ലൗ ഇന്‍ സിംഗപ്പൂര്‍ എന്ന ചിത്രത്തില്‍ ബാലതാരമായി വേഷമിട്ടുകൊണ്ട് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചയാളാണ് ചന്തു സലീംകുമാര്‍. ഫഹദ് ഫാസില്‍ ചിത്രം മാലിക്കിലും ചന്തു വേഷമിട്ടെങ്കിലും താരം ശ്രദ്ധിക്കപ്പെടുന്നത് ചിദംബരം സംവിധാനം ചെയ്ത് ഹിറ്റടിച്ച സര്‍വൈവര്‍ ത്രില്ലര്‍ മഞ്ഞുമ്മല്‍ ബോയ്‌സിലൂടെയായിരുന്നു. സമാനമായി താരത്തിന് വലിയ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്ത ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി വലിയ വിജയമായ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര.

ചന്തു സലീംകുമാര്‍. Photo: Ott Play

ചിത്രത്തില്‍ നസ്‌ലെനൊപ്പമുള്ള ചന്തുവിന്റെ കോമ്പിനേഷന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇരുവരും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ വലിയ പ്രതീക്ഷയായിരുന്നു ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ക്കുള്ളത്. അമല്‍ നീരദിന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ സ്പിരിച്ച്വല്‍ സീക്വലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഓരോ ക്യാരക്ടര്‍ പോസ്റ്ററുകളും വലിയ ഹൈപ്പായിരുന്നു സൃഷ്ടിച്ചിരുന്നത്. ചിത്രത്തിലെ താരനിര തന്നെയായിരുന്നു ഇതിലെ പ്രധാനകാരണം.

നസ്‌ലെനും ചന്തുവിനും പുറമെ കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, ലാല്‍, തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ അമല്‍ നീരദ് ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചതിനെ കുറിച്ചും ലോകഃയുടെ ഷൂട്ടിങ് സമയത്ത് അമല്‍ നീരദിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ചെയ്ത കാര്യങ്ങളെ കുറിച്ചും നസ്‌ലെന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

‘ലോകഃയുടെ ഷൂട്ടിങ് സമയത്ത് അവിടെയുണ്ടായിരുന്ന തോക്കെടുത്ത് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ രോഹിത്തിനെ കൊണ്ട് ഫോട്ടോസെല്ലാം എടുപ്പിച്ച് അമലേട്ടന് അയച്ചുകൊടുത്തിരുന്നു. അമലേട്ടനെ കാണിക്കാന്‍ വേണ്ടി എടുത്ത ഫോട്ടോസാണെന്ന് പ്രത്യേകം പറയുകയും ചെയ്തിരുന്നു. ലോകഃയില്‍ ഞങ്ങള്‍ക്ക് തോക്കൊന്നുമില്ല. ഫോര്‍ട്ട് കൊച്ചിയില്‍ ഷൂട്ടുള്ള സമയത്ത്, അവിടെ ലൊക്കോഷനിലുള്ള തോക്കെല്ലാം എടുത്തുവെച്ച് ഫോട്ടോ ഷൂട്ട് ചെയ്യുമായിരുന്നു. പിന്നെ ഫോര്‍ട്ട് കൊച്ചിയാണല്ലോ, അമല്‍ നീരദ് പാസ് ചെയ്ത് പോകുമ്പോള്‍ കണ്ടാലോ എന്ന് വിചാരിച്ച് തോക്കും പിടിച്ച് പുറത്തിറങ്ങി നില്‍ക്കും,’ ചന്തു തമാശയോടെ പറയുന്നു.

നസ്‌ലെനും ചന്തുവും. Photo: X.com

ആദ്യം നസ്‌ലെനാണ് വിളി വരുന്നതെന്നും പിന്നീടാണ് തന്നെ വിളിച്ചതെന്നും ചന്തു ഓര്‍ത്തെടുക്കുന്നു. ഗ്യാങ് മെമ്പറായിട്ടായിരിക്കും തന്റെ വേഷമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ചിത്രത്തിലെ മറ്റേതെങ്കിലും കഥാപാത്രമായിട്ടായിരിക്കും റോളെന്നുമാണ് താന്‍ ആദ്യം വിചാരിച്ചതെന്നും ചന്തു കൂട്ടിച്ചേര്‍ത്തു.

Content Highlight: Chandhu Salim Kumar talks about working with Amal Neerad and Lokah movie experience