സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആകാസം ലോ ഒക്ക താര. ദുല്‍ഖറിനെ നായകനാക്കി പവന്‍ സദിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും പ്രതീക്ഷ നല്‍കുന്നവയായിരുന്നു. തെലുങ്കിലെ തന്റെ ഹിറ്റ് സ്ട്രീക്ക് ഈ സിനിമയിലും തുടരുമെന്നാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും നല്‍കുന്ന സൂചന.

തെലുങ്കിന് പുറമെ തമിഴ്, മലയാളം ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. വന്‍ ഹൈപ്പിലൊരുങ്ങുന്ന ചിത്രത്തിന് മികച്ച പ്രൊമോഷനാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്. കഴിഞ്ഞദിവസം കൊച്ചിയില്‍ ദുല്‍ഖറും മറ്റ് അണിയറപ്രവര്‍ത്തകരും പ്രീ റിലീസ് ഇവന്റില്‍ പങ്കെടുത്തിരുന്നു. ഇഷ്ടനടനെ കാണാന്‍ ജനസാഗരമായിരുന്നു പങ്കെടുത്തത്.

എന്നാല്‍ സിനിമാലോകം മുഴുവന്‍ കാത്തിരിക്കുന്നത് ഇന്ന് ഹൈദരബാദില്‍ നടക്കുന്ന പ്രീ റിലീസ് ഇവന്റിന് വേണ്ടിയാണ്. ഹൈദരബാദിലെ ജെ.ആര്‍.സി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഇവന്റില്‍ മുഖ്യാതിഥിയായി എത്തുന്നത് അല്ലു അര്‍ജുനാണ്. ഒരു മലയാളി താരത്തിന്റെ സിനിമയുടെ പ്രൊമോഷന് അല്ലു അര്‍ജുന്‍ പങ്കെടുക്കുന്നു എന്നതാണ് ഇവന്റിന്റെ ഹൈലൈറ്റ്.

തെലുങ്കിന്റെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ അല്ലുവിനെയും മലയാളത്തിന്റെ സ്വന്തം ദുല്‍ഖറിനെയും ഒന്നിച്ച് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളും ഇവന്റിന്റെ ശ്രദ്ധാകേന്ദ്രമാകുമെന്ന് ഉറപ്പാണ്. ബണ്ണി- ഡി.ക്യു എന്നിവര്‍ ഹൈദരബാദിനെ പൂരപ്പറമ്പാക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

അല്ലു അര്‍ജുന്റെ അച്ഛന്‍ അല്ലു അരവിന്ദ് ആകാസം ലോ ഓക്ക താരയുടെ നിര്‍മാതാക്കളിലൊരാളാണ്. പുഷ്പ 2ന് ശേഷം അല്ലു അര്‍ജുന്‍ ഒരു സിനിമയുടെ ഇവന്റില്‍ പങ്കെടുക്കുന്നതും ഇതാദ്യമായാണ്. നിലവില്‍ അറ്റ്‌ലീ സംവിധാനം ചെയ്യുന്ന രാക്കയുടെ ഷൂട്ടിലാണ് അല്ലു അര്‍ജുന്‍. 2025ല്‍ അനൗണ്‍സ് ചെയ്ത ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.

കാന്തക്ക് ശേഷം ദുല്‍ഖര്‍ നായകനാകുന്ന അന്യഭാഷാ ചിത്രമാണ് ആകാസം ലോ ഒക്ക താര. പുതുമുഖം സാത്വികയാണ് ചിത്രത്തിലെ നായിക. ആന്ധ്രയിലെ ഒരു ഗ്രാമത്തില്‍ നിന്ന് നാസയിലേക്ക് എത്തുന്ന ഒരു സാധാരണ പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ദുല്‍ഖറിന്റെ മികച്ച പ്രകടനങ്ങളിലൊന്ന് ആകാസം ലോ ഒക്ക താരയില്‍ കാണാനാകുമെന്നാണ് പ്രതീക്ഷ. നവംബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Allu Arjun will attend Dulquer Salmaan’s Aakasam Lo Oka Tara pre release event