ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വിരമിക്കലിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിന് വന്‍ തോല്‍വി. യുവേഫ നാഷന്‍സ് ലീഗിന്റെ ഗ്രൂപ്പ് മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെതിരെ 4-1 നാണ് പറങ്കിപ്പട തോറ്റുമടങ്ങിയത്.
റൊണാള്‍ഡോയോടുള്ള ആദരസൂചകമായി മത്സരത്തിന് മുമ്പ് പോര്‍ച്ചുഗീസ് താരങ്ങള്‍ കളത്തിലിറങ്ങിയത് അദ്ദേഹത്തിന്റെ നമ്പര്‍ ഏഴ് ജേഴ്‌സി ധരിച്ചായിരുന്നു.
Momento inesquecível. 𝟳✨@Cristiano https://t.co/nU0dAYyqZQ
— Portugal (@selecaoportugal) November 14, 2026
റൊണാള്‍ഡോയുടെ വിരമിക്കലിനെത്തുടര്‍ന്ന് ദേശീയ ടീമിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ സംശയങ്ങളും പരിഹരിക്കാന്‍ ഒരു വിജയം പ്രതീക്ഷിച്ചാണ് കോച്ച് ജോര്‍ജ് ജീസസ് ടീമിനെ കളത്തിലിറക്കിയത്.
എന്നാല്‍ കൂടുതല്‍ സമയം കൈയ്യില്‍ വെച്ചിട്ടും പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ പോര്‍ച്ചുഗീസ് താരങ്ങള്‍ക്കായില്ല. 64 മിനിട്ട് കളിച്ചിട്ടും സ്‌ട്രൈക്കര്‍ ഗോണ്‍കാലോ റാമോസിന് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാനായില്ല.
മറ്റ് മുന്നേറ്റ നിര താരങ്ങളായ പെഡ്രോ നെറ്റോയും ജാവോ ഫെലിക്‌സും ഓരോ ഷോട്ട് വീതമാണ് രേഖപ്പെടുത്തിയത്.
പോര്‍ച്ചുഗലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ റാസ്മസ് ഹൊയ്‌ലണ്ടിന്റെ ഇരട്ടഗോള്‍ മികവിലാണ് ഡെന്‍മാര്‍ക്കിന്റെ വിജയം. ആദ്യ പകുതിയുടെ അവസാന മിനിട്ടുകളില്‍ പെനാല്‍റ്റിയലൂടെ പിയര്‍ എമില്‍ ഹൊയ്‌ബെര്‍ഗാണ് ഡെന്‍മാര്‍ക്കിന്റെ ആദ്യ ഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ ഏഴ് മിനിട്ടിനുള്ളിലാണ് ഹൊയ്‌ലണ്ട് രണ്ട് ഗോള്‍ നേടിയത്. 50ാം മിനിട്ടില്‍ ആദ്യ ഗോളും 57ാം മിനിട്ടില്‍ രണ്ടാം ഗോളും ഡാനിഷ് സ്‌ട്രൈക്കര്‍ നേടി. 75ാം മിനിട്ടില്‍ ജോക്കിം ആന്‍ഡേഴ്‌സണ്‍ ഒരു ഹെഡറിലൂടെ പോര്‍ച്ചുഗലിന്റെ പെട്ടിയിലെ അവസാന ആണിയും അടിച്ചു.
Rasmus Højlund at the double in Denmark’s 4-1 win over Portugal 😤 #NationsLeague https://t.co/wIvZ6rtD6y
— UEFA EURO (@UEFAEURO) November 14, 2026
കളി അവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കുമ്പോഴാണ് ബെര്‍ണാഡോ സില്‍വ പോര്‍ച്ചുഗലിന്റെ ആശ്വാസ ഗോള്‍ നേടിയത്. തോറ്റെങ്കിലും ഗ്രൂപ്പില്‍ ഒന്നാമതാണ് പോര്‍ച്ചുഗല്‍. മൂന്ന് പോയിന്റ് പിന്നിലുള്ള ഡെന്‍മാര്‍ക്ക് രണ്ടാമതാണ്.
നവംബര്‍ അഞ്ചിനാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും 23 വര്‍ഷം നീണ്ട കരിയറിന് ശേഷം 41കാരനായ റൊണാള്‍ഡോ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
പോര്‍ച്ചുഗല്‍ നാഷണല്‍ ടീം പരിശീലകനും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തമ്മിലുള്ള അസ്വാരസ്വങ്ങള്‍ ഫുട്‌ബോള്‍ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ക്യാമ്പ് വിട്ടതും ആരാധകര്‍ക്കിടയില്‍ ഏറെ നിരാശ ഉണ്ടാക്കിയിരുന്നു.
പ്ലെയിങ് ടൈമുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന ധാരണ പരിശീലകന്‍ ലംഘിച്ചു എന്ന അമര്‍ഷത്തിലാണ് റൊണാള്‍ഡോ പരിശീലന ക്യാമ്പ് ഉപേക്ഷിച്ചതും പോര്‍ച്ചുഗല്‍ ക്യാമ്പില്‍ നിന്ന് മടങ്ങിയതും. എന്നാല്‍ പിന്നീട് റൊണാള്‍ഡോയും പോര്‍ച്ചുഗല്‍ ക്യാമ്പും തമ്മില്‍ തകര്‍ക്കങ്ങള്‍ ഇല്ലെന്ന് ജോര്‍ജ് ജീസസ് പറഞ്ഞിരുന്നു.
Content Highlight: Porugal losses 4-1 to Denmark in their first match after Ronaldo’s retirement.
