മലയാളത്തില്‍ എണ്ണം പറഞ്ഞ കൊമേഷ്‌സ്യല്‍ എന്റര്‍ടൈനറുകള്‍ക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് ഉദയകൃഷ്ണ. സിബി കെ. തോമസിനൊപ്പം ചേര്‍ന്ന് ഒരുക്കിയ സിനിമകള്‍ പലതും മോളിവുഡിലെ നാഴികക്കല്ലുകളിലാന്നായിരുന്നു. ഒറ്റക്ക് തിരക്കഥയെഴുതിയ പുലിമുരുകന്‍ ഇന്‍ഡസ്ട്രി ഹിറ്റായതിന് ശേഷം പഴയ ഫോമിലേക്കെത്താന്‍ ഉദയകൃഷ്ണക്ക് സാധിച്ചിട്ടില്ല.

ഉദയകൃഷ്ണ- സിബി കെ. തോമസ് കൂട്ടുകെട്ടിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് റണ്‍വേ. ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഇന്നും വലിയ ഫാന്‍ബേസുണ്ട്. കോമഡിയും മാസും സമാസമം ചേര്‍ത്ത് ഒരുക്കിയ ചിത്രമാണ് റണ്‍വേ. എന്നാല്‍ ഈ ചിത്രം ആദ്യം ചെയ്യാനിരുന്നത് മമ്മൂട്ടിയെ വെച്ചായിരുന്നു.

മമ്മൂട്ടി ഉപേക്ഷിച്ച ചിത്രങ്ങളുടെ പട്ടികയിലാണ് പലരും റണ്‍വേയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇപ്പോഴിതാ, മമ്മൂട്ടി റണ്‍വേ ഉപേക്ഷിച്ചിട്ടില്ലെന്ന് പറയുകയാണ് ഉദയകൃഷ്ണ. വാളയാര്‍ ചെക്ക്‌പോസ്റ്റ് എന്നായിരുന്നു ചിത്രത്തിന്റെ ആദ്യത്തെ പേരെന്ന് ഉദയകൃഷ്ണ പറഞ്ഞു. ജോസ് തോമസായിരുന്നു ഈ പ്രൊജക്ട് ചെയ്യാനിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു ഉദയകൃഷ്ണ.

‘ഞങ്ങളുടെ സ്‌ക്രിപ്റ്റ്, ജോസ് തോമസ് സംവിധാനം, മമ്മൂക്ക ഹീറോ. അങ്ങനെയായിരുന്നു ആദ്യത്തെ പ്ലാന്‍. പക്ഷേ, സ്‌ക്രിപ്റ്റ് കംപ്ലീറ്റായപ്പോള്‍ ഇത്രയും വലിയ സിനിമ ചെയ്യാന്‍ കോണ്‍ഫിഡന്‍സില്ലാത്തതുകൊണ്ട് ജോസ് തോമസ് പിന്മാറി. ഞങ്ങള്‍ രണ്ടുപേരും സംവിധാനം ചെയ്യാമെന്ന് അപ്പോള്‍ തീരുമാനിച്ചു. മമ്മൂക്കയെക്കണ്ട് കഥ പറയാന്‍ പോവുകയും ചെയ്തു.

മമ്മൂക്ക ആ സമയത്ത് തമിഴ്‌നാട്ടിലായിരുന്നു. ഒരു തമിഴ് പടം ചെയ്യുകയായിരുന്നു. ഈ കഥ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ ‘ഇപ്പോള്‍ ഞാനൊരു തമിഴ് പടം ചെയ്യുകയാണ്. ഇത് കഴിഞ്ഞ് സിദ്ദിഖിന്റെ ക്രോണിക് ബാച്ച്‌ലര്‍ ചെയ്യാനാണ് പ്ലാന്‍. അവനെ വിളിച്ച് ചോദിക്കട്ടെ’ എന്ന് പറഞ്ഞ് അവിടെ വെച്ച് സിദ്ദിഖിനെ വിളിച്ച് ഈ കാര്യം പറഞ്ഞു. സിദ്ദിഖിക്ക ഈ സിനിമ ചെയ്യാന്‍ പറഞ്ഞു. ഞങ്ങളാണ് സംവിധാനമെന്ന് അറിഞ്ഞപ്പോള്‍ ‘പണിയൊക്കെ അറിയാമോ’ എന്ന് ചോദിച്ചു. കുറച്ചൊക്കെ അറിയാമെന്ന് പറഞ്ഞു.

സ്വര്‍ഗചിത്ര ഫിലിംസ് ഈ പടം വിതരണത്തിനെടുക്കാമെന്നൊക്കെ തീരുമാനമായി. പക്ഷേ, കുറച്ച് കഴിഞ്ഞപ്പോള്‍ പ്രൊഡ്യൂസര്‍ പിന്മാറി. മമ്മൂക്കയാണെങ്കില്‍ ക്രോണിക് ബാച്ച്‌ലര്‍ ചെയ്യാന് പോയി. പിന്നീട് ജോണി ആന്റണി വഴിയാണ് ദിലീപ് ഈ പടത്തിലേക്ക് എത്തിയത്. അല്ലാതെ മമ്മൂക്ക സ്‌ക്രിപ്റ്റ് വേണ്ടെന്ന് വെച്ചതല്ല,’ ഉദയകൃഷ്ണ പറയുന്നു.

Content Highlight: Udayakrishna about Runway movie and Mammootty