ന്യൂദല്‍ഹി: കൊവിഡ്-19 മഹാമാരി കൈകാര്യം ചെയ്തതിലും 2020 മാര്‍ച്ചില്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിലും നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന ബോളിവുഡ് നടന് നസറുദ്ദീന്‍ ഷാ.
ലോക്ക്ഡൗണ്‍ പ്രഖ്യാപന വേളയില്‍ സര്‍ക്കാര്‍ ‘നിസംഗതയുടെ മനോഭാവമാണ്’ പ്രകടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരിക്കാലത്ത് ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും നേരിട്ട അനുഭവങ്ങള്‍ രേഖപ്പെടുത്തിയ ‘ട്രസ്റ്റ് ഇന്‍ എ ടൈം ഓഫ് ക്രൈസിസ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് പ്രതിസന്ധിക്കിടയില്‍ സ്വന്തം ജീവന് പണയപ്പെടുത്തി പോരാടിയ ആരോഗ്യപ്രവര്‍ത്തകരെ അദ്ദേഹം പ്രശംസിച്ചു. ഡോക്ടര്‍മാര്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കുന്നത് കേള്‍ക്കുന്നത് വിജ്ഞാനപ്രദവും അതേസമയം അസ്വസ്ഥത ഉളവാക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
‘അടുത്ത പൊതുജനാരോഗ്യ അടിയന്തരാവസ്ഥയോ മറ്റേതെങ്കിലും ദുരന്തമോ വ്യത്യസ്തമായ രീതിയിലായിരിക്കും ഉണ്ടാവുക. അതിന് വ്യത്യസ്തമായ കഴിവുകളും പരിഹാരങ്ങളും, ഒരുപക്ഷേ ഒരുപക്ഷേയല്ല, തീര്‍ച്ചയായും വ്യത്യസ്തമായ നേതൃത്വവും ആവശ്യമായി വരും,’ ഷാ പറഞ്ഞു.
‘എന്നില്‍ നിന്ന് ഒരു സഹായവും പ്രതീക്ഷിക്കേണ്ട, ഞാന്‍ എന്റെ താടിയും മുടിയും വളര്‍ത്താന്‍ പോവുകയാണ് എന്ന മട്ടിലുള്ള ഒരു മനോഭാവത്തോടെയാണ് ആ പ്രഖ്യാപനം നടത്തിയത്,’ പ്രധാനമന്ത്രിയുടെ ലോക്ഡൗണ്‍ പ്രഖ്യാപനത്തെക്കുറിച്ച് അദ്ദേഹം പരിഹസിച്ചു.
2020 മാര്‍ച്ച് 24 നായിരുന്നു 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അദൃശ്യനായ ശത്രുവിനെതിരായ പോരാട്ടത്തില്‍ ജീവന് ബലിയര്‍പ്പിച്ച ആരോഗ്യപ്രവര്‍ത്തകരെ ‘രക്തസാക്ഷികള്‍’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഒരു അഭിനേതാവിന് ഏറ്റവും കൂടുതല്‍ വേണ്ടത് ഭാവനയാണെന്നും എന്നാല്‍ പി.പി.ഇ കിറ്റുകള്‍ ധരിച്ച് അവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്റെ ഭാവന പോലും പരാജയപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അസ്വസ്ഥതകളും ചൂടും ജോലിഭാരം മൂലമുള്ള തളര്‍ച്ചയും ഒന്നും നിങ്ങളെ തളര്‍ത്തിയില്ല. എന്റെ ഹൃദയം ആദരവ് കൊണ്ട് നിറയുകയാണ്. നിങ്ങള്‍ എടുത്ത പ്രതിജ്ഞ നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു,’ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും അഭിനന്ദിച്ചുകൊണ്ട് നസറുദ്ദീന്‍ ഷാ വ്യക്തമാക്കി.
Content Highlight: Modi showed indifference during the Covid period: Naseeruddin Shah
