തിരുവനന്തപുരം: മാനവീയം വീഥിയിലെ സാംസ്കാരിക പരിപാടികൾക്ക് തിരുവനന്തപുരം നഗരസഭ അനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച നടത്താനിരുന്ന ഗായിക പുഷ്പവതിയുടെ സംഗീത പരിപാടിക്ക് നഗരസഭ അനുമതി നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.

സംഭവത്തിൽ പ്രതിഷേധിച്ച് പതിനെട്ടിലധികം കലാ-സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് (ഞായറാഴ്ച) വൈകുന്നേരം 5:30 മുതൽ മാനവീയം വീഥിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സാംസ്കാരിക പ്രവർത്തകർ അറിയിച്ചു. ‘നമ്മുടെ മാനവീയം നമ്മുടെ ശബ്ദം’, ‘ലെറ്റ് ദി സ്ട്രീറ്റ് സിങ്’ (Let the Street Sing) എന്നീ പേരിൽ പാട്ടും നൃത്തവും മറ്റ് കലാപരിപാടികളും അവതരിപ്പിച്ചുകൊണ്ട് പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന പ്രതിഷേധമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

നഗരസഭയുടെ നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സാംസ്കാരിക പ്രവർത്തകർ വിമർശിക്കുന്നു. ഞായർ അവധി ദിവസമായതിനാൽ നഗരസഭയ്ക്ക് മുന്നിൽ മറ്റ് പ്രതിഷേധങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം.

അതേസമയം, രേഖകളില്ലാത്ത സംഘടനകൾക്ക് പരിപാടികൾ നടത്താൻ അനുമതി നൽകാനാകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് നഗരസഭ. രജത ജൂബിലി ആഘോഷങ്ങളെക്കുറിച്ചോ, ‘മാനവീയം സാംസ്കാരിക കൂട്ടായ്മ’ എന്ന പേരിലുള്ള സംഘാടക സമിതിയെക്കുറിച്ചോ തനിക്ക് അറിവില്ലെന്നും, സമിതിയിൽ നഗരസഭാ അംഗങ്ങളാരും ഉൾപ്പെട്ടിട്ടില്ലെന്നും മേയർ വി.വി രാജേഷ് പറഞ്ഞു.

കൃത്യമായ രേഖകളില്ലാതെ ഏതാനും പേർ വന്ന് അനുമതി ചോദിച്ചാൽ നൽകാൻ കഴിയില്ലെന്നും, ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നുമാണ് മേയറുടെ വിശദീകരണം.

കഴിഞ്ഞ ഒക്ടോബർ 16-ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടൻ പ്രകാശ് രാജ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പ്രതിഷേധ പരിപാടിക്കിടെ മ്യൂസിയം പൊലീസ് മൈക്രോഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു.

ഇതിന് പിന്നാലെ മാനവീയം വീഥിയെ പ്രതിഷേധങ്ങളില്ലാത്ത ഇടമാക്കി മാറ്റുമെന്നും സാംസ്കാരിക പരിപാടികൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും നഗരസഭ നിലപാടെടുത്തിരുന്നു. ഇതിനെതിരെയും സാംസ്കാരിക പ്രവർത്തകർക്കിടയിൽ നേരത്തെ തന്നെ എതിർപ്പുകൾ ഉയർന്നിരുന്നു.

Content Highlight:Ban on events at Manaveeyam Veedhi: Cultural collectives protest; Corporation stands firm on its stance.