ന്യൂദല്‍ഹി: ഇന്ത്യയില്‍ തടവില്‍ കഴിയുന്ന വിദ്യാര്‍ത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഷര്‍ജീല്‍ ഇമാം മതസ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചതിന്റെ പേരില്‍ തടവിലാക്കപ്പെട്ട വ്യക്തിയെന്ന് യു.എസ് കമ്മീഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്.എഫ്).
ഇമാമിന്റെ തടങ്കല്‍ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പീഡനമാണെന്ന വിലയിരുത്തലോടെയാണ് കമ്മീഷന് എക്സില്‍ അദ്ദേഹത്തിന്റെ പ്രൊഫൈല്‍ പങ്കുവെച്ചത്. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര രംഗത്തെത്തി. ഇന്ത്യന്‍ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളില്‍ വിധി പറയാന്‍ യുഎസ്.സി.ഐ.ആര്.എഫിന് യാതൊരു അവകാശവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെയും എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനെയും കുറിച്ച് കമ്മീഷന് പക്ഷപാതപരവും തെറ്റായതുമായ വിലയിരുത്തലുകളാണ് നടത്തുന്നതെന്ന് ക്വാത്ര എക്സില്‍ ആരോപിച്ചു.
‘ഇന്ത്യന്‍ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് വിധി പറയാന്‍ യു.എസ്.സി.ഐ.ആര്.എഫിന് അവകാശമില്ല. അവരുടെ പതിവ് പക്ഷപാതപരവും വിവരമില്ലാത്തതും മുന്‍വിധി നിറഞ്ഞതുമായ വിലയിരുത്തലുകള്‍ക്ക് ഇന്ത്യയുടെ മതസ്വാതന്ത്ര്യത്തിനും എല്ലാ വിശ്വാസങ്ങള്‍ക്കും തുല്യ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനുമുള്ള ഭരണഘടനാപരമായ പ്രതിബദ്ധതയെ ദുര്‍ബലപ്പെടുത്താനാവില്ല,’ അദ്ദേഹം പറഞ്ഞു.
യു.എസ്.സി.ഐ.ആര്.എഫിന്റെ അജണ്ട അടിസ്ഥാനമാക്കിയുള്ള പക്ഷപാതപരമായ ആഖ്യാനങ്ങളെ ഇന്ത്യ ചോദ്യം ചെയ്യുമെന്നും സ്വന്തം മുന്‍വിധികളെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്നും മറ്റുള്ളവരെ ഉപദേശിക്കുന്നത് അവസാനിപ്പിക്കണമെന്നും കമ്മീഷനോട് ക്വാത്ര ആവശ്യപ്പെട്ടു.
Sharjeel Imam is a Muslim man detained in India for his religious freedom advocacy. Read his profile: https://t.co/Cj44GwlIj0 https://t.co/vyRTmG70Wf
— USCIRF (@USCIRF) November 13, 2026
‘മതസ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചതിന് ഇന്ത്യയില്‍ തടവിലാക്കപ്പെട്ട ഒരു മുസ്ലീം പുരുഷന്’ എന്നാണ് യു.എസ്.സി.ഐ.ആര്.എഫ് ഷര്‍ജീല്‍ ഇമാമിനെ വിശേഷിപ്പിച്ചത്. മതസ്വാതന്ത്ര്യത്തിനായുള്ള വാദവുമായി ബന്ധപ്പെട്ട പീഡനമായാണ് അദ്ദേഹത്തിന്റെ തടങ്കലിനെ കമ്മീഷന് വിശേഷിപ്പിച്ചത്.
2019 ഡിസംബറിലും 2020 ജനുവരിയിലും നടന്ന സി.എ.എ വിരുദ്ധ പ്രതിഷേധങ്ങള്‍ വിവേചനപരമായ നിയമത്തിനെതിരായ സമാധാനപരമായ സമരമായിരുന്നുവെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി.
ഇമാമിനെതിരായ കുറ്റങ്ങളുടെ പട്ടികയും കമ്മീഷന് വെബ്സൈറ്റിലുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, വിദ്വേഷ പ്രസംഗം, നിയമവിരുദ്ധ ധനസഹായം, കൊലപാതകം, കൊലപാതകശ്രമം, പൊതുക്രമക്കേട്, തീവ്രവാദം, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്.
ജെ.എന്‍.യു മുന്‍ ഗവേഷക വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഷര്‍ജീല്‍ ഇമാമിനെ 2019 ഡിസംബറിലും 2020 ജനുവരിയിലും നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് 2020 ജനുവരിയിലാണ് അറസ്റ്റ് ചെയ്തത്. വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയെന്നാണ് ഷര്‍ജീല്‍ ഇമാമിനെതിരായ കേസ്.
2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ നടന്ന കലാപത്തില്‍ 40ലധികം പേര് കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപത്തിന് നേതൃത്വം നല്‍കിയെന്നും അക്രമത്തിന് ആഹ്വാനം ചെയ്തെന്നുമാണ് ദല്‍ഹി പൊലീസ് ഷര്‍ജീല്‍ ഇമാമിനും ഉമര്‍ ഖാലിദിനുമെതിരെ ചുമത്തിയ കുറ്റം.
ഇരുവരും അറസ്റ്റിലായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. വിവിധ കോടതികളിലും സുപ്രീം കോടതിയിലും ഷര്‍ജീല്‍ ഇമാം ജാമ്യാപേക്ഷകള്‍ നല്‍കിയെങ്കിലും കോടതിയില്‍ നിന്നും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ ആറ് വര്‍ഷമായി അദ്ദേഹം തിഹാര്‍ ജയിലില്‍ തുടരുകയാണ്.
ഇതിനിടെ, ഷര്‍ജീല്‍ ഇമാമിന്റെ ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി പൊലീസ് സമര്‍പ്പിച്ച അപേക്ഷ ഒക്ടോബര്‍ 10ന് കോടതി തള്ളിയിരുന്നു. മാധ്യമപ്രവര്‍ത്തകരുമായി ഇടപഴകരുതെന്ന ജാമ്യവ്യവസ്ഥ ഇമാം ലംഘിച്ചെന്നായിരുന്നു പൊലീസിന്റെ വാദം.
ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഒക്ടോബര്‍ നാല് മുതല്‍ 10 വരെയാണ് ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യവ്യവസ്ഥ പ്രകാരം സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കാനോ മാധ്യമപ്രവര്‍ത്തകരുമായി ഇടപഴകാനോ കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരല്ലാത്ത മറ്റുള്ളവരെ കാണാനോ അനുവാദമുണ്ടായിരുന്നില്ല.
കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച വീഡിയോ ദൃശ്യങ്ങളില്‍ ഒരു മാധ്യമപ്രവര്ത്തകന് ഇമാമിന്റെ സഹോദരനെ അഭിമുഖം ചെയ്യുന്നതാണ് ഉണ്ടായിരുന്നത്. മാധ്യമപ്രവര്‍ത്തകനുമായി ബന്ധപ്പെട്ടതിലൂടെ ഇമാം ജാമ്യവ്യവസ്ഥ ലംഘിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, ഇമാമും മാധ്യമപ്രവര്‍ത്തകനും തമ്മില്‍ നേരിട്ട് ഇടപഴകുന്നതിന്റെ ദൃശ്യങ്ങളൊന്നും വീഡിയോയിലില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഷര്‍ജീല്‍ ഇമാം ദല്‍ഹിയിലേക്ക് മടങ്ങിയെത്തിയെന്നും അന്ന് വൈകുന്നേരം ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങുമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ച് ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി നിരസിക്കുകയായിരുന്നു.
Content Highlight: Sharjeel Imam is a Muslim man detained in India for his religious freedom advocacy says USCIRF
