തിയേറ്ററുകളില്‍ സീന്‍ നിറഞ്ഞോടുമ്പോള്‍ അതിലെ പല കഥാപാത്രങ്ങളും സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്. താരതമ്യേന പുതുമുഖങ്ങളാണ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തത്. സമീപകാലത്ത് ഏറ്റവുമധികം പുതുമുഖങ്ങള്‍ ശ്രദ്ധിക്കപ്പെട്ട സൂപ്പര്‍സ്റ്റാര്‍ ചിത്രം കൂടിയാണ് സീന്‍. അത്തരത്തില്‍ ശ്രദ്ധ നേടിയ ഒരു കഥാപാത്രമാണ് ഇന്‍ബരാജിന്റെ സഹായിയായ സിബി എന്ന പൊലീസ് ഉദ്യോഗസ്ഥന്‍.

ലുങ്കി ബോയ്‌സ് യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ രാജ്പ്രിയനാണ് സിബിയായി വേഷമിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ രാജ്പ്രിയന്‍ തന്റെ ബിഗ് സ്‌ക്രീന്‍ എന്‍ട്രി ഗംഭീരമാക്കി. സൂര്യക്കൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളിലെല്ലാം രാജ്പ്രിയന്‍ ശ്രദ്ധ നേടി. അഭിനയത്തിന് പുറമെ സീനിലെ മൂന്ന് ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിച്ചതും രാജ്പ്രിയനാണ്.

ടിക് ടോക്കിന്റെ കാലത്ത് റീലുകള്‍ ചെയ്തിരുന്നെന്നും അതിലൂടെ കേരളത്തിലും ചിലര്‍ ഫോളോ ചെയ്തിരുന്നെന്നും പറയുകയാണ് രാജ്പ്രിയന്‍. ഫുക്രുവുമായി തനിക്ക് കോണ്‍ടാക്ട് ഉണ്ടായിരുന്നെന്നും ടിക് ടോക് നിരോധിച്ചതോടെ അതെല്ലാം നിന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു രാജ്പ്രിയന്‍.

‘തമിഴില്‍ എന്റെ ഫേവറെറ്റ് രജിനി സാറാണ്. എല്ലാ നടന്മാരെയും ഇഷ്ടമാണെങ്കിലും തലൈവരാണ് ഏറ്റവും ടോപ്പില്‍. വെറിത്തനമായ ഫാനെന്നൊക്കെ പറയാം. മലയാളത്തില്‍ ലാല്‍ സാറിന്റെ വലിയ ഫാനാണ്. അദ്ദേഹം കഴിഞ്ഞേ വേറെ ആരുമുള്ളൂ. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ട് അതിലെ ഡയലോഗൊക്കെ പറഞ്ഞ് നോക്കിയിട്ടുണ്ട്. ശരിയാണോ തെറ്റാണോ എന്നൊന്നും നോക്കിയിട്ടില്ല.

‘ആവേശം ഈ പ്രായത്തില്‍ നല്ലതല്ല. അതൊരു രോഗലക്ഷണമാണ്’ എന്ന ഡയലോഗൊക്കെ പറഞ്ഞ് പ്രാക്ടീസ് ചെയ്തിട്ടുണ്ട്. എന്റേതായ രീതിയില്‍ അതൊക്കെ പറഞ്ഞ് നോക്കുമ്പോള്‍ നല്ല രസമാണ്. അദ്ദേഹത്തിന്റെ ദൃശ്യവും പുലിമുരുകനുമൊക്കെയാണ് എന്റെ ഫേവറെറ്റ്. ബാക്കി മലയാളം ആര്‍ട്ടിസ്റ്റുകളെയും ഇഷ്ടമാണ്,’ രാജ്പ്രിയന്‍ പറയുന്നു.

തന്റെ യൂട്യൂബ് വീഡിയോകള്‍ കണ്ടിട്ടാണ് ജിത്തു മാധവന്‍ തെരഞ്ഞെടുത്തതെന്നും താരം പറഞ്ഞു. തന്റെ വീഡിയോ കാണാറുണ്ടെന്നും അത് കേട്ടപ്പോള്‍ സന്തോഷം തോന്നിയെന്നും രാജ്പ്രിയന്‍ കൂട്ടിച്ചേര്‍ത്തു. സെറ്റില്‍ ഒരു സ്‌ട്രെസ്സും ജിത്തു തങ്ങള്‍ക്ക് തന്നിരുന്നില്ലെന്നും നല്ല ജോളിയായിരുന്നെന്നും അദ്ദേഹം പറയുന്നു.

Content Highlight: Rajpriyan saying Mohanlal and Rajnikanth are his favorites