നിലവിൽ മോളിവുഡിലെ വെയിറ്റിങ് ലിസ്റ്റിലുള്ള ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്യുന്ന ബാച്ച്‌ലർ പാർട്ടി ഡ്യൂ. അനൗൺസ്‌മെന്റ് മുതൽ തന്നെ വലിയ പ്രതീക്ഷയായിരുന്നു ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്. അമൽ നീരദിന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ബാച്ച്‌ലർ പാർട്ടിയുടെ സ്പിരിച്ച്വൽ സീക്വലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഓരോ ക്യാരക്ടർ പോസ്റ്ററുകളും വലിയ ഹൈപ്പായിരുന്നു സൃഷ്ടിച്ചിരുന്നത്.

ചിത്രത്തിലെ താരനിര തന്നെയായിരുന്നു ഇതിലെ പ്രധാനകാരണം. കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, നസ്‌ലെൻ, ചന്തു സലീം കുമാർ, ലാൽ, തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ വേഷമിടുന്നത്. നവംബർ 19ന് തിയേറ്ററുകളിലെത്തും.

ബാച്ച്‌ലർ പാർട്ടി ഡ്യൂ. Photo. IMDb

എന്നാൽ ഇപ്പോഴിതാ കരിയറിന്റെ തുടക്കം മുതൽ ആഗ്രഹിച്ചിരുന്ന കാര്യങ്ങളിലൊന്നായിരുന്നു അമൽ നീരദിന്റെ സിനിമയിൽ അഭിനയിക്കുക എന്നതെന്ന് പറയുകയാണ് നടി രജിഷ വിജയൻ. ഒടുവിൽ ‘ബാച്ചിലർ പാർട്ടി ഡ്യൂ’വിലൂടെ ആ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് താനെന്നും താരം പറഞ്ഞു. അമൽ നീരദ് സിനിമയിലേക്ക് വിളിച്ചപ്പോഴുള്ള അനുഭവവും കഥാപാത്രത്തിന്റെ പേരിലെ പ്രത്യേകതയും മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ നടി രജിഷ പങ്കുവെച്ചു.

‘പത്ത് വർഷമായി ഇൻഡസ്ട്രിയിലുണ്ട്. അതിൽ ഒന്നാമത് അമൽ നീരദിന്റെ കൂടെ ഒരു സിനിമയിൽ വർക്ക് ചെയ്യാൻ പറ്റുക എന്നത്, അല്ലെങ്കിൽ അങ്ങനെയൊരു അവസരം വരിക എന്നത് ഞാൻ ഒരുപാട് ആഗ്രഹിച്ച കാര്യമാണ്. അമലേട്ടൻ വിളിച്ച് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ പേര് ‘സിമ്പിൾ’ എന്നാണെന്ന് പറഞ്ഞു.

അപ്പോൾ തന്നെ അത് കൊള്ളാമല്ലോ എന്ന് തോന്നി. നമ്മൾ സാധാരണ അങ്ങനെ ചിന്തിക്കാത്ത, വളരെ സ്വീറ്റായിട്ടുള്ള പേരാണത്. എനിക്ക് തോന്നുന്നു, ആ യൂണീക്‌നെസ് എല്ലാ കഥാപാത്രങ്ങൾക്കുമുണ്ട്. എന്റെ കഥാപാത്രത്തിനും അങ്ങനെയാണ്. പേരിന്റെ കാര്യത്തിൽ പോലും അദ്ദേഹം ചിന്തിച്ചിട്ടാണ് തീരുമാനിച്ചിരിക്കുന്നത്,’ രജിഷ പറഞ്ഞു.

അമൽ നീരദിന്റെ സിനിമയിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷ വർഷങ്ങളായി മനസിലുണ്ടായിരുന്നുവെന്നും അതിനായി കാത്തിരിക്കുകയായിരുന്നുവെന്നും രജിഷ പറയുന്നു. സംവിധായകന്റെ ഫോൺകോൾ വന്നപ്പോൾ സിനിമയുമായി ബന്ധപ്പെട്ട കാര്യമാകണേ എന്നായിരുന്നു മനസിലെ ആഗ്രഹമെന്നും നടി പറഞ്ഞു.

‘ഈ സിനിമയിലേക്ക് വിളിച്ചപ്പോൾ ഞാനൊന്നും ചിന്തിച്ചിട്ടില്ല. അമലേട്ടൻ വിളിക്കണേ എന്നാണ് ഒന്നാമത് പ്രാർത്ഥിക്കുന്നത്. കാരണം, വർഷങ്ങളായി എനിക്ക് അമലേട്ടനെ അറിയാം. പക്ഷേ ഇവർ ഒന്നും വിളിക്കുന്നില്ലല്ലോ എന്ന വിഷമത്തിലായിരുന്നു ഞാൻ. അങ്ങനെ കാൾ വന്നപ്പോൾ അമലേട്ടൻ വിളിച്ചതുകൊണ്ട് തന്നെ സിനിമയുമായി ബന്ധപ്പെട്ട കാര്യമാകണേ എന്ന് വിചാരിച്ചാണ് ഫോൺ എടുത്തത്.


അമലേട്ടൻ വിളിച്ചിട്ട്, ‘രജിഷ, നമുക്ക് ഒന്ന് ചർച്ച ചെയ്യാം’ എന്നാണ് പറഞ്ഞത്. അപ്പോൾത്തന്നെ ഞാൻ പറഞ്ഞു, ‘അമലേട്ടാ, ചർച്ച ചെയ്യണ്ട, ഞാൻ ഉണ്ട്, ഞാൻ റെഡിയാണ്’ എന്ന്,’ രജിഷ പറഞ്ഞു.

അമൽ നീരദിന്റെ ലാളിത്യവും തന്നെ ഏറെ ആകർഷിച്ച കാര്യമായിരുന്നുവെന്നും രജിഷ പറഞ്ഞു. വലിയൊരു സ്ഥാനത്തിരിക്കുന്ന വ്യക്തിയാണെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ആ അകലം അനുഭവപ്പെട്ടില്ല. അമൽ നീരദിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ കഥാപാത്രത്തെക്കുറിച്ച് ഒരു വിശ്വാസവും തനിക്കുണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കി.

‘അദ്ദേഹത്തിന്റെ ഓഫീസിൽ പോയപ്പോഴും ഭയങ്കര ഡൗൺ ടു എർത്താണ്. അത്രയും വലിയ പൊസിഷനിൽ ഇരിക്കുന്ന ഒരാൾ എന്തിനാണ് ഇത്രയും ഡൗൺ ടു എർത്താകുന്നത് എന്ന് നമുക്ക് തോന്നും. ചില സ്ഥലങ്ങളിൽ പോയി ഒരു സിനിമ കമ്മിറ്റ് ചെയ്യുമ്പോൾ നമുക്ക് ഒരു പേഴ്സണൽ ഗ്യാരന്റി ഉണ്ടാകുമല്ലോ. വെറുതെയല്ല, ആ കഥാപാത്രത്തിൽ എന്തെങ്കിലുമൊക്കെ ഉണ്ടാകുമെന്ന്. ഈ സിനിമ എനിക്ക് അങ്ങനെയായിരുന്നു,’ രജിഷ വിജയൻ പറഞ്ഞു.

ബാച്ച്‌ലർ പാർട്ടി ഡ്യൂ. Photo. IMDb

അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ചിലർ പാർട്ടി ഡ്യൂ’ നവംബർ 19ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ നസ്ലെനും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Content Highlight: Actress Rajisha Vijayan says that acting in an Amal Neerad film was one of the things she had wished for since the beginning of her career