ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് മുന്‍ താരം സദഗോപന്‍ രമേശ്. ഇന്ത്യ അവിശ്വസനീയമായ രീതിയില്‍ റണ്‍സ് പിന്തുടരുമെന്നും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കുമെന്നും പലരും പ്രതീക്ഷിച്ചിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മോശം തുടക്കമായിരുന്നു കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ അവിശ്വസനീയമായ രീതിയില്‍ റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുമെന്നോ അല്ലെങ്കില്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കുമെന്നോ പലരും പ്രതീക്ഷിച്ചിട്ടുണ്ടാകും. പക്ഷെ ഏകദിന ക്രിക്കറ്റിലെ തങ്ങളുടെ എക്കാലത്തെയും മോശം തുടക്കമാണ് ഇന്ത്യക്ക് നേരിടേണ്ടിവന്നത്.

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും പൂജ്യത്തിന് പുറത്തായതോടെ മറ്റ് ബാറ്റര്‍മാരും സമ്മര്‍ദത്തിലായി. ആ സമ്മര്‍ദത്തെ അതിജീവിക്കാന്‍ അവര്‍ക്കായില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യയുടെ രക്ഷകനാകാറുള്ള കെ.എല്‍. രാഹുലിന്റെ അഭാവം ഇന്ന് ടീമിന് വലിയ നഷ്ടമായിരുന്നു,’ അദ്ദഹം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു.

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ന്യൂസിലാന്‍ഡ് കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. ബെയ് ഓവലില്‍ നടന്ന മത്സരത്തില്‍ 224 റണ്‍സിന്റ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 333 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

എന്നാല്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയെ 26.4 ഓവറില്‍ 89 റണ്‍സിന് ഓള്‍ ഔട്ട് ചെയ്താണ് കിവികള്‍ കരുത്ത് കാട്ടിയത്. ഏകദിന ചരിത്രത്തില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്.

ഇന്ത്യയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഇഷാന്‍ കിഷനാണ്. 53 പന്തില്‍ 27 റണ്‍സാണ് താരം നേടിയത്. അക്‌സര്‍ പട്ടേലും നമന്‍ ധിറും 21 റണ്‍സ് വീതം നേടി. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പൂജ്യം റണ്‍സിനാണ് കൂടാരം കയറിയത്. ഓപ്പണറായി ടീമില്‍ തിരിച്ചെത്തിയ ഋതുരാജ് ഗെയ്ക്വാദ് അഞ്ച് റണ്‍സിനും കീഴടങ്ങി. മറ്റാര്‍ക്കും പ്രതീക്ഷിച്ച ബാറ്റിങ് മികവ് കാണിക്കാന്‍ സാധിച്ചില്ലായിരുന്നു.
Content Highlight: Sadagoppan Ramesh Criticize India’s Lost Against New Zealand