57-ാമത് അന്താരാഷ്ട്ര ചലച്ചിത്ര ചലച്ചിത്രമേളയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട് സർവ്വം മായ. അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം മേളയിലെ പനോരമ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. 2026 നവംബർ 20 മുതൽ നവംബർ 28 വരെ ഗോവയിൽ വെച്ചാണ് മേള നടക്കുന്നത്. നിവിൻ പോളി, റിയ ഷിബു എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ചത്. അജു വർഗീസ്, ജനാർദ്ദനൻ, പ്രീതി മുകുന്ദൻ, മധു വാര്യർ, രഘുനാഥ് പലേരി, വിനീത്, മേതിൽ ദേവിക, അൽഫോൺസ് പുത്രൻ തുടങ്ങിയവരായിരുന്നു സിനിമയിൽ മറ്റ് കഥാപാത്രങ്ങളായി വേഷമിട്ടത്.
2025 ഡിസംബർ 25ന് റിലീസ് ചെയ്ത ചിത്രത്തിന്റെ രചന നിർവ്വഹിച്ചതും അഖിൽ സത്യൻ തന്നെയായിരുന്നു. ഹൊറര്‍ കോഡി ഴോണറില്‍ 30 കോടി ബഡ്ജറ്റിൽ നിർമിച്ച ചിത്രം 150 കോടിയോളം രൂപ ആഗോളതലത്തിൽ നിന്നും സ്വന്തമാക്കിയിരുന്നു. നിവിന്റെ ബോക്സ് ഓഫീസിലേക്കുള്ള ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു സർവ്വം മായ. നിവിൻ ആരാധകരെ കൂടാതെ സിനിമാ പ്രേമികളെല്ലാവരും പ്രായഭേദമന്യേ ഇരു കൈയും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്.

സര്‍വ്വം മായ. Photo:Instagram.com
നിവിന്‍ അവതരിപ്പിച്ച പ്രഭേന്ദു എന്ന കഥാപാത്രത്തെയും റിയ ഷിബുവിന്റെ ക്യൂട്ട്- ജെൻസി യക്ഷിയായിട്ടുള്ള ഡെലൂലുവിനേയും പ്രേക്ഷകർ ഏറെ ഇഷ്ടത്തോടെയാണ് സ്വീകരിച്ചത്. ചില സാഹചര്യങ്ങളാൽ സംഗീതജ്ഞനും നിരീശ്വരവാദിയുമായ പ്രഭേന്ദു പൂജാരിയാവുകയും അയാളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്ന് വരുന്ന ആത്മാവായിട്ടുള്ള ഡെലൂലുവുമായിട്ടുള്ള തുടർ സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.
14-ാമത് സൈമ അവാർഡ്, കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്, ഇന്ത്യൻ നാഷണൽ സിനി അക്കാദമി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും സിനിമ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ 2026-ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് ചിത്രം ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടതും മലയാള സിനിമക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്.
സർവ്വം മായ കൂടാതെ ശ്രുതി ശരണ്യം സംവിധാനം ചെയ്ത ഒറ്റഞാവൽമരം, ശ്രീഹരി ഹരിദാസിന്റെ അജയന്റെ മരണം: ഒരു കേസ് സ്റ്റഡി എന്നീ മലയാള ചിത്രങ്ങളും ഐ.എഫ്.എഫ്.ഐലെ ഇന്ത്യൻ പനോരമ– ന്യൂ ഹൊറൈസൺസ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Content Highlight: ‘Sarvam Maya’ Selected for IFFI
