ന്യൂദൽഹി: ഫലസ്തീൻ ജനതയുടെ ശാശ്വതമായ പരമാധികാരം സംബന്ധിച്ച ഐക്യരാഷ്ട്ര പൊതുസഭയുടെ (യു.എൻ.ജി.എ) പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ.
സിറിയൻ ഗോലാൻ മേഖലയിലെ ജനങ്ങളുടെ പ്രകൃതി വിഭവങ്ങളുടെയും
അവകാശങ്ങൾ വീണ്ടും ഉറപ്പാക്കണമെന്നും വിഭവങ്ങളുടെമേൽ ഇസ്രഈൽ നടത്തുന്ന ചൂഷണവും നാശനഷ്ടവും അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
‘കിഴക്കൻ ജറുസലേം ഉൾപ്പടെയുള്ള മേഖലയിലെ ഫലസ്തീൻ ജനതയുടെയും സിറിയൻ ഗോലാനിലെ അറബ് ജനതയുടെയും പ്രകൃതി വിഭവങ്ങളുടെ മേലുള്ള ശാശ്വതമായ പരമാധികാരം’ ഉറുഗ്വേ നിർദ്ദേശിച്ച ഈ പ്രമേയത്തിൽ 193 അംഗങ്ങളുള്ള യു.എൻ പൊതുസഭ ബുധനാഴ്ച വൻ ഭൂരിപക്ഷത്തോടെ വോട്ട് രേഖപ്പെടുത്തി.
ഇന്ത്യയടക്കമുള്ള 150 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ ഇസ്രഈലും അമേരിക്കയും ഉൾപ്പെടെ ഏഴ് രാജ്യങ്ങൾ പ്രതികൂലിച്ചാണ് വോട്ട് ചെയ്തത്.
കിഴക്കൻ ജറുസലേമും പരിസരങ്ങളും ഉൾപ്പടെ ഫലസ്തീൻ പ്രദേശത്ത് ഇസ്രഈൽ നിർമിക്കുന്ന മതിലുകളും കുടിയേറ്റ കേന്ദ്രങ്ങളും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.
ഫലസ്തീൻ പ്രദേശങ്ങളിലേക്കും സിറിയൻ ഗോലാനിലേക്കും മാലിന്യങ്ങൾ തള്ളുന്നത് ഉൾപ്പെടെ പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന ഇസ്രഈലിന്റെ നടപടികൾ അവസാനിപ്പിക്കണം.
ജലവിതരണ പൈപ്പുകൾ, മലിനജല, വൈദ്യുതി ശൃംഖലകൾ തുടങ്ങിയ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കുന്നതും ഫലസ്തീനികളുടെ വീടുകൾ, കൃഷിഭൂമികൾ, കിണറുകൾ എന്നിവ നശിപ്പിക്കുന്നതും ഇസ്രഈൽ അവസാനിപ്പിക്കണമെന്നും പ്രമേയത്തിൽ പറയുന്നു.
ഗസ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ പുനർനിർമാണ വികസന പദ്ധതികൾ അടിയന്തരമായി മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
Content Highlight: Permanent sovereignty of the Palestinian people; India supports UN resolution
