അനൗൺസ്‌മെന്റ് മുതൽ തന്നെ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാച്ച്‌ലർ പാർട്ടി ഡ്യൂ. അമൽ നീരദിന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ബാച്ച്‌ലർ പാർട്ടിയുടെ സ്പിരിച്ച്വൽ സീക്വലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഓരോ ക്യാരക്ടർ പോസ്റ്ററുകളും വലിയ ഹൈപ്പായിരുന്നു സൃഷ്ടിച്ചിരുന്നത്.

ചിത്രത്തിലെ താരനിര തന്നെയായിരുന്നു ഇതിലെ പ്രധാനകാരണം. കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, നസ്‌ലെൻ, ചന്തു സലീം കുമാർ, ലാൽ, ഹൻസിക, തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ വേഷമിടുന്നത്.

ബാച്ച്‌ലർ പാർട്ടി ഡ്യൂ. Photo. IMDb

എന്നാൽ ഇപ്പോഴിതാ ‘ബാച്ച്‌ലർ പാർട്ടി ഡ്യൂ’വിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിന് പിന്നിലെ കാരണം അറിഞ്ഞപ്പോൾ തനിക്ക് വിശ്വസിക്കാനായില്ലെന്ന് പറയുകയാണ് നടി ഹൻസിക കൃഷ്ണ. അമൽ നീരദിന്റെ മുൻചിത്രമായ ‘ബോഗെയ്ൻവില്ല’യിലെ വൈറൽ ഡാൻസ് റീൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതാണ് സിനിമയിലേക്ക് തന്നെ പരിഗണിക്കാൻ കാരണമായതെന്നും താരം പറഞ്ഞു. ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് അമൽ നീരദിനോട് നേരിട്ട് ചോദിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും താരം മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘വിശ്വസിക്കാൻ പറ്റാത്ത ഒരു കാര്യം എന്താണെന്ന് വെച്ചാൽ, ഞാൻ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയപ്പോൾ അമൽ നീരദ് സാറിനോട് ചോദിച്ചു, എങ്ങനെയാണ് എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്ന്. എനിക്ക് അത് അറിയണമെന്നുണ്ടായിരുന്നു. ഒടുവിൽ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, ‘ബോഗെയ്ൻവില്ല’യിൽ ജ്യോതിർ മാമും ചാക്കോച്ചനും ഒക്കെ ചെയ്യുന്ന ഒരു ഡാൻസുണ്ടല്ലോ, അത് 2024ൽ ഭയങ്കര വൈറലായിരുന്നു. ഞാൻ ഡാൻസറായതുകൊണ്ട് ആ ഡാൻസ് കളിച്ച് ഇൻസ്റ്റഗ്രാമിൽ ഒരു റീൽ പോസ്റ്റ് ചെയ്തിരുന്നു. അത് അദ്ദേഹം കണ്ടിരുന്നുവെന്നാണ് പറഞ്ഞത്,’ ഹൻസിക പറഞ്ഞു.

തന്റെ ആ റീൽ അമൽ നീരദിന് ഇഷ്ടപ്പെട്ടിരുന്നുവെന്നും അതും തന്നെ സിനിമയിലേക്ക് പരിഗണിക്കാനുള്ള കാരണങ്ങളിലൊന്നായിരുന്നുവെന്നും ഹൻസിക വ്യക്തമാക്കി. ഒരു ഇൻസ്റ്റഗ്രാം റീൽ കണ്ടതിലൂടെ സിനിമയിലേക്ക് അവസരം ലഭിച്ചതിലുള്ള അമ്പരപ്പും സന്തോഷവും താരം പങ്കുവെച്ചു.

‘മോളുടെ റീൽ നമ്മൾ കണ്ടിരുന്നു, അത് ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്നു എന്നാണ് സാർ പറഞ്ഞത്. അപ്പോൾ ഞാൻ ആലോചിച്ചു, ഒരു റീൽ കണ്ടിട്ടാണോ ഞാൻ ഇവിടെ ഇരിക്കുന്നത് എന്ന്. അത് ഒരു പ്രധാന കാരണമായിരുന്നു. ആ റീൽ ഭയങ്കര വൈറലായിട്ടുണ്ടായിരുന്നു. ഏകദേശം 12 മില്യൺ വ്യൂസ് അതിന് ഉണ്ടായിരുന്നെന്നാണ് എന്റെ ഓർമ. അപ്പോൾ അമൽ നീരദ് സാറും അത് കണ്ടവരിൽ ഒരാളായിരുന്നു. അതിൽ എനിക്ക് ഭയങ്കര സന്തോഷം തോന്നി,’ ഹൻസിക പറഞ്ഞു.

ബാച്ച്‌ലർ പാർട്ടി ഡ്യൂ. Photo. Instagram

ഈ അവസരം തനിക്ക് മാത്രമല്ല, വീട്ടിലുള്ളവർക്കും ഏറെ സന്തോഷം നൽകിയ നിമിഷങ്ങളാണെന്നും താരം കൂട്ടിച്ചേർത്തു. അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ച്‌ലർ പാർട്ടി ഡ്യൂ’ നവംബർ 19ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ നസ്‌ലെന്റെ പെയറായാണ് ഹൻസിക അഭിനയിക്കുന്നത്.

Content Highlight:  Actress Hansika Krishna says she couldn’t believe it when she learned the reason behind getting the opportunity to act in ‘Bachelor Party Duex’