സൂപ്പർ ലീഗ് കേരളയിൽ തൃശ്ശൂർ മാജിക് എഫ്.സിക്കെതിരെ മലപ്പുറത്തിന് തകർപ്പൻ വിജയം. തൃശ്ശൂരിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മലപ്പുറം വിജയിച്ചുകയറിയത്. ഇതോടെ ഈ സീസണിൽ ഹോമിലും എവേയിലും തൃശ്ശൂരിനെതിരെ വിജയത്തിന്റെ ആധിപത്യവുമായി മലപ്പുറം കുതിക്കുകയാണ്.
മലപ്പുറത്തിന്റെ തട്ടകമായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയം കൈപ്പിടിയിലാക്കിയ മലപ്പുറം എതിരാളികളുടെ തട്ടകത്തിലും വിജയം സ്വന്തമാക്കി മുന്നേറുകയാണ്.
Thrissur’s turf, Malappuram’s 𝒕𝒓𝒊𝒖𝒎𝒑𝒉 🧡 #SuperLeagueKerala #WhiteGoldSLK #SLKSeason3 #FeelTheFireFeelTheFootball #TMFCvsMFC https://t.co/m5k9xh2vsP
— Super League Kerala (@slk_kerala) November 14, 2026
മത്സരത്തിൽ ആദ്യ ഗോൾ നേടിയത് മലപ്പുറം ആയിരുന്നു. ആദ്യ പകുതി അവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കി നിൽക്കെ എൽഫോർസിയാണ് മലപ്പുറത്തിന് വേണ്ടി ലീഡ് നേടിയത്. ടീമിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് തൃശ്ശൂർ പ്രതിരോധത്തെ മറികടന്നുകൊണ്ട് എൽഫോർസി കൃത്യമായി വലയിൽ എത്തിക്കുകയായിരുന്നു.
പയ്യനാട്ടിൽ ഫോഴ്സ കൊച്ചിക്കെതിരെ എൽഫോർസി നേടിയ മഴവിൽ ഗോളിന്റെ തനിയാവർത്തനമായിരുന്നു തൃശ്ശൂരിന്റെ മണ്ണിലും കണ്ടത്. എന്നാൽ ആദ്യ ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പ് തന്നെ സിലജിത്ത് സാന്ദ്രയിലൂടെ തൃശ്ശൂർ സമനില ഗോൾ നേടി. മലപ്പുറത്തിന്റെ പോസ്റ്റിലേക്ക് നൽകിയ ക്രോസ് ഗോൾകീപ്പറെ മറികടന്നുകൊണ്ട് വലയിൽ എത്തുകയായിരുന്നു.
എന്നാൽ 86ാം മിനിട്ടിൽ ഗ്രെയ്‌സ് അഡിയു യുമൗവിലൂടെ മലപ്പുറം വിജയഗോൾ നേടി. തൃശ്ശൂരിന്റെ പ്രതിരോധനിരയെ പൊളിച്ചുകൊണ്ടുള്ള എൽഫോർസിയുടെ പാസിൽ നിന്നുമാണ് താരം ഗോൾ നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തൃശ്ശൂർ താരം ഹരികൃഷ്ണൻ ചുവപ്പു കാർഡ് കണ്ട് പുറത്തുപോയതും ആതിഥേയർക്ക് തിരിച്ചടിയായി. ബാക്കിയുള്ള നിമിഷങ്ങളിൽ 10 പേരുമായി പന്തുതട്ടിയ തൃശ്ശൂരിന് സ്വന്തം മണ്ണിൽ മലപ്പുറത്തിന് മുന്നിൽ അടിപതറേണ്ടി വന്നു.
നവംബർ 21ന് തിരുവനന്തപുരം കൊമ്പൻസിനെതിരെയാണ് മലപ്പുറത്തിന്റെ അടുത്ത മത്സരം. മലപ്പുറത്തിന്റെ തട്ടകമായ മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് വേദി.
ഈ സീസണിൽ ഇരു ടീമുകളും ഇതിനുമുമ്പ് നേർക്കുനേർ വന്നപ്പോൾ വിജയം കൊമ്പൻസിനൊപ്പമായിരുന്നു. തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ പെനാൽറ്റിയിൽ 4-2നായിരുന്നു തിരുവനന്തപുരം മലപ്പുറത്തെ വീഴ്ത്തിയത്. ഈ തോൽവിക്ക് സ്വന്തം മണ്ണിൽ പകരം വീട്ടാനായിരിക്കും മലപ്പുറം കളത്തിലിറങ്ങുക. മറുഭാഗത്ത് വിജയം തുടരാനായിരിക്കും കൊമ്പൻസിന്റെ ലക്ഷ്യം.
Content Highlight: Malappuram fc beat Trissur Magic fc in super league Kerala
