സിനിമാ ലോകം ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്യുന്ന ബാച്ച്ലര്‍ പാര്‍ട്ടി ഡ്യൂ. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് തൊട്ട് തന്നെ സിനിമയെ ചുറ്റി പറ്റിയുള്ള വാർത്തകളും ചർച്ചകളും സോഷ്യൽ മീഡിയയിലും സിനിമാ ഗ്രൂപ്പുകളിലും സജീവമാണ്. അതിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ബാച്ച്ലർ പാർട്ടിയുടെ രണ്ടാം ഭാഗമാണോ ഈ സിനിമയെന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ, രണ്ട് എന്നർത്ഥം വരുന്ന ഡ്യൂ എന്ന ഫ്രഞ്ച് വാക്ക് സിനിമയുടെ ടൈറ്റിലിനൊപ്പമുണ്ടെങ്കിലും ആദ്യ ഭാഗത്തിന്റ തുടർച്ചയല്ല ഇതെന്ന് പറഞ്ഞിരുന്നു.

എങ്കിലും അതേ ചോദ്യം ആവർത്തിച്ച് ചോദിച്ചുകൊണ്ടിരിക്കുകയാണ് പലരും. കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിൽ വെച്ചും ഇതേ ചോദ്യം നസ്‌ലെനോട് ചോദിച്ചിരുന്നു. ഇതൊരു പുതിയ പടമാണ് എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

‘ബാച്ച്ലര്‍ പാര്‍ട്ടിയിലെ ആസിഫിക്കായുടെ കഥാപാത്രമല്ല എന്റേത്. സോണി എന്നാണ് എന്റെ ക്യാരക്ടറിന്റെ പേര്. ഈ പറഞ്ഞപോലെ ആദ്യത്തെ ബാച്ച്ലര്‍ പാർട്ടിയുടെ ആ സ്പിരിറ്റ് ഉൾക്കൊണ്ടുകൊണ്ട് ചെയ്തേക്കുന്ന സിനിമയാണിത്. ഒരു സ്പിരിച്വൽ സീക്വൽ ആണ്. നമുക്ക് തിയേറ്ററിൽ കണ്ടിരിക്കുമ്പോൾ പല മൊമെന്റ്സിലും നമുക്ക് എവിടെയൊക്കെയോ ഓർമ്മ വരാം വരാതിരിക്കാം. എന്തുതന്നെയായാലും ഇതൊരു പുതിയ പടം തന്നെ ആയിരിക്കും. പുതിയ എക്സ്പീരിയൻസ് തന്നെ ആയിരിക്കും,’ നടൻ പറഞ്ഞു.

ബാച്ച്ലര്‍ പാര്‍ട്ടി ഡ്യൂ.Photo: Screen Grab/Instagram.com

വേദിയിൽ വെച്ച് നടൻ ടൊവിനോ തോമസിനെക്കുറിച്ചും നസ്‌ലെന്‍ സംസാരിക്കുകയും അദ്ദേഹത്തോട് നന്ദി പറയുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വേഷത്തെക്കുറിച്ചും ഡെഡിക്കേഷനെക്കുറിച്ചുമാണ് നസ്‌ലെന്‍ പരാമർശിച്ചത്.

‘പടത്തിൽ ട്രെയിലറിനെക്കാളും ടൊവി ചേട്ടൻ സിനിമയിൽ കൂടുതലുണ്ട്. നമ്മളായിട്ട് ടൊവി ചേട്ടനെ പറ്റി കൂടുതൽ പറയേണ്ട ആവശ്യമില്ല. സിനിമയിൽ പുള്ളി ഓൾറെഡി ചെയ്തു വെച്ചിട്ടുണ്ട്. പിന്നെ ഒരു കാര്യമുള്ളത് പുള്ളി വന്ന് ചെയ്ത ഡെഡിക്കേഷനും കാര്യങ്ങളുമൊക്കെയാണ്. നമ്മൾ അതെന്തായാലും എടുത്ത് പറയണം എന്നെനിക്ക് തോന്നുന്നു. ഒരു ഷോട്ടിനു വേണ്ടി രാത്രി മുതൽ വെളുപ്പിന് വരെ പുള്ളി അഭിനയിച്ചു. അത് വലിയൊരു ആക്ഷൻ കൊറിയോഗ്രഫി ആയിരുന്നു. വളരെ കഷ്ടപ്പെട്ട് അത്രയും ഡെഡിക്കേറ്റഡ് ആയിട്ട് കൂടെ നിന്നിട്ടുണ്ട് പുള്ളി. താങ്ക്യൂ ടൊവി ചേട്ട,’ നസ്‌ലെന്‍ പറഞ്ഞു.

നവംബർ 19ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ രജിഷ വിജയൻ, നസ്‌ലെൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജ്യോതിർമയി, നാദിയ മൊയ്തു, ചന്തു സലിംകുമാർ, ഹൻസിക കൃഷ്ണ, ലാൽ, പാരിസ് ലക്ഷ്മി തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

Content Highlight: Naslen clarified that his character was different from Asif Ali’s and that Tovino had a larger role in the film.