റിലീസിന് മുമ്പുള്ള ബോക്‌സ് ഓഫീസ് പ്രവചനങ്ങളെ കാറ്റില്‍ പറത്തി കേരള ബോക്‌സ് ഓഫീസില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ് പാന്‍ വേള്‍ഡ് ചിത്രം രാമായണ. ലിമിറ്റഡ് സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാമത്തെ വാരത്തിലേക്ക് കടക്കുമ്പോള്‍ റെക്കോഡ് കളക്ഷനാണ് ഇതിനോടകം നേടിയത്.

ഒരു ബോളിവുഡ് ചിത്രത്തിന്റെ കേരളത്തിലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ ഇതിനോടകം രാമായണ സ്വന്തം പേരിലാക്കിക്കഴിഞ്ഞു. കേരളത്തില്‍ നിന്ന് മാത്രം 20 കോടി, 25 കോടി നേടുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് രാമായണ. ധുരന്ധര്‍ 2ന്റെ കളക്ഷനാണ് രാമയണ തകര്‍ത്തെറിഞ്ഞത്. ഇതുവരെ 32 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയത്.

രണ്ടാമത്തെ വെള്ളിയാഴ്ചയില്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം ആറ് കോടിയിലേറെ നേടിക്കഴിഞ്ഞു. ദീപാവലി റിലീസില്‍ ക്ലാഷിനെത്തിയ സീനുമായി കട്ടക്ക് കോമ്പറ്റീഷന്‍ നല്‍കാന്‍ രാമായണക്ക് സാധിക്കുന്നുണ്ട്. ഇതുവരെ 32 കോടി നേടിയ ചിത്രം അടുത്ത ആഴ്ചയോടെ 50 കോടി നേടിയേക്കുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍.

കേരളത്തില്‍ നിന്ന് 50 കോടി നേടാനായാല്‍ ഒരു അപൂര്‍വ നേട്ടവും രണ്‍ബീറിനെ കാത്തിരിക്കുന്നുണ്ട്. മമ്മൂട്ടിക്ക് മുമ്പ് കേരള ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടി നേടുന്ന നടന്മാരുടെ ലിസ്റ്റിലാകും രണ്‍ബീര്‍ ഇടംപിടിക്കുക. മോഹന്‍ലാല്‍, നിവിന്‍ പോളി, രജിനികാന്ത്, യഷ്, പ്രഭാസ്, പൃഥ്വിരാജ്, നസ്‌ലെന്‍, റിഷബ് ഷെട്ടി, ഫഹദ് ഫാസില്‍, ടൊവിനോ തുടങ്ങി പല താരങ്ങളും ഇടംപിടിച്ച ലിസ്റ്റില്‍ മമ്മൂട്ടിക്ക് മാത്രം ഇതുവരെ കയറാനായിട്ടില്ല.

100 കോടി ക്ലബ്ബിലും ഇതുവരെ മമ്മൂട്ടിയുടെ ഒരു സിനിമ പോലുമില്ലാത്തതും പലരും ഇതിനൊപ്പം ചൂണ്ടിക്കാണിക്കുന്നു. 47 കോടി നേടിയ ഭീഷ്മ പര്‍വമാണ് കേരളത്തില്‍ മമ്മൂട്ടിയുടെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍. പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ച പല സിനിമകളുണ്ടായിട്ടും ഒന്നിനും ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിക്കാറില്ല. പ്രീ റിലീസ് പ്രൊമോഷനില്‍ നിര്‍മാതാക്കള്‍ കാണിക്കുന്ന അലസതയും പ്രോപ്പര്‍ റിലീസ് ഡേറ്റ് ഇല്ലാത്തതുമാണ് ബോക്‌സ് ഓഫീസില്‍ മമ്മൂട്ടിക്ക് തിളങ്ങാന്‍ സാധിക്കാത്തതിന്റെ കാരണം.

കണ്ണൂര്‍ സ്‌ക്വാഡ് പോലെ ഗംഭീര പൊട്ടന്‍ഷ്യലുള്ള സിനിമക്ക് 100 കോടി ക്ലബ്ബില്‍ കയറാനാകാത്തത് മമ്മൂട്ടിക്കമ്പനിയുടെ പ്രൊമോഷനില്ലായ്മ കാരണമാണ്. അണിയറയിലൊരുങ്ങുന്ന മേളയിലൂടെ മമ്മൂട്ടിയുടെ ബോക്‌സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ വെളിവാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ഏപ്രിലില്‍ തിയേറ്ററുകളിലെത്തും.

Content Highlight: Chances that Ramayana can collect 50 crores from Kerala Box office