‘ഞാൻ നോൺ ബൈനറിയാണ്, എന്നെ സ്ത്രീയായി വിശേഷിപ്പിക്കരുത്.’ നേഹ ബോറ തന്റെ സ്വത്വത്തെക്കുറിച്ച് നടത്തിയ ഈ പ്രഖ്യാപനം പലരേയും അസ്വസ്ഥപ്പെടുത്തിയിരിക്കുകയാണ്.

ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റായ നേഹ ബോറ പീക്ക് ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. താൻ ഇഷ്ടപ്പെടുന്ന ‘They/Them‘ എന്ന ലിംഗനിഷ്പക്ഷമായ സർവനാമങ്ങൾക്ക് പകരം ചില മാധ്യമങ്ങൾ ഇപ്പോഴും ‘She/Her‘ എന്ന് ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു.

ഈ തുറന്നുപറച്ചിലിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. എന്നാൽ, ഇന്ത്യയിലെ ജനസാമാന്യത്തിന് നേഹ ബോറ സ്ത്രീയാണോ, നോൺ-ബൈനറിയാണോ, ട്രാൻസ്‌ജെൻഡറാണോ എന്നത് ഒരിക്കലും പ്രസക്തമായ കാര്യമല്ല.

മറിച്ച് അവരുടെ രാഷ്ട്രീയ വ്യക്തതയും, അനീതിക്കെതിരായ ചെറുത്തുനിൽപ്പും, അധികാരസ്ഥാപനങ്ങളെ വെല്ലുവിളിക്കുന്ന അസാമാന്യമായ പോരാട്ടവീര്യവുമാണ് പ്രധാനം. അവരുടെ ശബ്ദത്തിനും നിലപാടുകൾക്കുമാണ് നാം കാതോർക്കേണ്ടത്.

അതേസമയം, സംഘികളെ സംബന്ധിച്ചിടത്തോളം എന്തോ വലിയ കാര്യം കണ്ടെത്തിയ മാതിരിയാണ് ഇപ്പോൾ ഇത് ആഘോഷിക്കുന്നത്. നേഹയുടെ രാഷ്ട്രീയത്തെ ഭയപ്പെടുന്നതുകൊണ്ടാണ് അവർ ഇത്തരത്തിൽ പ്രതികരിക്കുന്നത്.

നോൺ-ബൈനറി എന്നാൽ ട്രാൻസ്‌ജെൻഡർ അല്ല എന്നത് സംഘപരിവാറിനെ ബോധ്യപ്പെടുത്തുക അത്ര എളുപ്പമല്ല. നോൺ-ബൈനറിയും ട്രാൻസ്‌ജെൻഡറും വ്യത്യസ്ത ക്വിയർ ജെൻഡർ ഐഡന്റിറ്റികളാണ്. ആൺ-പെൺ എന്ന പരമ്പരാഗത ലിംഗസ്വത്വത്തിനപ്പുറം സ്വയം തിരിച്ചറിയുന്നവരാണ് നോൺ-ബൈനറി വ്യക്തികൾ.

ട്രാൻസ്‌ജെൻഡർ നോൺ ബൈനറിയെക്കാൾ താഴെയാണോ മുകളിലാണെന്നോ ഈ പറയുന്നതിന് അർത്ഥമില്ല. ഇത് രണ്ടും രണ്ട് ജൻഡർ ഐഡന്റിറ്റികളാണ്.

എന്നാൽ തങ്ങൾക്ക് മനസിലാകാത്ത കാര്യങ്ങളെ പരിഹസിക്കാനും, മറ്റൊരാളുടെ വ്യക്തിപരമായ അസ്തിത്വത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റാനും ശ്രമിക്കുന്നത് അവരുടെ ആശയപരമായ ദാരിദ്ര്യത്തെയാണ് തുറന്നുകാട്ടുന്നത്.

ഉത്തരാഖണ്ഡ് സ്വദേശിയായ നേഹ, ദൽഹി സർവകലാശാലയിലെ പഠനത്തിന് ശേഷം ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയായിരിക്കുമ്പോഴാണ് രാജ്യത്തെ വിദ്യാർഥി സമരങ്ങളുടെ മുൻനിരയിലേക്ക് വരുന്നത്.

ദൽഹിയിലെ ജന്തർമന്തറിൽ പരീക്ഷാ ക്രമക്കേടുകൾക്കും വിദ്യാഭ്യാസ മേഖലയിലെ അഴിമതികൾക്കുമെതിരെ 23 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിന് നേതൃത്വം നൽകിയതും, തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയില്ലായ്മയ്ക്കെതിരെ ശബ്ദമുയർത്തിയതുമെല്ലാം നേഹയുടെ പോരാട്ടവീര്യത്തിന്റെ അടയാളങ്ങളാണ്.

ഒരു വ്യക്തി ഉയർത്തുന്ന കാതലായ രാഷ്ട്രീയ വിഷയങ്ങളെ നേരിടാൻ കഴിയാതെ വരുമ്പോൾ, അവരുടെ വ്യക്തിപരമായ സ്വത്വത്തെ ആയുധമാക്കി ആക്രമിക്കുന്ന വലതുപക്ഷ പ്രചാരണ സംവിധാനങ്ങളുടെ രീതികളാണ് ഇവിടെ വീണ്ടും ചർച്ചയാകുന്നത്.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ജനാധിപത്യ-വിദ്യാഭ്യാസ വിഷയങ്ങളിൽ നിന്ന് പൊതുശ്രദ്ധ തിരിക്കുക എന്നതാണ് സംഘപരിവാർ ഐ.ടി സെല്ലിന്റെ പ്രധാന തന്ത്രം.

യുവാക്കളുടെ സ്വപ്നങ്ങളെ തകർക്കുന്ന ഭരണകൂട നയങ്ങൾക്കെതിരെ തെരുവിലിറങ്ങുന്ന നേഹയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതാകുമ്പോഴാണ്, ജനശ്രദ്ധ തിരിക്കാനായി വ്യക്തിപരമായ സ്വത്വത്തെ എതിരാളികൾ ആയുധമാക്കുന്നത്.

സ്വന്തം സ്വത്വം നിർവചിക്കാനുള്ള സ്വാതന്ത്ര്യം ഓരോ മനുഷ്യന്റെയും അടിസ്ഥാനപരമായ അവകാശമാണ്. താൻ ആരാണെന്ന് മറ്റാർക്കും വിശദീകരിച്ചുകൊടുക്കേണ്ട ബാധ്യത നേഹയ്ക്കില്ല. മനുഷ്യരെ അവരുടെ ലിംഗം, ലൈംഗികത, രൂപം എന്നിവയുടെ പേരിൽ മാത്രം ചുരുക്കിക്കാണിക്കുന്ന ഇടുങ്ങിയ രാഷ്ട്രീയത്തെയാണ് നാം തള്ളിക്കളയേണ്ടത്.

ലിംഗം, ജാതി, മതം തുടങ്ങി മനുഷ്യരെ വിഭജിക്കാനുള്ള ആയുധങ്ങളായി ഉപയോഗിക്കപ്പെടുന്ന എല്ലാ സ്വത്വങ്ങളെയും മറികടക്കുന്ന രാഷ്ട്രീയമാണ് നമുക്കാവശ്യം.

ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാൻ കെൽപ്പില്ലാത്തവർ എക്കാലത്തും പയറ്റുന്ന ഏറ്റവും നെറികെട്ട രാഷ്ട്രീയ തന്ത്രമാണ് വ്യക്തിഹത്യ. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെയും വിദ്യാഭ്യാസ കച്ചവടത്തെയും തൊഴിലില്ലായ്മയെയും കുറിച്ച് നേഹ ബോറയെപ്പോലുള്ള വിദ്യാർത്ഥി നേതാക്കൾ ഉയർത്തുന്ന മൂർച്ചയുള്ള ചോദ്യങ്ങൾക്ക് മുന്നിൽ ഭരണകൂടം പതറുകയാണ്.

ആ പതർച്ച മറച്ചുവെക്കാനാണ് സൈബർ ഗുണ്ടകളെ ഇറക്കിവിട്ട് വ്യക്തിപരമായ അധിക്ഷേപങ്ങളും പരിഹാസങ്ങളും അഴിച്ചുവിടുന്നത്. ഒരാളെ അവരുടെ രാഷ്ട്രീയ നിലപാടുകളുടെയും ജനകീയ ഇടപെടലുകളുടെയും പേരിലാണ് വിലയിരുത്തേണ്ടത്. നേഹ ബോറയുടെ സ്വത്വമല്ല യഥാർഥത്തിൽ ഞെട്ടിപ്പിക്കുന്നത്.

മറിച്ച്, നീതി, ജനാധിപത്യം, ഉത്തരവാദിത്തം തുടങ്ങിയ നിർണായക വിഷയങ്ങൾ ഉപേക്ഷിച്ച് മറ്റൊരാളുടെ അസ്തിത്വത്തെച്ചൊല്ലി വിവാദവും വിദ്വേഷവും കെട്ടിച്ചമയ്ക്കാൻ ഒരു രാഷ്ട്രീയ പ്രചാരണ സംവിധാനം ഇത്രമേൽ തരംതാഴേണ്ടിവരുന്നു എന്നതാണ് യഥാർഥത്തിൽ ഞെട്ടിപ്പിക്കുന്നത്.

Content Highlight:Non-binary and transgender are not the same thing—a distinction the Sangh Parivar fails to grasp. Neha Bora’s stances deserve to be a subject of discussion in Indian politics.