ടെല്‍ അവീവ്: ഇസ്രഈലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഒരു ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരണമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അത്തരമൊരു സര്‍ക്കാരിന് മാത്രമേ ഇസ്രഈലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുകയുള്ളുവെന്നും നെതന്യാഹു പറഞ്ഞു.

വ്യാഴാഴ്ച ഗാഡി ഐസന്‍കോട്ടുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ‘ഐസന്‍കോട്ടുമായുള്ള ചര്‍ച്ച ഒരു ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്ന ബോധ്യം ശക്തിപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളു,’ നെതന്യാഹു പറഞ്ഞു.

അത്തരമൊരു സര്‍ക്കാരിന് ഇറാന്റെ ഭീഷണി എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ സാധിക്കുമെന്നും അല്ലെങ്കില്‍ അവര്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇസ്രഈലിനെ ജൂത ജനതയുടെ രാഷ്ട്രമായി അംഗീകരിക്കുന്ന പാര്‍ട്ടികള്‍ ചേര്‍ന്നായിരിക്കും ഈ ഐക്യ സര്‍ക്കാര്‍ എന്നും നെതന്യാഹു പറഞ്ഞു.

‘ദുര്‍ബലവും അപകടകരവുമായ ഒരു ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ശ്രമിക്കുന്നതിനുപകരം മുന്‍വ്യവസ്ഥകളില്ലാതെ, ഒരു മുറിയില്‍ നമുക്ക് യോഗം ചേരാം, നമ്മുടെ എല്ലാ അഭിപ്രായവ്യത്യാസങ്ങളും എല്ലാ ബഹിഷ്‌കരണങ്ങളും മാറ്റിവെച്ച്, രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭാവിക്കും വേണ്ടി കരാറുകളില്‍ എത്തിച്ചേരാം,’ നെതന്യാഹു ആഹ്വാനം ചെയ്തു.

എന്നാല്‍ നെതന്യാഹുവിന് താന്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് അറിയാമായിരുന്നുവെന്നും ഒരു ഐക്യസര്‍ക്കാരിനായി അഭ്യര്‍ത്ഥിച്ച് കൊണ്ട് അദ്ദേഹം തന്ത്രങ്ങള്‍ കളിക്കുകയാണെന്നായിരുന്നു ഐസന്‍കോട്ടിന്റെ പ്രതികരണം. ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ഇത്തരത്തില്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് വെറും നാടകം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

‘ ചര്‍ച്ചകള്‍ പുരോഗിമിക്കുമ്പോള്‍ തന്നെ നെതന്യാഹു ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്യുന്നു. അദ്ദേഹം ഐക്യ സര്‍ക്കാരിന് ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെടുന്നു. എന്നാല്‍ നാളെ എന്നൊന്നില്ലെന്ന മട്ടിലാണ് അദ്ദേഹം ഭിന്നത വിതയ്ക്കുകയും പിരിമുറുക്കം സൃഷ്ടിക്കുകയും ചെയ്യുന്നത്,’ ഐസന്‍കോട്ട് പറഞ്ഞു. തനിക്ക് നെതന്യാഹുവിന്റെ ഈ തന്ത്രങ്ങള്‍ ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.

തീവ്ര വലതുപക്ഷ നേതാവായ ഇറ്റാമര്‍ ബെന്‍ ഗ്വിറിന്റെ പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറായാല്‍, കര്‍ശന ഉപാധികളോടെ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയുമായോ ബെസലേല്‍ സ്‌മോട്രിച്ചിന്റെ പാര്‍ട്ടിയുമായോ സഹകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഐസന്‍കോട്ട് വ്യക്തമാക്കി.

അധികാരം പങ്കിടുന്ന റൊട്ടേഷന്‍ വ്യവസ്ഥകളില്ലാതെ, ഐസന്‍കോട്ട് മാത്രം നയിക്കുന്ന മന്ത്രിസഭയില്‍ ലിക്കുഡ് പാര്‍ട്ടിക്ക് സ്ഥാനം നല്‍കാനാണ് അദ്ദേഹത്തിന്റെ ക്യാമ്പ് ആലോചിക്കുന്നതെന്ന് ഇസ്രഈലി മാധ്യമമായ ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ 28 ദിവസത്തെ സമയമാണ് ഐസന്‍കോട്ടിന് നല്‍കിയിരിക്കുന്നത്.

 

Content Highlight: Netanyahu says only a coalition government that recognizes Israel as a Jewish state can save the country; Eisenkot calls it a tactical move.