ന്യൂദല്‍ഹി: വായുമലിനീകരണത്തിന് സംസ്ഥാന അതിര്‍ത്തികളില്ലെന്നും ദല്‍ഹി ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍.സി.ആര്) മലിനീകരണ നിയന്ത്രണ പരിപാടികള്‍ ഏകോപിതമായി നടപ്പിലാക്കണമെന്നും കേന്ദ്ര വനംപരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവ്.
ദല്‍ഹി എന്‍.സി.ആറിലെ വായുമലിനീകരണം കുറയ്ക്കുന്നതിനായി ദല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന് സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ ശനിയാഴ്ച ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.
മലിനീകരണ നിയന്ത്രണ നടപടികളുടെ നടത്തിപ്പ് ഉറപ്പാക്കാന്‍ മൂന്ന് സംസ്ഥാനങ്ങളിലായി 15 നഗരങ്ങളിലും സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് മന്ത്രി നിര്‍ദേശിച്ചു.
ഇവര്‍ നേരിട്ട് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നടപടികള്‍ വിലയിരുത്തുകയും ആഴ്ച തോറും വായു ഗുണനിലവാര കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുകയും വേണം.
പഴയതും മലിനീകരണം സൃഷ്ടിക്കുന്നതുമായ വാഹനങ്ങല്ക്കെതിരായ നടപടി ശക്തമാക്കാന്‍ ഇന്ധന സ്റ്റേഷനുകളില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ ക്യാമറകള്‍ സ്ഥാപിക്കാനും സംസ്ഥാനങ്ങള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നവംബര്‍ 30നകം നിര്‍ദേശം നടപ്പിലാക്കിയില്ലെങ്കില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.
തലസ്ഥാനത്തെ വായുമലിനീകരണം കഴിഞ്ഞ കുറച്ച് ആഴ്ചകളായി വളരെ മോശം നിലയിലായിരുന്നു. ഇത് ശരിയായ രീതിയില്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്ന രൂക്ഷവിമര്‍ശനങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ടിരുന്നു.
ശനിയാഴ്ച എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 400 കടന്നിരുന്നു. പ്രശ്നങ്ങള്‍ക്കിടയില്‍ കേന്ദ്രമന്ത്രി മൗനം പാലിക്കുന്നതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
അബ്കി ബാര്‍ എ.ക്യു.ഐ 400 പാര് എന്ന് പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ച അബ്കി ബാര്‍ 400 പാര് എന്ന മുദ്രാവാക്യം രാജ്യതലസ്ഥാനത്തെ എ.ക്യു.ഐയുടെ കാര്യത്തില്‍ ശരിയായെന്നായിരുന്നു പരിഹാസം.
Content Highlight: Union Minister Bhupendar Yadav says air pollution has no state boundaries and coordinated action is needed.
