ടെല്‍ അവീവ്: അറബ് രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കുന്ന ജൂത രാഷ്ട്രീയക്കാരെ കൊല്ലുന്നത് മതപരമായി അനുവദനീയമാണെന്ന മുതിര്‍ന്ന റബ്ബിയുടെ വിവാദ നിലപാടില്‍ നിന്ന് അകന്ന് ചബാദ്-ലുബാവിച്ച് ഹസിഡിക് പ്രസ്ഥാനം.

ഇസ്രഈലിലെ ഫലസ്തീന്‍ പൗരന്മാരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന ജൂത രാഷ്ട്രീയക്കാരെ ‘ദിന്‍ റോഡെഫ്’ എന്ന താല്‍മുഡിക് തത്വത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താമെന്ന റബ്ബി ഗെഡാലിയ ആക്സല്‍റോഡിന്റെ പ്രസ്താവനയാണ് വിവാദമായത്.

പ്രസ്താവനയ്‌ക്കെതിരെ രാഷ്ട്രീയ നേതാക്കളും മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്. ആക്സല്‍റോഡിനെതിരെ ക്രിമിനല്‍ അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ഹൈഫ റബ്ബിനിക്കല്‍ കോടതിയുടെ മുന്‍ മേധാവിയായിരുന്ന ഗെഡാലിയ ആക്സല്‍റോഡ് ഈ ആഴ്ച ആദ്യം പുറത്തിറക്കിയ കൈയെഴുത്തു കത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

അറബ് പാര്‍ട്ടികളുമായി സഹകരിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന ജൂത രാഷ്ട്രീയക്കാര്‍ ‘ദിന്‍ റോഡെഫ്’ എന്ന മതനിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

അറബ് പാര്‍ട്ടികളുമായുള്ള സഹകരണം വിശുദ്ധ നാട്ടിലും ലോകമെമ്പാടുമുള്ള ജൂതന്മാരുടെ ജീവന് വലിയ അപകടമുണ്ടാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

മറ്റൊരാളുടെ ജീവന് ആസന്നമായ ഭീഷണിയുയര്‍ത്തുന്ന വ്യക്തിയെ തടയാന്‍ മാരകമായ ബലപ്രയോഗം പോലും അനുവദിക്കുന്നതാണ് ‘ദിന്‍ റോഡെഫ്’ എന്ന താല്‍മുഡിക് തത്വം.

ജൂത മതനിയമത്തില്‍ ഒരാളെ ‘റോഡെഫ്’ അഥവാ പിന്തുടരുന്നവന്‍ എന്ന് വിശേഷിപ്പിക്കുന്നത് മറ്റൊരാളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ്. ഇത്തരമൊരാളെ ഏത് വിധേനയും തടയാമെന്നാണ് ഈ സിദ്ധാന്തത്തിന്റെ വ്യാഖ്യാനം.

1995ല്‍ ഇസ്രഈല്‍ പ്രധാനമന്ത്രി യിത്സാക് റാബിനെ കൊലപ്പെടുത്തിയ യിഗല്‍ അമീര്‍, കൊലപാതകത്തെ ന്യായീകരിക്കാന്‍ ഇതേ മതസിദ്ധാന്തം ഉപയോഗിച്ചിരുന്നു. ഓസ്ലോ സമാധാന കരാറുകള്‍ പിന്തുടരുന്നത് ജൂതന്മാരുടെ ജീവന് ഭീഷണിയാണെന്ന തീവ്ര റബ്ബിമാരുടെ വാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അമീറിന്റെ നിലപാട്. ഈ ചരിത്ര പശ്ചാത്തലമാണ് ആക്സല്‍റോഡിന്റെ പുതിയ പ്രസ്താവനയെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നത്.

റബ്ബി ആക്സല്‍റോഡിന്റെ നിലപാടിനെ ചബാദ്-ലുബാവിച്ച് പ്രസ്ഥാനത്തിന്റെ നേതൃത്വം ഉടന്‍തന്നെ തള്ളിപ്പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പ്രസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് ഇസ്രഈലിലെ ചബാദ് വക്താവ് റബ്ബി ഷിമി സെഗല്‍ വ്യക്തമാക്കി.

ചബാദിന്റെ ഔദ്യോഗിക ഹലാഖിക് (ജൂത മതനിയമം) നിലപാടുകള്‍ നിര്‍ണയിക്കുന്നത് പ്രസ്ഥാനത്തിന്റെ റബ്ബിനിക്കല്‍ കോടതിയാണെന്നും റെബ്ബെയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആക്സല്‍റോഡ് ഈ കോടതിയിലെ അംഗമല്ലെന്നും ചബാദിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന് സ്ഥാനമില്ലെന്നും സെഗല്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകളും കത്തുകളും വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചബാദുമായി ബന്ധപ്പെട്ട ഒരു വെബ്സൈറ്റ് ആക്സല്‍റോഡിനെ ‘വിശുദ്ധ നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ചബാദ് റബ്ബിമാരില്‍ ഒരാള്‍’ എന്ന് വിശേഷിപ്പിച്ചിട്ടുള്ളതും റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

തന്റെ കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഖേദമില്ലെന്നാണ് ആക്സല്‍റോഡിന്റെ പ്രതികരണം. ‘തോറ എന്നെ അതിന് നിര്‍ബന്ധിക്കുന്നു. ഇത് എളുപ്പമാകില്ലെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ തോറ നിര്‍ബന്ധിക്കുമ്പോള്‍ ഞങ്ങള്‍ മുന്നോട്ടുപോകും. ഞങ്ങള്‍ ജൂതന്മാരാണ്, ത്യാഗങ്ങള്‍ ചെയ്യുന്നു,’ എന്നാണ് വല്ല വാര്‍ത്താ ഏജന്‍സിയോട് അദ്ദേഹം പറഞ്ഞത്. താന്‍ സ്വന്തം നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്സല്‍റോഡിന്റെ പ്രസ്താവനയില്‍ ക്രിമിനല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി ജോയിന്റ് ലിസ്റ്റിലെ ഏക ജൂത അംഗമായ എം.കെ ഓഫര്‍ കാസിഫ് രംഗത്തെത്തി. ഇസ്രഈല്‍ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ അമിത് ഇസ്മാന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

‘തെരഞ്ഞെടുപ്പിന് ശേഷമുള്ള വളരെ നിര്‍ണായകമായ നേതൃമാറ്റ ഘട്ടത്തിലാണ് നമ്മള്‍. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയോ അതിന് പ്രേരിപ്പിക്കുകയോ അത്തരം കൊലപാതകങ്ങളെ നിയമവിധേയമാക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ഈ ഘട്ടത്തില്‍ നിയമപാലകര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം,’ കാസിഫ് കത്തില്‍ വ്യക്തമാക്കി.

ആധികാരികവും പൊതുസമൂഹത്തില്‍ സ്വാധീനമുള്ളതുമായ റബ്ബിനിക് വ്യക്തി എന്ന നിലയില്‍ ആക്സല്‍റോഡിന്റെ പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇസ്രഈലിന്റെ മുന്‍ സുരക്ഷാ സേനാ-സൈനിക മേധാവികളുടെ ഒരു സംഘവും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് ഇന്റലിജന്‍സ് ഡിവിഷന്‍ മേധാവി അസിസ്റ്റന്റ് ചീഫ് ബോവാസ് ബാലെറ്റിന് ഇവര്‍ കത്തയക്കുകയും ചെയ്തു. ആക്സല്‍റോഡിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കണമെന്നാണ് കത്തിലെ ആവശ്യം. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കെതിരായ അക്രമത്തെ ന്യായീകരിക്കുന്ന പ്രസ്താവനകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പരാജയപ്പെടുന്നത് മറ്റൊരു രാഷ്ട്രീയ കൊലപാതകത്തിന് വഴിയൊരുക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

അറബ് പാര്‍ട്ടികളുമായി സഹകരിക്കുന്നതിനെതിരായ ആക്സല്‍റോഡിന്റെ പ്രസ്താവന ഇസ്രഈലിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും ശ്രദ്ധേയമാണ്. മന്‍സൂര്‍ അബ്ബാസിന്റെ നേതൃത്വത്തിലുള്ള റാം (യുണൈറ്റഡ് അറബ് ലിസ്റ്റ്) 2021നും 2022നും ഇടയില്‍ ബെന്നറ്റ്-ലാപിഡ് സര്‍ക്കാരിന്റെ ഭാഗമായിരുന്നു.

റാമും ജോയിന്റ് ലിസ്റ്റും അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ യാഷര്‍ പാര്‍ട്ടി നേതാവ് ഗാഡി ഐസെന്‍കോട്ടിനെ പിന്തുണച്ചിട്ടുണ്ട്. ഹമാസിനെ തീവ്രവാദ സംഘടനയായി അംഗീകരിക്കുന്നതടക്കമുള്ള ചില നിബന്ധനകള്‍ പാലിക്കുകയാണെങ്കില്‍ അറബ് പാര്‍ട്ടികളെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാമെന്ന് ഐസെന്‍കോട്ടും സൂചിപ്പിച്ചിരുന്നു.

ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് അറബ് പാര്‍ട്ടികളുമായി സഹകരിക്കുന്ന ജൂത രാഷ്ട്രീയക്കാരെ ‘ദിന്‍ റോഡെഫ്’ എന്ന സിദ്ധാന്തത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താമെന്ന ആക്സല്‍റോഡിന്റെ പ്രസ്താവന പുറത്തുവന്നത്.

മതപരമായ അധികാരവും രാഷ്ട്രീയ നിലപാടുകളും ഉപയോഗിച്ച് ജനപ്രതിനിധികള്‍ക്കെതിരായ അക്രമത്തെ ന്യായീകരിക്കാനുള്ള ശ്രമമായാണ് പ്രസ്താവനയെ വിമര്‍ശകര്‍ കാണുന്നത്.

Content Highlight: Senior Chabad rabbi condones killing Jewish politicians who work with Arabs