പാരീസ്: കുതിച്ചുയരുന്ന ജീവിതച്ചെലവും കുറഞ്ഞ വേതനത്തിനും പൊലീസ് അതിക്രമങ്ങൾക്കുമെതിരെ പാരീസ് അടക്കമുള്ള ഫ്രാൻസിലെ നഗരങ്ങളിലെ വാരാന്ത്യ പ്രതിഷേധം തുടരുന്നു.

കഴിഞ്ഞ ദിവസം ഒരു ലക്ഷത്തിലധികം ആളുകൾ തെരുവിലിറങ്ങിയതായി റിപ്പോർട്ടുകളുണ്ട്. മുൻ വാരാന്ത്യ പ്രതിഷേധങ്ങളെക്കാൾ ശനിയാഴ്ച നടന്ന പ്രതിഷേധത്തിൽ പോളിങ് കുറഞ്ഞതായി അധികൃതർ പറഞ്ഞെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

രാജ്യവ്യാപകമായി 106000 പേർ പ്രതിഷേധങ്ങളിൽ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തു. പാരീസിൽ 24000 പേർ പങ്കെടുത്തെന്നും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ആഴ്ച പാരീസിൽ 46000 പേരും രാജ്യവ്യാപകമായി 146000 പേരും പങ്കെടുത്തെന്നും അതിൽ നിന്നും ഇന്നലെ (ശനി) പ്രതിഷേധക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തു.

മുൻ വാരാന്ത്യ പ്രതിഷേധങ്ങളെ അപേക്ഷിച്ച് അറസ്റ്റ് ചെയ്തവരുടെ കണക്കുകൾ കുറവായിരുന്നെന്നും തലസ്ഥാനത്ത് 45 പേരെയും രാജ്യത്തുടനീളം 219 പേരെ കസ്റ്റഡിയിലെടുത്തെന്നും മന്ത്രാലയം അറിയിച്ചു.

24000 പേർ തെരുവിലിറങ്ങിയ പാരീസിൽ പ്രതിഷേധ പരിപാടിയുടെ ഭൂരിഭാഗം അന്തരീക്ഷവും ശാന്തമായിരുന്നെന്നും മാർച്ചിന്റെ അവസാനത്തോടെ ചില ഏറ്റുമുട്ടലുകൾ ഉണ്ടായെന്നും റിപ്പോട്ടുകളുണ്ട്.

പാരീസ്, മാർസെ, ലിയോൺ, നാന്റസ്, ബോർഡോ നഗരങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒരു മാസത്തിലേറെയായി ഫ്രാൻസിൽ വാരാന്ത്യ പ്രതിഷേധങ്ങൾ തുടരുകയാണ്. പ്രധാനമായും ഉയർന്ന ജീവിത ചെലവ് , കുറഞ്ഞ വേതനം, രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ എന്നിവയ്‌ക്കെതിരെയാണ് പ്രതിഷേധം.

യെല്ലോ വെസ്റ്റ് സംഘടനാ പ്രവർത്തകർ, ട്രേഡ് യൂണിയനുകൾ, വിദ്യാർത്ഥികൾ എന്നിവർ ഫ്രാൻസിലെ പ്രതിഷേധത്തിൽ പങ്കാളികളാണ്.

തുടക്കത്തിൽ ഉയർന്ന ജീവിത ചെലവ്, അസമത്വം, മോശമാകുന്ന പഠന സാഹചര്യങ്ങൾ എന്നിവയായിരുന്നു പ്രതിശേഷത്തിന്റെ പ്രധാന വിഷയങ്ങൾ. പിന്നീടുണ്ടായ പോലീസ് അതിക്രമങ്ങളെ തുടർന്ന് പൗരാവകാശങ്ങൾക്കും പ്രതിഷേധിക്കാനുള്ള അവകാശത്തിനും പ്രതിഷേധക്കാർ ആവശ്യപ്പെടുകയായിരുന്നു.

Content Highlight: Protests continue; over 100,000 people take to the streets in France