളത് തുറന്നുപറഞ്ഞു. എന്റെ രാജ്യത്ത് സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ പണം എനിക്കുണ്ട്. അത്രയേയുള്ളൂ,’ അദ്ദേഹം പറഞ്ഞു.

ജൂലൈ മുതല്‍ ജയിലില്‍ കഴിയേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ഒരിക്കലും അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഭീകരവാദ സംഘടനകളുമായി ബന്ധമോ സാമ്പത്തിക ഇടപാടുകളോ ഉണ്ടായിട്ടില്ലെന്നും ആവര്‍ത്തിച്ച ചേംബേഴ്സ്, ‘ഞാന്‍ ആവശ്യപ്പെടുന്നത് നീതിയും യുക്തിയും കരുണയുമാണ്’ എന്ന് പറഞ്ഞാണ് വാദം അവസാനിപ്പിച്ചത്.

Content Highlight: Fergie Chambers tells Spanish court Gaza is ‘moral question of our time