തിരുവനന്തപുരം: ബാലഗോകുലം സംഘടനയുടെ പ്രസിദ്ധീകരണമായ മയില്‍പ്പീലി സംഘടിപ്പിക്കുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയതിനെ വിമര്‍ശിച്ച് ടി.എസ് ശ്യാം കുമാര്‍. ഹിന്ദുത്വം അതിന്റെ രാഷ്ട്രീയ കാര്യപരിപാടി വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നതിന്റെ ഭാഗമാണ് മയില്‍പ്പീലിയുടെ സ്‌കോളര്‍ഷിപ്പ് പരീക്ഷയെന്ന് ശ്യാംകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കേരളത്തില്‍ ഹിന്ദുത്വ സാംസ്‌കാരികതയെ സ്‌കോളര്‍ഷിപ്പ് പരീക്ഷയിലൂടെ നട്ടുപിടിപ്പിക്കാനുള്ള ശ്രമം നവോത്ഥാന ചരിത്രത്തെയും ഹിന്ദുത്വവിരുദ്ധമായ കേരളീയസാംസ്‌കാരികതയെയും വെല്ലുവിളിക്കലാണ്. അധികാരികള്‍ ഇത്തരം ശ്രമങ്ങള്‍ കൈയൊഴിഞ്ഞ് സ്വന്തം നേതാക്കളായ രാഹുല്‍ ഗാന്ധിയോടും ഖാര്‍ഗെയോടും ഐക്യപ്പെടണം. ഇല്ലെങ്കില്‍ ചരിത്രം അവരെ ഒറ്റുകാരെന്ന് മുദ്ര കുത്തുമെന്നും ശ്യാം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ മസ്തിഷ്‌കത്തെ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ കൃഷിയിടങ്ങളാക്കാനുള്ള സാംസ്‌കാരികപദ്ധതിയുടെ ഭാഗമാണ് ഈ സ്‌കോളര്‍ഷിപ്പ് പരീക്ഷ എന്നതില്‍ സംശയമില്ല. ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധി ഹിന്ദുത്വത്തിനെതിരെ പോരാടുമ്പോള്‍ കേരളത്തില്‍ ഹിന്ദുത്വ പദ്ധതികള്‍ക്ക് അനുമതി നല്‍കി വിധേയപ്പെടുന്നത് ധാര്‍മികമായി തന്നെ ഹിന്ദുത്വ വിരുദ്ധ ദേശീയപോരാട്ടങ്ങളെ നിര്‍വീര്യമാക്കുന്ന പരിപാടിയാണ്,’ ശ്യാംകുമാര്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബാലഗോകുലം കുട്ടികള്‍ക്കായി പ്രസിദ്ധീകരിക്കുന്ന മാസികയാണ് മയില്‍പ്പീലി. 2019 സെപ്റ്റംബര്‍ അഞ്ചിന് പ്രസിദ്ധീകരിച്ച ഓര്‍ഗനൈസറില്‍ മയില്‍പ്പീലിയെ ബാലഗോകുലത്തിന്റെ അനുഗ്രഹത്തോടെ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ മാസിക എന്നാണ് വിശേഷിപ്പിക്കുന്നത്. 2019 ഓഗസ്റ്റ് 25 ന് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് മയിപ്പീലിക്കൂട്ടത്തിലെ കുട്ടികളുകളുമായി സംവദിച്ചതും മയില്‍പ്പീലിയുടെ ഓണം പതിപ്പ് മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തതും ഓര്‍ഗനൈസര്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആര്‍.എസ്.എസുമായി മയില്‍പ്പീലിക്കുള്ള ബന്ധം ഇതില്‍ നിന്നു തന്നെ സുവ്യക്തമാണ്. കുട്ടികളിലെ ഹിന്ദുത്വ സാംസ്‌കാരിക ബോധത്തിന്റെ നിര്‍മിതിയാണ് മാസിക ലക്ഷ്യമാക്കുന്നതെന്ന് അതിന്റെ ഉള്ളടക്കം പരിശോധിച്ചാല്‍ സ്പഷ്ടമാണ്. മയില്‍പ്പീലിയുമായി ബന്ധപ്പെട്ട് നടത്തുന്ന യങ് സ്‌കോളര്‍ ഷിപ്പ് പരീക്ഷ പൊതുവിദ്യാഭ്യാസ വകുപ്പിലൂടെ നടത്താന്‍ തീരുമാനിച്ചു എന്ന വിവരമാണ് ഇപ്പോള്‍ വാര്‍ത്തകളിലൂടെ പുറത്തു വരുന്നത്. അത്യന്തം അപകടകരമായ ഹിന്ദുത്വ കാര്യപരിപാടിയാണിത്.
ദേശീയവിദ്യാഭ്യാസ നയത്തിലൂടെയും മറ്റും ഹിന്ദുത്വ നിര്‍മിതി അതിന്റെ സാംസ്‌കാരിക ലക്ഷ്യം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. യു.ജി.സിയുടെ നെറ്റിന്റെ ചോദ്യപേപ്പറില്‍ പോലും പുരാണ കേന്ദ്രിതമായ ഹിന്ദുത്വചോദ്യങ്ങളുടെ അതിപ്രസരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഹിന്ദുത്വം രാജ്യത്താകമാനം സ്വന്തം വിദ്യാലയങ്ങളിലൂടെയും മറ്റിതര നയങ്ങളിലൂടെയും അതിന്റെ രാഷ്ട്രീയ കാര്യപരിപാടി വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് മയില്‍പ്പീലിയുടെ സ്‌കോളര്‍ഷിപ്പ് പരീക്ഷ യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്താനുള്ള പദ്ധതി.
കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ മസ്തിഷ്‌കത്തെ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയകൃഷിയിടങ്ങളാക്കാനുള്ള സാംസ്‌കാരികപദ്ധതിയുടെ ഭാഗമാണ് ഈ സ്‌കോളര്‍ഷിപ്പ് പരീക്ഷ എന്നതില്‍ സംശയമില്ല. ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധി ഹിന്ദുത്വത്തിനെതിരെ പോരാടുമ്പോള്‍ കേരളത്തില്‍ ഹിന്ദുത്വ പദ്ധതികള്‍ക്ക് അനുമതി നല്‍കി വിധേയപ്പെടുന്നത് ധാര്‍മികമായി തന്നെ ഹിന്ദുത്വ വിരുദ്ധ ദേശീയപോരാട്ടങ്ങളെ നിര്‍വീര്യമാക്കുന്ന പരിപാടിയാണ്.
കേരളത്തില്‍ ഹിന്ദുത്വ സാംസ്‌കാരികതയെ സ്‌കോളര്‍ഷിപ്പ് പരീക്ഷയിലൂടെ നട്ടുപിടിപ്പിക്കാനുള്ള ശ്രമം നവോത്ഥാന ചരിത്രത്തെയും ഹിന്ദുത്വവിരുദ്ധമായ കേരളീയസാംസ്‌കാരികതയെയും വെല്ലുവിളിക്കലാണ്. അധികാരികള്‍ ഇത്തരം ശ്രമങ്ങള്‍ കൈയൊഴിഞ്ഞ് സ്വന്തം നേതാക്കളായ രാഹുല്‍ ഗാന്ധിയോടും ഖാര്‍ഗെയോടും ഐക്യപ്പെടുകയാണ് കരണീയം. ഇല്ലെങ്കില്‍ ചരിത്രം നിങ്ങളെ ഒറ്റുകാരെന്ന് മുദ്ര കുത്തും , തീര്‍ച്ച.
Content Highlight: TS Syam Kumar About Mayilpeeli Scholarship
