ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകരുടെ പ്രതീക്ഷ ഒട്ടും കുറക്കാതെ കൊണ്ടുപോകുന്ന ചിത്രമാണ് ഓം. അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷാണ് നായകന്‍. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും ഓമില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സിയാ കാര്‍ത്തികേയന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഓമില്‍ അവതരിപ്പിക്കുന്നത്.

താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവന്ന ടീസറിന് വന്‍ വരവേല്പായിരുന്നു ലഭിച്ചത്. ഏഴ് വര്‍ങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തമിഴ് സിനിമയുടെ ഭാഗമാകുന്നത്. നായകനൊപ്പം കട്ടക്ക് നില്‍ക്കുന്ന കഥാപാത്രമാണ് സിയാ കാര്‍ത്തികേയനെന്ന് ടീസറും ട്രെയ്‌ലറും അടിവരയിടുന്നു. ഒരുപാട് നിര്‍ബന്ധിച്ചതിന് ശേഷമാണ് മമ്മൂട്ടി ഓമിന് സമ്മതം മൂളിയതെന്ന് സംവിധായകന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ മമ്മൂട്ടി കഥാപാത്രത്തിലേക്ക് ഇന്‍ ആകുന്ന പ്രോസസ്സ് എങ്ങനെയാണെന്ന് വിവരിക്കുകയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി. കഥ കേട്ട് ഓക്കെ പറഞ്ഞപ്പോള്‍ സന്തോഷമായെന്നും ഷൂട്ടിന് മുമ്പ് തന്നെ കൊച്ചിയിലേക്ക് വിളിച്ചെന്നും രാജ്കുമാര്‍ പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ട് എന്നോട് മുഴുവന്‍ സ്‌ക്രിപ്റ്റ് പറയാന്‍ ആവശ്യപ്പെട്ടു. ഓരോ കഥാപാത്രത്തിന്റെയും ഡയലോഗ് അടക്കം എന്നെക്കൊണ്ട് പറയിപ്പിച്ചു. അദ്ദേഹത്തിന്റെ കഥാപാത്രം എങ്ങനെയാണെന്ന് അറിയുന്നതിന് പകരം ബാക്കി കഥാപാത്രങ്ങളെക്കുറിച്ചും അറിയണമെന്നായിരുന്നു അദ്ദേഹത്തിന്. ആദ്യത്തെ ദിവസം എന്നെക്കൊണ്ട് ഫസ്റ്റ് ഹാഫ് മാത്രമേ പറയിപ്പിച്ചുള്ളൂ.

രണ്ടാമത്തെ ദിവസം സെക്കന്‍ഡ് ഹാഫ് മുഴുവന്‍ പറയിപ്പിച്ചു. അങ്ങനെ കഥ മുഴുവന്‍ അദ്ദേഹത്തിന് നല്ല രീതിയില്‍ കണക്ടായി. അടുത്ത ദിവസം മമ്മൂട്ടി സാറിന്റെ ഡയലോഗ് മാത്രം പറയിപ്പിച്ചു. അങ്ങനെ രണ്ടര ദിവസം കൊണ്ട് കാര്‍ത്തികേയന്‍ എന്ന കഥാപാത്രത്തെ അദ്ദേഹം കംപ്ലീറ്റായി മനസിലാക്കി. അതാണ് സാറിന്റെ പ്രോസസ്സ്,’ രാജ്കുമാര്‍ പെരിയസാമി പറയുന്നു.

ക്യാരക്ടര്‍ ടീസറിലെ പ്രധാന ഡയലോഗ് അവസാന നിമിഷമാണ് എഴുതിയതെന്നും സംവിധായകന്‍ പറഞ്ഞു. സ്‌ക്രിപ്റ്റില്‍ അങ്ങനെയൊരു ഡയലോഗ് ഇല്ലായിരുന്നെന്നും ലാസ്റ്റ് മിനിറ്റില്‍ ചേര്‍ത്താല്‍ മമ്മൂട്ടി ദേഷ്യപ്പെടുമോ എന്ന് പേടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മമ്മൂട്ടിക്ക് ആ ഡയലോഗ് ഇഷ്ടപ്പെട്ടെന്നും അദ്ദേഹത്തിന്റേതായ രീതിയില്‍ അത് പ്രസന്റ് ചെയ്‌തെന്നും രാജ്കുമാര്‍ പെരിയസാമി പറയുന്നു.

Content Highlight: Rajkumar Periasamy about Mammootty’s script reading process